തിരുവനന്തപുരം: കെപിസിസി രണ്ടാം ഘട്ട പുന:സംഘടനയുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന് തിരുവനന്തപുരത്ത് നടക്കും. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കൂടിക്കാഴ്ച്ച നടത്തും. തര്‍ക്കങ്ങള്‍ താല്‍ക്കാലികമായി തീര്‍ന്ന സാഹചര്യത്തിലാണ് കെപിസിസി നേതൃത്വം മുതിര്‍ന്ന നേതാക്കളുമായി പുനസംഘടനാ ചര്‍ച്ച നടത്തുന്നത്. ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും അഭിപ്രായങ്ങള്‍ പരിഗണിച്ച് മുന്നോട്ടുപോകാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. കെപിസിസി, ഡിസിസി ഭാരവാഹി പട്ടികയിലേക്ക് ഇരു ഗ്രൂപ്പുകളും ഒന്നിച്ച് നിന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കും.
51 അംഗ കമ്മിറ്റിയിലേക്ക് തര്‍ക്കങ്ങളില്ലാതെ 47 ഭാരവാഹികളെ കണ്ടെത്തുക അത്ര എളുപ്പമാകില്ല. ഗ്രൂപ്പുകള്‍ പരിഗണിക്കില്ലെന്ന് നേതാക്കള്‍ പ്രഖ്യാപിക്കുമ്പോഴും അവസാന നിമിഷം നേതൃത്വം ഗ്രൂപ്പുകളുടെ സമ്മര്‍ദത്തിന് വഴങ്ങേണ്ടിവരും എന്നുറപ്പാണ്. മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശങ്ങള്‍ അവഗണിച്ചാല്‍ വീണ്ടും ഗ്രൂപ്പുകള്‍ കലാപ കൊടി ഉയര്‍ത്തുമെന്ന ആശങ്കയാണ് കെപിസിസി നേതൃത്വത്തിന്.
ഡിസിസി അദ്ധ്യക്ഷന്മാരെ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി എ-ഐ ഗ്രൂപ്പുകളില്‍ അസാധാരണ ഐക്യം ഉണ്ടായതെന്നതാണ് പുതിയ സാഹചര്യം.കഴിഞ്ഞ പുനസംഘടനയില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രത്യേകം പേരുകളാണ് നിര്‍ദ്ദേശിച്ചതെങ്കില്‍ ഇത്തവണ ഇരുവരും യോജിച്ചുനിന്നുളള പേരുകളാവും നല്‍കുക. ഇത് സംബന്ധിച്ച് രണ്ട് ഗ്രൂപ്പുകള്‍ക്കിടയിലും ആശയവിനിമയം സജീവമാണ്. യോജിച്ച് നിര്‍ദ്ദേശിക്കുന്ന പേരുകള്‍ പൊതുവെ അംഗീകരിക്കപ്പെടുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.
കെപിസിസി ഭാഗവാഹികളുടെ എണ്ണം എത്രയാകാമെന്ന ധാരണ നേരത്തെ തന്നെ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പുതിയസാഹചര്യത്തില്‍ ഇതില്‍ നേരിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. 47 കെപിസിസി ഭാരവാഹികളെയാണ് കണ്ടെത്തേണ്ടത്.പല പ്രമുഖര്‍ക്കും ഭാരവാഹികളാവാന്‍ കഴിഞ്ഞേക്കില്ല.പരസ്യനീക്കമില്ലെങ്കിലും അതൃപ്തരുടെ നീണ്ട നിര പാര്‍ട്ടിയിലുണ്ട്. ഇതത്രക്കാരെ ഒപ്പം നിര്‍ത്താന്‍ പുന:സംഘടനയില്‍ പരിഗണനനല്കേണ്ടിവന്നേക്കാമെന്നാണ് വിലയിരുത്തല്‍.
അതേസമയം കെ പി അനില്‍കുമാര്‍ പാര്‍ട്ടി വിട്ടതിനുശേഷമുള്ള സാഹചര്യങ്ങളും നേതാക്കളുടെ കൂടിക്കാഴ്ചയില്‍ വിഷയമാകും. കെപി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടത് ഒരു പ്രതിസന്ധിയുമുണ്ടാക്കില്ലെന്നാണ് നേതൃത്വത്തിന്റെ അവകാശവാദമെങ്കിലും പുതിയ സാഹചര്യങ്ങളില്‍ നേതാക്കള്‍ക്ക് ആശങ്കയുണ്ട്.അച്ചടക്കത്തിന്റെ വാളുയര്ത്തിയതിനാല് പ്രതികരിക്കാതിരിക്കുന്ന, പുനസംഘടനയില്‍ അതൃപ്തിയുള്ള നേതാക്കള്‍ ഇതവസരമാക്കിയേക്കുമോയെന്നതാണ് വെല്ലുവിളി.കോണ്‍ഗ്രസില്‍ നിന്നെത്തുന്നവര്‍ക്ക് സിപിഎം വാതില്‍ തുറന്നിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇതിന് സാദ്ധ്യതയേറെയാണ് താനും. കെ പി അനില്‍കുമാര്‍ പാര്ട്ടിവിട്ടതിനോട് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇതുവരെ പ്രതികരിച്ചിട്ടില്ല.
അനില്‍കുമാറിനെ അനുനയിപ്പിക്കാന്‍ അവസാന നിമിഷം വരെ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ശ്രമം നടത്തിയിരുന്നു.പുതിയ സാഹചര്യങ്ങള്‍ ഇന്ന് മുതിര്‍ന്ന നേതാക്കളുടെ കൂടികാഴ്ചയില്‍ വിഷയമാകും.പുതിയ നേതൃത്വം സ്വീകരിക്കുന്ന അച്ചടക്ക നടപടികളോട് പൊതുവില്‍ എതിര്‍പ്പുള്ള ഇരു നേതാക്കളും എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.