• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുട്ടിൽ മരംകൊള്ളക്കേസ് അട്ടിമറിയിൽ ഉന്നത ഉദ്യോസ്ഥനെതിരെയുള്ള നടപടി മുഖ്യമന്ത്രിയുടെ ഓഫീസ് തടഞ്ഞു

മുട്ടിൽ മരംകൊള്ളക്കേസ് അട്ടിമറിയിൽ ഉന്നത ഉദ്യോസ്ഥനെതിരെയുള്ള നടപടി മുഖ്യമന്ത്രിയുടെ ഓഫീസ് തടഞ്ഞു

വനംവകുപ്പ് കോഴിക്കോട് സംഘടിപ്പിച്ച വനമഹോത്സവത്തില്‍ മന്ത്രി എ കെ ശശീന്ദ്രനും മുട്ടില്‍ മരംമുറിയില്‍ ആരോപണവിധേയനായ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനും വേദി പങ്കിട്ടത് വിവാദമായിരുന്നു.

  • Share this:
കോഴിക്കോട്: മുട്ടില്‍ ഈട്ടിക്കൊള്ളയില്‍ അഗസ്റ്റിന്‍ സഹോദങ്ങളുടെ പങ്ക് പുറത്തുകൊണ്ടുവന്ന അന്വേഷണ ഉദ്യോഗസ്ഥനെ കുടുക്കാന്‍ വ്യാജ റിപ്പോര്‍ട്ടുണ്ടാക്കിയെന്ന ആരോപണം നേരിടുന്നഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജന്‍ ഐഎഫ്എസിനെതിരെ വകുപ്പുതല നടപടിക്ക് ശിപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടാണ് ഫയല്‍ സഹിതം മുഖ്യമന്ത്രി മടക്കി.

മുട്ടില്‍ ഈട്ടിക്കൊള്ള അട്ടിമറിക്കാന്‍ മണിക്കുന്ന് മലയിലെ ജന്മം പട്ടയഭൂമിയിലെ മരംമുറിയില്‍ മേപ്പാടി റെയ്ഞ്ച് ഓഫീസറെ കേസില്‍ കുടുക്കാന്‍ നീക്കം നടത്തിയെന്ന പരാതിയില്‍ സാജനെതിരെ വകുപ്പുതല അന്വേഷണം നടന്നിരുന്നു.

സാജനെതിരെ വകുപ്പുതല നടപടി ശുപാര്‍ശ ചെയ്യുന്ന ഫയലാണ് ഈ 28ന് മുഖ്യമന്ത്രിയുടെ ഓഫീസ് മടക്കിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാന്‍ മാത്രം ഗൗരവം അന്വേഷണ റിപ്പോര്‍ട്ടിനില്ലന്ന് കാണിച്ചാണ് ഫയല്‍ വനംമന്ത്രിയുടെ ഓഫീസിലേക്ക് തിരിച്ചയച്ചതെന്നാണ് വിവരം.
ഉത്തരമേഖലാ സിസിഎഫ് ഡി കെ വിനോദ് കുമാര്‍, അഡി.പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജേഷ് രവീന്ദ്രന്‍ എന്നിവരുടെയെല്ലാം റിപ്പോര്‍ട്ടില്‍ മുട്ടില്‍ മരംമുറിക്കേസില്‍ സാജന്റെ ഇടപെടല്‍ വ്യക്തമാക്കിയിരുന്നു.

സാജനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഈ മാസം 12ന് വനംമന്ത്രിയ്ക്ക് വനംവകുപ്പ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത്. ചീഫ് സെക്രട്ടറി ശരിവച്ച ഫയല്‍ 20നാണ് മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. ഇതാണ് ഒരാഴ്ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് തിരിച്ചയച്ചത്. കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം സ്വദേശിയായ സാജന്‍ സിപിഎമ്മുമായി അടുത്ത ബന്ധമുള്ളയാളാണ്.

വനംവകുപ്പ് കോഴിക്കോട് സംഘടിപ്പിച്ച വനമഹോത്സവത്തില്‍ മന്ത്രി എ കെ ശശീന്ദ്രനും മുട്ടില്‍ മരംമുറിയില്‍ ആരോപണവിധേയനായ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനും വേദി പങ്കിട്ടത് വിവാദമായിരുന്നു. മുട്ടില്‍ മരം മുറിക്കേസില്‍ പ്രതികള്‍ക്ക് വേണ്ടി മേപ്പാടി റെയ്ഞ്ച് ഓഫീസറെ സാജന്‍ കള്ളക്കേസില്‍ കുടുക്കാന്‍ നീക്കം നടത്തിയെന്ന് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.മാത്രമല്ല മുഖ്യപ്രതികളെ സാജന്‍ 56 തവണ ഫോണില്‍ വിളിച്ചതിന്റെ രേഖകളും പുറത്തുവന്നിരുന്നു. വകുപ്പുതല അന്വേഷണം നേരിടുന്നതിനിടെയാണ് സാജന്‍ മന്ത്രിയ്ക്കൊപ്പം ഒരേ വേദിയിലെത്തുന്നത്. സാജന്‍ ഇപ്പോള്‍ വനംവകുപ്പിലെ ഉദ്യോഗസ്ഥനാണെന്നും കുറ്റം ചെയ്തതായി കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

മുട്ടില്‍ മംരംമുറിക്കേസില്‍ മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യാത്തതെന്താണെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ മന്ത്രി തയ്യാറായില്ല. മുട്ടില്‍ മരംമുറിക്കേസില്‍ സാജനെതിരെ റിപ്പോര്‍ട്ട് നല്‍കിയ ഉത്തരമേഖലാ സിസിഎഫ് ഡി കെ വിനോദ് കുമാറും പരിപാടിയില്‍ പങ്കെടുത്തിരുന്നു. മലാപ്പറമ്പില്‍ നടന്ന വനമഹോത്സവത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

അതേസമയം മരംകൊള്ളയുടെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ നിര്‍ത്തലാക്കിയ ആറു ഫോറസ്റ്റ് സ്റ്റേഷനുകള്‍ പുന: സ്ഥാപിക്കാന്‍ വനം മന്ത്രി നിര്‍ദേശം നല്‍കി. സ്ഥാനത്ത് ഏറ്റവും കൂടുതല്‍ മരം മുറി നടന്ന മച്ചാട് റെയ്ഞ്ചിലെ അകമല, വടക്കാഞ്ചേരിയിലെ പൂങ്ങോട്, പട്ടിക്കാട്ടെ പൊങ്ങനംകാട്, വാണിയംപാറ സ്റ്റേഷനുകള്‍ പുനസ്ഥാപിക്കാനാണ് വനം വകുപ്പ് നടപടി തുടങ്ങിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഉണ്ടാകും .

കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഇത്രയും ഫോറസ്റ്റ് സ്റ്റേഷനുകള്‍ പൂട്ടിയ ശേഷം പീച്ചി ഡിവിഷനില്‍ ലയിപ്പിച്ചത്.58 ചതുരശ്ര കിലോമീറ്റര്‍ വനംമേഖല അനാഥമാക്കിക്കൊണ്ടുള്ള ഫോറസ്റ്റ് സ്റ്റേഷന്‍ അടച്ചുപൂട്ടലിന് പിന്നില്‍ മരംകൊള്ള സംഘത്തിന്റെ ഇടപെടലാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
Published by:Jayashankar AV
First published: