കൊച്ചി: സ്വർണക്കടത്തു കേസില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും പ്രതിക്കൂട്ടിലാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രതികളില്‍ പ്രേരണ ചെലുത്തിയെന്ന കേസിലെ ജുഡീഷ്യല്‍ അന്വേഷണത്തെ ഹൈക്കോടതിയില്‍ എതിര്‍ത്ത് ഇഡി. കേന്ദ്ര ഏജന്‍സി ഉള്‍പ്പെട്ട കേസില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഇ ഡി കോടതിയില്‍ വാദിച്ചു. സ്വര്‍ണ്ണക്കടത്തു കേസില്‍ സമാന്തര അന്വേഷണമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്നും ഇ ഡി ആരോപിച്ചു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം പുരോഗമിക്കുന്നത് കോടതിയുടെ മേല്‍നോട്ടത്തിലാണ്. കമ്മീഷന് ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം സംസ്ഥാനങ്ങള്‍ കേന്ദ്ര ഏജന്‍സികൾക്ക് എതിരെ അന്വേഷണം നടത്താനാവില്ല. അന്വേഷണത്തില്‍ പരാതിയുണ്ടെങ്കില്‍ സര്‍ക്കാരിന് കോടതിയെ സമീപിക്കാം. ഈ സാഹചര്യത്തില്‍ ജുഡിഷ്യല്‍ അന്വേഷണം അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും ഇ ഡി കോടതിയില്‍ ആവശ്യപ്പെട്ടു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനായി സോളിസിറ്റര്‍ തുഷാർ മേത്തയാണ് കോടതിയില്‍ ഹാജരായത്. സ്വര്‍ണ്ണക്കടത്തു കേസില്‍ ഇ ഡി അന്വേഷണം തടസപ്പെടുത്തുകയാണ് ജുഡിഷ്യല്‍ അന്വേഷണത്തിന്റെ ലക്ഷ്യമെന്ന് തുഷാര്‍ മേത്ത വാദിച്ചു. കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ലെന്നും തുഷാര്‍ മേത്ത പറഞ്ഞു.
നിങ്ങൾ പൊക്കം കൂടാൻ ആഗ്രഹിക്കുന്നവരാണോ? ഈ അഞ്ച് ഭക്ഷണങ്ങൾ ശീലമാക്കൂ
അതേസമയം, ജുഡിഷ്യല്‍ കമ്മീഷന് എതിരായ ഇ ഡിയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഒരു വകുപ്പ് മാത്രമാണ്. അത്തരത്തില്‍ ഒരു വകുപ്പിന് സംസ്ഥാന സര്‍ക്കാരിനെതിരെ ഹര്‍ജി നല്കാന് കഴിയില്ല. ഹര്‍ജിയില്‍ മുഖ്യമന്ത്രിയെ കക്ഷിയാക്കിയ ഇ ഡി നടപടി അനുചിതമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സമയം തേടി. തുടര്‍ന്ന് ഇടക്കാല ഉത്തരവിനായി ഹര്‍ജി മാറ്റി.
മുഖ്യമന്ത്രി അടക്കമുള്ളവരെ സ്വര്‍ണ്ണക്കടത്തു കേസില്‍ കുടുക്കാന്‍ ഇ ഡി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഇ ഡി ക്കെതിരെ ക്രൈംബ്രാഞ്ച് രണ്ട് എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇ ഡിയുടെ ഹര്‍ജിയെ തുടര്‍ന്ന് ഈ രണ്ടു കേസുകളും ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നാലെയാണ് ജുഡിഷ്യല്‍ കമ്മീഷന് പ്രവര്‍ത്തനം ആരംഭിച്ചത്.
പ്രവർത്തിക്കുന്നത് ഗൾഫിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച്; കരിപ്പൂർ സ്വർണ്ണക്കവർച്ച കേസിൽ സൂഫിയാന്റെ നിർണായക മൊഴി
സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ, മറ്റൊരു പ്രതി സന്ദീപ് നായരുടെ കത്ത് എന്നിവയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്കാന് കഴിയുന്ന പൊതുജനങ്ങളടക്കമുള്ളവര്ക്ക് തെളിവു നല്‍കാം എന്ന് വ്യക്തമാക്കി ജുഡീഷ്യല്‍ കമ്മീഷന് കഴിഞ്ഞ ദിവസം പത്രപരസ്യം നല്‍കിയിരുന്നു. അന്വേഷണത്തില്‍ കക്ഷി ചേരുന്നതിനും താല്‍പ്പര്യമുള്ളവരെ ക്ഷണിച്ചിരുന്നു. ഈ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ മൂന്നു കക്ഷികൾ കമ്മീഷനെ സമീപിച്ചിരുന്നു.
അതേസമയം, ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കിയോ കേന്ദ്ര ഏജന്‍സികക്ക് എതിരായോ അല്ല അന്വേഷണമെന്നാണ് കമ്മീഷന് വ്യക്തമാക്കുന്നത്. പ്രതികളുടെ ശബ്ദരേഖയിലും കത്തിലും പറയുന്ന കാര്യങ്ങളില്‍ വാസ്തവമുണ്ടോയെന്ന് കണ്ടെത്തുക, സംഭവങ്ങള്‍ക്കു പിന്നില്‍ ഉദ്യോഗസ്ഥതല ഗൂഡാലോചനയുണ്ടോയെന്ന് പരിശോധിക്കുമെന്നും കമ്മീഷന് പറഞ്ഞു.
ജയിലില്‍ കഴിയവേ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ മൊഴി നല്കാന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതായാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശബ്ദരേഖയില്‍ വ്യക്തമാക്കിയിരുന്നത്. സമാനമായ പരാതിയാണ് സന്ദീപ് നായര്‍ അഭിഭാഷകന് മുഖേന പുറത്തുവിട്ട കത്തിലുമുണ്ടായിരുന്നത്. ഉദ്യോഗസ്ഥര്‍ സ്വപ്നയെ ഭീഷണിപ്പെടുത്തിയതിന് സാക്ഷിയാണെന്ന് സ്വപ്നയുടെ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു ഇ ഡിക്ക് എതിരെ ക്രൈബ്രാഞ്ച് കേസെടുത്തത്.
ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നല്കിയ ഹര്‍ജിയിലെ വാദത്തിനിടയിലും കേസില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് ഗൂഡമായ ഉദ്ദേശ്യങ്ങളുണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥരുടെ മൊഴിക്കു പിന്നില്‍ കള്ളപ്പണക്കേസ് അട്ടിമറിക്കാനുള്ള ഗൂഡാലോചനയെന്ന് ആയിരുന്നു ഇ ഡിയുടെ മറുവാദം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.