കൊച്ചി: കോവിഡ് കാലത്തിന്റെ പ്രതിസന്ധികൾക്കു ശേഷം അഞ്ചാമതു കൊച്ചി–മുസിരിസ് ബിനാലെ ഡിസംബർ 12ന് ആരംഭിക്കും. നാലു മാസം നീണ്ടുനിൽക്കുന്ന കലാമേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നുളള 90 ലധികം കലാകാരന്മാരാണ് പങ്കെടുക്കുന്നത്. രാജ്യത്തിലെ തന്നെ ഏറ്റവും വലിയ കലാപ്രദർശനമായ കൊച്ചി ബിനാലെ കാണാൻ പത്തു ലക്ഷം പേരെത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ .
12നു ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എറണാകുളം എന്നിവിടങ്ങളിലെ 14 വേദികളിലായി നടക്കുന്ന ബിനാലെയിൽ 90 വയസ്സുള്ള ഗുജറാത്തുകാരൻ താക്കോർ പട്ടേൽ അടക്കം പ്രശസ്തരായ കലാകാരന്മാരുടെ സൃഷ്ടികൾ അണിനിരക്കും.
Also read-കൊച്ചി മുസിരിസ് ബിനാലെ;ടിക്കറ്റ് 50 രൂപ മുതൽ 150 രൂപ വരെ; കൗണ്ടറിനുപുറമേ ആപ്പിലൂടെയും
ഇന്ത്യൻ വംശജയും സിംഗപ്പൂർ സ്വദേശിയുമായ ശുബിഗി റാവുവാണ് ഇത്തവണ ബിനാലെ ഒരുക്കുന്ന ക്യുറേറ്റർ. ഫോർട്ട്കൊച്ചിയിലെ ആസ്പിൻവാൾ ഹൗസ് അടക്കം പതിനഞ്ചോളം കലാ ഇടങ്ങൾ ചിത്രങ്ങളുടെയും ഇൻസുലേഷനുകളുടെയും ശിൽപങ്ങളുടെയും പ്രദർശനവേദിയായും സംഗീതവും ചർച്ചകളും ശില്പശാലകളുമെല്ലാം അടങ്ങിയ കലാമാമാങ്കത്തിന് മൂന്നുദിവസത്തെ കാത്തിരിപ്പ് മാത്രം.
ബിനാലെ ഉദ്ഘാടനത്തിനു മുന്നോടിയായി ഉച്ചയ്ക്ക് 12നു മുഖ്യവേദിയായ ആസ്പിൻവാൾ ഹൗസിൽ പതാക ഉയർത്തും. 2.30നു ബിനാലെ ക്യൂറേറ്റർ ഷുബിഗി റാവു ആമുഖ സന്ദേശം നൽകും. മൂന്നുമുതൽ പെപ്പർ ഹൗസിൽ പ്രശസ്ത ഇൻഡോനേഷ്യൻ കലാകാരി മെലാറ്റി സൂര്യധർമ്മോയുടെ ‘മുജറാദ്’ അവതരണവും ആസ്പിൻവാൾ ഹൗസിൽ പവിലിയനുകളുടെയും ആർട്ട് റൂമുകളുടെയും ഉദ്ഘാടനവും നടക്കും. നാലുമുതൽ കബ്രാൾ യാർഡ് പവിലിയനിൽ കൊച്ചി മുസിരിസ് ബിനാലെയുടെ മുൻ ക്യൂറേറ്റർമാരുടെ സംവാദം ഉണ്ടാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.