കണ്ണൂർ: ജില്ലയിലെ പാലത്തായിൽ നാലാം ക്ലാസുകാരിയെ ബിജെപി നേതാവ് പീഡിപ്പിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഐ.ജി എസ് ശ്രീജിത്തിനാണ് അന്വേഷണ ചുമതല. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി കെ.വി സന്തോഷിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം നേരത്തെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു. കേസ് ഡയറിയും പരിശോധിച്ചു.
പാലത്തായി യു പി സ്കൂളിലെ അധ്യാപകനാണ് കേസിലെ പ്രതിയായ പത്മരാജൻ. ഇതേ സ്കൂളിലെ നാലാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ശുചിമുറിയിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് അന്വേഷണ വിധേയമായി ഇയാളെ സ്കൂൾ മാനേജർ സസ്പെൻഡ് ചെയ്തിരുന്നു.
പീഡനത്തിന് ഇരയായ വിദ്യാർത്ഥിനിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. കേസിന് ആസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ജനുവരി 15ന് ആയിരുന്നു. സ്കൂളിലെ ശുചിമുറിയിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ച അധ്യാപകൻ പിന്നീട് മൂന്നു തവണ കൂടി പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കി.
വിദ്യാർത്ഥിനി സ്കൂളിൽ പോകാൻ മടി കാണിച്ചതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ പുറത്തുവന്നത്. പീഡനവിവരം പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്നായിരുന്നു ഭീഷണി. പിന്നീട്, കൂട്ടിയെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരിശോധനയിൽ കുട്ടിക്ക് ആന്തരികമായി പരിക്ക് പറ്റിയിട്ടുണ്ടെന്ന് സമ്മതിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.