HOME » NEWS » Kerala » THE FOREST DEPARTMENT HAS STARTED A PROBE ON VLOGGER ENTERING TO IDAMALAKKUDI

യാത്രാവിവാദം: 'വ്ലോഗർക്ക് ഇടമലക്കുടിയിലേക്ക് പ്രവേശനാനുമതി ഇല്ലായിരുന്നു'; അന്വേഷണം തുടങ്ങിയെന്ന് വനംവകുപ്പ്

രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്യാത്ത പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള വ്ലോഗറുടെ യാത്ര വിവാദമായിരുന്നു.

News18 Malayalam | news18-malayalam
Updated: June 29, 2021, 4:06 PM IST
യാത്രാവിവാദം: 'വ്ലോഗർക്ക് ഇടമലക്കുടിയിലേക്ക് പ്രവേശനാനുമതി ഇല്ലായിരുന്നു'; അന്വേഷണം തുടങ്ങിയെന്ന് വനംവകുപ്പ്
Dean Sujith
  • Share this:
മൂന്നാർ: ഇടുക്കി എം.പി ഡീൻ കുര്യാക്കോസിനൊപ്പമുള്ള വ്ലോഗർ സുജിത്ത് ഭക്തന്‍റെ ഇടമലക്കുടി യാത്രയെ കുറിച്ച് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. വനംവകുപ്പിന്‍റെ അനുമതിയില്ലാതെയാണ് വ്ലോഗറുടെ യാത്രയെന്ന് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്യാത്ത പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള വ്ലോഗറുടെ യാത്ര വിവാദമായിരുന്നു. സമ്പൂർണ ലോക്ക്ഡൌൺ ദിനമായ ഞായറാഴ്ചയാണ് ഡീൻ കുര്യാക്കോസ് എം.പിക്കൊപ്പം വ്ലോഗർ ഇടമലക്കുടിയിൽ എത്തിയത്.

ഒന്നര വർഷമായി ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ആദിവാസി ഗ്രാമമാണ് ഇടമലക്കുടി. അതീവ പ്രാധാന്യമുള്ള ഇടമലക്കുടിയിലേക്ക് ട്രാവൽ വ്ലോഗർ കൂടിയായ സുജിത്ത് ഭക്തനെയുംകൊണ്ട് ഇടുക്കി എം.പി ഉല്ലാസയാത്ര നടത്തിയെന്നാണ് ആരോപണം. ഇരുവർക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എഐഎസ്എഫ് പൊലീസിൽ പരാതി നൽകി. എ ഐ എസ് എഫ് ദേവികുളം മണ്ഡലം സെക്രട്ടറി വിമൽരാജ് ആണ് മൂന്നാർ ഡി.വൈ.എസ്.പിക്കും സബ് കളക്ടർക്കുമെതിരെ പരാതി നൽകിയത്. വ്ലോഗർക്കും എം.പിക്കുമെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎമ്മും സിപിഐയും രംഗത്തെത്തിയിരുന്നു.

മാസ്ക്ക് ധരിക്കാതെ ഇടുക്കി എം.പിയും സുജിത്ത് ഭക്തനും ഇടമലക്കുടിയിൽ വെച്ചെടുത്ത ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേസമയം ട്രൈബൽ സ്കൂളിന്‍റെ നിർമ്മാണ ഉദ്ഘാടനത്തിനാണ് പോയതെന്നും, താൻ ക്ഷണിച്ചിട്ടാണ് സുജിത്ത് ഭക്തൻ വന്നതെന്നുമാണ് ഡീൻ കുര്യാക്കോസ് നൽകുന്ന വിശദീകരണം. സ്കൂളിലേക്ക് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങിനൽകാമെന്ന് സുജിത്ത് വാഗ്ദാനം ചെയ്തത് അനുസരിച്ചാണ് അദ്ദേഹത്തെ കൂട്ടിയതെന്നും എം.പി പറയുന്നു.



