തിരുവനന്തപുരം: നിയമസഭയിലെ സംഘർഷവുമായി ബന്ധപ്പെട്ട് കൈക്ക് പരിക്കേറ്റ കെ കെ രമ എംഎൽഎയ്ക്ക് വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്ടർമാർ. ലിഗമെന്റിന് ആഴത്തിൽ മുറിവേറ്റെന്ന് എംആർഐ റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. ആറ് ആഴ്ച കൈയിൽ പ്ലാസ്റ്റർ തുടരണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടർ ചികിത്സ തേടുമെന്ന് കെ കെ രമ അറിയിച്ചു.
നിയമസഭയിൽ സ്പീക്കറുടെ ഓഫീസിന് മുന്നിൽ ഉണ്ടായ സംഘർഷത്തിലാണ് രമക്ക് പരിക്കേറ്റത്. ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ഇതേത്തുടർന്ന് കൈയിൽ പ്ലാസ്റ്റർ ഇടുകയും ചെയ്തു. എന്നാൽ കെ കെ രമയുടെ പരിക്ക് വ്യാജമാണെന്ന തരത്തിൽ എക്സ്റേ റിപ്പോർട്ട് ഉൾപ്പടെ ഉപയോഗിച്ച് പ്രചരണം നടത്തിയിരുന്നു. സൈബർ ആക്രമണത്തിനെതിരെ സൈബർ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് കെ കെ രമ പറഞ്ഞിരുന്നു. തനിക്കെതിരെ വ്യാജപ്രചരണം നടത്തിയർവക്കെതിരെ അപകീർത്തി കേസ് നൽകുമെന്ന് കെ കെ രമ അറിയിച്ചിട്ടുണ്ട്.
സംഘർഷമുണ്ടായ ബുധനാഴ്ച രമയുടെ കൈക്ക് പ്ലാസ്റ്ററിട്ടതിനെ പരിഹസിച്ച് ബാലുശേരി എംഎൽഎയായ സച്ചിൻദേവ് പോസ്റ്റിട്ടതിന് പിന്നാലെയാണ് സൈബർ ആക്രമണം ഉണ്ടായതെന്ന് കെ കെ രമ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കർക്കും സൈബർ പൊലീസിനും പരാതി നൽകി. സച്ചിൻ ദേവിന്‍റെ പോസ്റ്റാണ് തനിക്കെതിരായ സൈബർ ആക്രമണിത്തിന് തുടക്കമിട്ടതെന്നാണ് രമയുടെ പരാതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala assembly, Kk rema