നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Zika Virus | കേന്ദ്രസംഘം കേരളത്തിലേക്ക്; ആവശ്യമായ എല്ലാ സഹായവും കേരളത്തിന് നല്‍കും; കേന്ദ്ര ആരോഗ്യ മന്ത്രാലയം

    Zika Virus | കേന്ദ്രസംഘം കേരളത്തിലേക്ക്; ആവശ്യമായ എല്ലാ സഹായവും കേരളത്തിന് നല്‍കും; കേന്ദ്ര ആരോഗ്യ മന്ത്രാലയം

    നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും രോഗപ്രതിരോധത്തില്‍ സംസ്ഥാനത്തെ സഹായിക്കുകയുമാണ് വിദഗ്ധ സംഘത്തിന്റെ ദൗത്യം

    Mosquito

    Mosquito

    • Share this:
      ന്യൂഡല്‍ഹി: സിക്ക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തും. സിക്ക പ്രതിരോധത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആറംഗ സംഘത്തെയാണ് കേരളത്തിലേക്ക് അയച്ചിരിക്കുന്നത്.

      കേരളത്തില്‍ നിലവില്‍ 15 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊതുക് വഴി പടരുന്നതിനാല്‍ കൂടുതല്‍ പേരിലേക്ക് വൈറസ് ബാധയുണ്ടാകാമെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുന്നു. നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും രോഗപ്രതിരോധത്തില്‍ സംസ്ഥാനത്തെ സഹായിക്കുകയുമാണ് വിദഗ്ധ സംഘത്തിന്റെ ദൗത്യം.

      അതേസമയം സിക്ക വൈറസ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്താകെ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും ആശുപത്രികളിലും കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തിനങ്ങള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. എല്ലാ ജില്ലകളിലേയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

      Also Read-Zika VIrus| സിക വൈറസ് കേരളത്തിൽ: ഗർഭിണികൾ പേടിക്കണം; വൈറസ് പടരുന്നതെങ്ങനെ, എങ്ങനെ പ്രതിരോധിക്കാം

      പനിയുള്ള ഗര്‍ഭിണികളില്‍ പരിശോധന നടത്തി സിക്ക വൈറസ് അല്ലെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. രോഗം സ്ഥിരീകരിച്ചവരുടെ യാത്ര ചരിത്രം അടക്കം പരിശോധിക്കും. സംസ്ഥാനത്ത് ലാബ് സൗകര്യം വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

      കൊതുകു നിവാരണമാണ് ഏറ്റവും പ്രധാനം. അതിനാല്‍ വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം നടത്തുന്നതാണ്. 4 മാസം വരെയുള്ള ഗര്‍ഭിണികള്‍ക്ക് സിക്ക വൈറസ് പ്രശ്‌നമാകുമെന്നാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ 5 മാസം വരെ ഗര്‍ഭിണികളായവരില്‍ പനിയുണ്ടെങ്കില്‍ അവര്‍ക്ക് സിക്ക വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

      എല്ലാ ആശുപത്രികളും ജാഗ്രത പാലിക്കണം. മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേയുള്ള കേസുകള്‍ പബ്ലിക് ഹെല്‍ത്ത് ലാബിലും പരിശോധിക്കാനുള്ള സംവിധാനമുണ്ടാക്കും. പരിശീലനവും ബോധവത്ക്കരണവും സംഘടിപ്പിക്കുന്നതാണ്. സ്വകാര്യ ആശുപത്രികളേയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുമെന്ന് മന്ത്രി അറിയിച്ചു.

      Also Read-Covid 19| പത്തിൽ താഴാതെ ടിപിആർ; സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്

      പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകള്‍ എന്നിവ കണ്ടാല്‍ സിക്കയല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ സംസ്ഥാനം നേരത്തെ മുതല്‍ ഡ്രൈ ഡേ ആചരിച്ചു വരുന്നു. ഈയൊരു സാഹചര്യത്തില്‍ ഡ്രൈ ഡേ ശക്തിപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

      അതേസമയം, തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്നും നേരത്തെയയച്ച 19 സാമ്പിളുകളില്‍ 13 പേര്‍ക്ക് സിക്ക പോസിറ്റീവാണെന്ന് എന്‍.ഐ.വി. പൂനയില്‍ നിന്നും സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരാണ് രോഗം ബാധിച്ചവര്‍. ഇവര്‍ നഗരത്തിലുള്ള ആശുപത്രിക്ക് സമീപമായാണ് താമസിച്ചിരുന്നത്. അവര്‍ താമസിച്ച നഗരത്തിലെ പ്രദേശവും അവരുടെ യാത്രാ ചരിത്രവും പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കുന്നതാണ്.

      Also Read-Covid Vaccination | രാജ്യത്ത് ഇതുവരെ 36 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു; കേന്ദ്ര സര്‍ക്കാര്‍

      അനാവശ്യമായ ഭീതി വേണ്ട. അതീവ ജാഗ്രതയാണ് വേണ്ടത്. ഈഡിസ് കൊതുകുകളാണ് സിക്ക വൈറസ് പരത്തുന്നത്. സാധാരണ ഇത് കുഴപ്പമില്ലെങ്കിലും ഗര്‍ഭിണികളെ സാരമായി ബാധിക്കും. അവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വൈകല്യമുണ്ടാക്കാന്‍ സാധ്യതയേറെയാണ്. അതിനാല്‍ കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ലൈംഗിക ബന്ധത്തിലൂടേയും സിക്ക വൈറസ് പകരാന്‍ സാധ്യതയുണ്ട്. കുട്ടികളും പ്രായമായവരും ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. .
      Published by:Jayesh Krishnan
      First published:
      )}