കോവിഡ് കേസ് റിപ്പോർട്ട് ചെയ്യാത്ത ആദിവാസി പഞ്ചായത്തിലേക്ക് പരിശോധന നടത്താതെയും കോവിഡ് മാനദണ്ഡം പാലിക്കാതെയും എംപി നടത്തിയ യാത്രയെക്കുറിച്ച് അന്വേഷണം വേണമെന്ന് സിപിഎമ്മും സിപിഐയും ആവശ്യപ്പെട്ടിട്ടുണ്ട്. അനാവശ്യമായി പുറത്തുനിന്ന് ആളെ കൊണ്ടുവന്നത് ഇടമലക്കുടിയിൽ രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് എം.പിക്കെതിരായ ആരോപണം. എം.പിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ആവശ്യപ്പെട്ടു. എംപിക്കൊപ്പം ഉല്ലാസയാത്ര നടത്തിയെന്ന് ആദ്യം തലക്കെട്ട് നൽകിയ യൂട്യൂബ് ചാനൽ ഉടമ, സംഭവം വിവാദമായതോടെ അത് മാറ്റുകയായിരുന്നുവെന്നും സിപിഐ പ്രാദേശിക നേതൃത്വം ആരോപിക്കുന്നു.



സമ്പൂർണ ലോക്ക്ഡൌൺ ദിവസമായ ഞായറാഴ്ച യൂട്യൂബറെ കൂട്ടി ട്രൈബൽ സ്കൂൾ നിർമാണ ഉദ്ഘാടനം നടത്താനെത്തിയ എം.പിയുടെ നടപടിയിൽ ദുരൂഹതയുണ്ടെന്നാണ് സിപിഎം ഉൾപ്പടെ ആരോപിക്കുന്നത്. സ്കൂളിലേക്ക് ടിവി സംഭാവന നൽകാനാണ് യൂട്യൂബർ എത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി യൂട്യൂബർ സോഷ്യൽ മീഡിയയിൽ ഫോട്ടോ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. യൂട്യൂബറുടെ കച്ചവട താൽപര്യത്തിനായി ഇടമലക്കുടിയിലെ സംരക്ഷിത വനമേഖലയുടെയും ഗോത്രവർഗ സമൂഹത്തിന്‍റെയും ദൃശ്യങ്ങൾ പകർത്താൻ എം.പി അവസരമൊരുക്കിയെന്നാണ് ആരോപണം ഉയരുന്നത്. കോവിഡ് വ്യാപനം ആരംഭിച്ചതുമുതൽ കർശനമായ നിയന്ത്രണങ്ങളാണ് ഇടമലക്കുടിയിൽ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ പുറത്തുനിന്ന് ആളുകൾ വന്നതോടെ രോഗവ്യാപനം ഉണ്ടാകുമോയെന്ന ഭീതിയിലാണ് ഇടമലക്കുടിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ആരോപിക്കുന്നു. എംപിക്കും മറ്റുമെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമെന്ന് ഡീൻ കുര്യാക്കോസ് എം.പി

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി പ്രതികരിച്ചു. ഇടമലക്കുടിയിലെ സർക്കാർ ട്രൈബൽ സ്കൂളിന്‍റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനാണ് പോയതെന്നും, താൻ ക്ഷണിച്ചിട്ടാണ് സുജിത്ത് ഭക്തൻ വന്നതെന്നുമാണ് ഡീൻ കുര്യാക്കോസ് നൽകുന്ന വിശദീകരണം. സ്കൂളിലേക്ക് ആവശ്യമായ ടെലിവിഷൻ വാങ്ങിനൽകാമെന്ന് സുജിത്ത് വാഗ്ദാനം ചെയ്തത് അനുസരിച്ചാണ് അദ്ദേഹത്തെ കൂട്ടിയതെന്നും എം.പി പറയുന്നു.
Published by: Anuraj GR
First published: June 29, 2021, 4:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories