• HOME
  • »
  • NEWS
  • »
  • kerala
  • »
  • Hema Commission Report | സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കരട് നിയമം പരിശോധനയിൽ ; സജി ചെറിയാൻ

Hema Commission Report | സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കരട് നിയമം പരിശോധനയിൽ ; സജി ചെറിയാൻ

ജസ്റ്റിസ് ഹേമ സമിതി ശുപാർശകളിൻമേൽ സിനിമാ മേഖലയിലെ വിവിധ സംഘടനകളുമായി സർക്കാർ ചർച്ച നടത്തുകയും അവ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയുമാണെന്നും മന്ത്രി അറിയിച്ചു

മന്ത്രി സജി ചെറിയാൻ

മന്ത്രി സജി ചെറിയാൻ

  • Last Updated :
  • Share this:
തിരുവനന്തപുരം : ചലച്ചിത്ര മേഖലയിൽ സ്ത്രീകൾക്കെതിരായ ചൂഷണങ്ങളില്‍ ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കി കരട് നിയമം പരിശോധനയിലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ലൈംഗികാതിക്രമത്തിനെതിരായ നടപടികളും മറ്റ് ചൂഷണങ്ങൾക്കെതിരായ നടപടികളും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾ തടയുന്നതിനായി കെ.എസ്.എഫ്.ഡി.സി. യുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന സിനിമകൾക്ക് ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുന്നുണ്ട്.ജസ്റ്റിസ് ഹേമ സമിതി ശുപാർശകളിൻമേൽ സിനിമാ മേഖലയിലെ വിവിധ സംഘടനകളുമായി സർക്കാർ ചർച്ച നടത്തുകയും അവ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയുമാണെന്നും മന്ത്രി അറിയിച്ചു. എം മുകേഷ്, കെ ഡി പ്രസേനൻ, വി കെ പ്രശാന്ത് എന്നിവരുടെ ചോദ്യങ്ങൾക്കാണ് മന്ത്രിയുടെ മറുപടി.

സംസ്ഥാനത്ത് സിനിമാ വ്യവസായത്തെ സംരക്ഷിക്കുന്നതിനായി കിഫ്ബിയുടെ ധനസഹായത്തോടെ 100 കോടി രൂപ മുതൽ മുടക്കിൽ അനുയോജ്യമായ സ്ഥലങ്ങളിൽ തിയേറ്റർ സമുച്ചയങ്ങൾ നിർമ്മിക്കുന്ന പദ്ധതിയുടെ ഭാഗമായി കായംകുളം, അളഗപ്പനഗർ, പയ്യന്നൂർ എന്നിവിടങ്ങളിലെ തിയേറ്റർ സമുച്ചയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്.വൈക്കം, പായം, കാക്കനാട്, പേരാമ്പ്ര, താനൂർ എന്നിവിടങ്ങളിൽ തിയേറ്ററുകൾ നിർമ്മിക്കുന്നതിന് കിഫ്ബിയിൽ നിന്നും അംഗീകാരം ലഭിച്ചിട്ടുണ്ട്.

തിരുവല്ലത്തെ ചിത്രാഞ്ജലി സ്റ്റുഡിയോ കിഫ്ബിയുടെ ധനസഹായത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ പുന:നിർമ്മിക്കുന്ന പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഈ പ്രോജക്റ്റ് പൂർത്തീകരിക്കപ്പെടുമ്പോൾ സിനിമാ നിർമ്മാതാക്കൾക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിത്രങ്ങൾ നിർമ്മിക്കുവാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.

കൂടാതെ ചിത്രാഞ്ജലി പാക്കേജിൽനിർമ്മിക്കുന്ന ചിത്രങ്ങൾക്ക് 5 ലക്ഷം രൂപാവരെ വ്യവസ്ഥകൾക്കു വിധേയമായി സസ്സിഡിയായി ഇപ്പോൾ നൽകി വരുന്നുണ്ട്. 2019-20 ബഡ്ജറ്റിൽ വനിതാ സംവിധായകരെ പ്രോൽസാഹിപ്പിക്കുന്നതിനായി രണ്ടു ചലച്ചിത്രങ്ങളുടെ കെ.എസ്.എഫ്.ഡി.സി.യുടെ നിർമ്മാണം നേതൃത്വത്തിൽ പൂർത്തീകരിച്ച് പ്രദർശനത്തിന് തയ്യാറാക്കിയിട്ടുണ്ടെന്നും സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു.

മണ്ണെണ്ണ ക്ഷാമം മൂലം സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു. മണ്ണെണ്ണ ലഭിക്കാത്തത് മൂലം സംസ്ഥാനത്ത് മത്സ്യമേഖലയിൽ   പ്രതിസന്ധി ഉണ്ടോ എന്ന ചോദ്യത്തിനാണ് മന്ത്രി സജി ചെറിയാൻ സഭയിൽ മറുപടി നൽകിയത്. മത്സ്യമേഖലയിൽ മണ്ണെണ്ണയുടെ ലഭ്യത കുറവ് മൂലം മത്സ്യതൊഴിലാളികൾ കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് അദ്ദേഹം സഭയെ അറിയിച്ചു.

നിലവിൽ ഒരു ലക്ഷം ടൺ മണ്ണെണ്ണ എങ്കിലും സബ്‌സിഡി കോട്ടയിൽ നൽകാൻ കഴിയണം. എന്നാൽ ആവശ്യമുള്ളതിന്റെ പകുതിപോലും മണ്ണെണ്ണ മത്സ്യത്തൊഴിലാളികൾക്ക് നൽകാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തീരശോഷണം മൂലം തിരുവനന്തപുരത്ത് മാത്രം 71 വീടുകൾ തകർന്നതായും അദ്ദേഹം പറഞ്ഞു. 12 ക്യാമ്പുകളിലായി 260പേരെ പാർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.
Published by:Arun krishna
First published: