പാലക്കാട്: കുർമ്പാച്ചിമലയിൽ വീണ്ടും ആളുകൾ കയറിയെന്ന വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഒരാളെ കണ്ടെത്തി. പ്രദേശവാസിയായ രാധാകൃഷ്ണൻ എന്നയാളാണ് കുർമ്പാച്ചി മലയിൽ (Kurumbachi Hills) കയറിയത്. വനംവകുപ്പ് (Forest department) നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് ഇയാളെ വനംവകുപ്പ് കണ്ടെത്തിയത്. രാധാകൃഷ്ണനെ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷിതമായി താഴെ എത്തിച്ചു. ഇയാളെ പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച രാത്രി എട്ടുമണിയോടെ മലമുകളിൽ നിന്നും മൊബൈൽ ഫ്ലാഷ് ലൈറ്റുകൾ തുടർച്ചയായി മിന്നുന്നത് കണ്ട നാട്ടുകാരാണ് സംഭവം വനം വകുപ്പിൻ്റെ ശ്രദ്ധയിൽപ്പെടുത്തുന്നത്. തുടർന്ന് വനം വകുപ്പ് ജീവനക്കാർ ഈ മേഖലയിലേക്ക് പോകുകയും തെരച്ചിൽ നടത്തുകയുമായിരുന്നു. കുറുമ്പാച്ചി മലയിൽ കഴിഞ്ഞ ദിവസം ബാബു കയറിയ അതേ സ്ഥലത്താണ് വീണ്ടും ആളെ കണ്ടെത്തിയത്. രണ്ടോ അതിലധികമോ ആളുകളുണ്ടെന്നാണ് പ്രാഥമിക വിവരമെങ്കിലും ഒരാളെ മാത്രമാണ് കണ്ടെത്താനായത്.
മലയിൽ നിന്നും ലൈറ്റ് അടിയ്ക്കുന്നത് കണ്ടാണ് മലയിൽ ആളുകളുടെ സാന്നിധ്യമുണ്ടെന്ന മനസ്സിലായത്. മലയിടുക്കിൽ കുടുങ്ങി രക്ഷപ്പെട്ട ബാബുവിനെയും കുറുമ്പാച്ചി മലയും കാണാൻ നിരവധി പേരാണ് ഇവിടെയെത്തുന്നത്. മല കയറിയവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് 43 മണിക്കൂറിലധികമായി മലമ്പുഴയിലെ ചെറാട് മലയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സൈന്യവും മറ്റും ചേർന്ന് സാഹസികമായി രക്ഷപെടുത്തിയത്. ബുധനാഴ്ച രാവിലെ 9.30 ന് ആരംഭിച്ച രക്ഷാപ്രവർത്തന൦ 40 മിനിറ്റ് ദൈർഘ്യമെടുത്താണ് പൂർത്തിയായത്.
മലമുകളിലെത്തിച്ച ബാബുവിനെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററിൽ കഞ്ചിക്കോട് BEML - ലെ ഹെലിപ്പാഡിൽ ഇറക്കി അവിടുന്ന് റോഡ് മാർഗം ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും അവിടെ പ്രവേശിപ്പിക്കുകയും ചെയ്തു. 43 മണിക്കൂറോളം ഭക്ഷണവും വെള്ളവുമില്ലാതെ കൊടുചൂടിയും തണുപ്പിലുമാണ് ബാബു മലമുകളിൽ കഴിച്ചുകൂട്ടിയത്.
Also Read-
Case against Babu | ബാബു മല കയറിയത് ഒരു വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം; പക്ഷെ കേസെടുക്കില്ല; നടപടി നിര്‍ത്തിവെക്കാന്‍ മന്ത്രി
മറ്റ് ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോഴാണ് സർക്കാർ ഇടപെട്ട് രക്ഷാദൌത്യത്തിനായി സൈന്യത്തെ കൊണ്ടുവന്നത്. ചൊവ്വാഴ്ച രാത്രിയോടെ സ്ഥലത്തെത്തിയ കരസേനാ സംഘം മലമുകളില്‍ എത്തി താഴെ ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വടം കെട്ടി ഇറങ്ങുകയായിരുന്നു. ബാബുവുമായി സംസാരിക്കുകയും അദ്ദേഹത്തിനും വെള്ളം നൽകുകയും ചെയ്തു. കേണല്‍ ശേഖര്‍ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മലയാളിയായ ലഫ്.കേണല്‍ ഹേമന്ത് രാജും സംഘത്തിലുണ്ടായിരുന്നു.
Also See-
Malampuzha Rescue | ബാബു ഹെലികോപ്റ്ററിൽ നിന്ന് ആംബുലൻസിലേക്ക്'; അതിസാഹസിക രക്ഷാദൗത്യത്തിന് പരിസമാപ്തി
ചൊവ്വാഴ്ച രാത്രിയോടെയാണ് പരിചയസമ്പന്നരായ പര്‍വതാരോഹകര്‍ ഉള്‍പ്പെടെയുള്ള സംഘം ചെറാട് മലയില്‍ എത്തിയത്. ബെംഗളൂരുവില്‍ നിന്നെത്തിയ സംഘവും വെല്ലിങ്ടണില്‍ നിന്നുള്ള സംഘവും ലഫ്റ്റനന്റ് കേണല്‍ ഹേമന്ദ് രാജിന്റെ നേതൃത്വത്തിൽ ഇരുട്ടിനെ വകവെക്കാതെ മലകയറുകയായിരുന്നു. ബാബുവിന് സമീപമെത്തിയ സംഘം ആദ്യം ഭക്ഷണവും വെള്ളവും മെഡിക്കൽ സഹായവും എത്തിക്കാനാണ് ശ്രമിച്ചത്.
തിങ്കളാഴ്ചയാണ് ബാബു മലമ്പുഴയിലെ ചെറാട് മലയിലെ പാറയിടുക്കിൽ കുടുങ്ങിയത്. ഇയാളും 2 സുഹൃത്തുക്കളും മലയിലേക്ക് തിങ്കളാഴ്ച രാവിലെയാണ് കയറിയത്. സുഹൃത്തുക്കൾ തിരിച്ചു ഇറങ്ങുകയും ഇയാൾ മലയിൽ കുടുങ്ങുകയും ആയിരുന്നു. ഇയാളെ രക്ഷിക്കാൻ കൂട്ടുകാരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഇവർ മലയിറിങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.