THE GOVERNMENT IS FIGHTING THE EPIDEMIC WITHOUT A PROPER DEFENSES SYSTEM SAYS KUMMANAM RAJASEKHARAN
'പ്രതിരോധ സംവിധാനങ്ങളില്ലാതെ അമ്പൊഴിഞ്ഞ ആവനാഴിയുമായി മഹാമാരിയോട് സര്‍ക്കാര്‍ യുദ്ധം ചെയ്യുകയാണ്; കുമ്മനം രാജശേഖരന്‍
മഹാമാരിയും,സ്ത്രീപീഡനവും, അരാജകത്വവും, നോക്കുകൂലിയുമെല്ലാം കേരളത്തിന്റെ നിലനില്‍പ്പിനെ ഗുരുതരമായി ബാധിക്കുന്ന ഗൗരവമുള്ള പ്രശ്‌നങ്ങളാണെന്ന തിരിച്ചറിവ് സര്‍ക്കാരിന് ഉണ്ടാവണമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു
തിരുവനന്തപുരം: കേരളത്തില്‍ എല്ലാ രംഗങ്ങളിലും അനിശ്ചിതത്വവും, അരക്ഷിതാവസ്ഥയും മൂലം പുനര്‍നിര്‍മ്മിത നവകേരളത്തെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പാടെ പൊലിഞ്ഞു വീഴുകയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. വാഗ്ദാനം ചെയ്ത ഒരു വൈറോളജി ലാബ് പോലും തുടങ്ങാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു പ്രതിരോധ സംവിധാനങ്ങളുമില്ലാതെ അമ്പൊഴിഞ്ഞ ആവനാഴിയുമായി മഹാമാരിയോട് സര്‍ക്കാര്‍ യുദ്ധം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മഹാമാരിയും,സ്ത്രീപീഡനവും, അരാജകത്വവും, നോക്കുകൂലിയുമെല്ലാം കേരളത്തിന്റെ നിലനില്‍പ്പിനെ ഗുരുതരമായി ബാധിക്കുന്ന ഗൗരവമുള്ള പ്രശ്‌നങ്ങളാണെന്ന തിരിച്ചറിവ് സര്‍ക്കാരിന് ഉണ്ടാവണമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
കേരളത്തില്‍ എല്ലാ രംഗങ്ങളിലും സംജാതമായിട്ടുള്ള അനിശ്ചിതത്വവും, അരക്ഷിതാവസ്ഥയും മൂലം പുനര്‍നിര്‍മ്മിതനവകേരളത്തെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പാടെ പൊലിഞ്ഞു വീഴുകയാണ്.
കൊറോണാ വ്യാപനം തടയുന്നതില്‍ ദയനീയമായി പരാജയപ്പെട്ടതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന വേളയിലാണ് നിപാ വൈറസ് മൂലം 12കാരന്‍ മരണപ്പെട്ട ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ആരോഗ്യക്ഷേമ പ്രവര്‍ത്തന രംഗത്തുണ്ടായിട്ടുള്ള അനിശ്ചിതാവസ്ഥ കേരളത്തെ ദുര്‍ഘട പൂര്‍ണമായ സാഹചര്യത്തില്‍ എത്തിച്ചു. മൂന്നുകൊല്ലം മുമ്പ് 17 ജീവന്‍ കവര്‍ന്ന നിപാ ദുരന്തത്തിന്റെ പാഠങ്ങള്‍ പഠിച്ചില്ല. വാഗ്ദാനം ചെയ്ത ഒരു വൈറോളജി ലാബ് പോലും തുടങ്ങാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ഒരു പ്രതിരോധ സംവിധാനങ്ങളുമില്ലാതെ അമ്പൊഴിഞ്ഞ ആവനാഴിയുമായി മഹാമാരിയോട് സര്‍ക്കാര്‍ യുദ്ധം ചെയ്യുകയാണ്.
പൊള്ളയായ അവകാശവാദങ്ങളും മുടന്തന്‍ ന്യായങ്ങളായും കൊണ്ട് തടി തപ്പി രക്ഷപ്പെടാനാവില്ല. സ്ത്രീപീഡനത്തിന്റെ വേദനിപ്പിക്കുന്ന സംഭവങ്ങള്‍ കേരളത്തിന്റെ യശസ്സിനെ വികൃതമാക്കി.
ഐ.എസ്.ആര്‍.ഓയിലേക്ക് കൊണ്ടുവന്ന സാധനസാമഗ്രികള്‍ തടഞ്ഞ് 10 ലക്ഷം നോക്കുകൂലി ചോദിക്കുവാനും, നാടിന്റെ അഭിമാനമായ ബഹിരാകാശ ഗവേഷണ സ്ഥാപനത്തെ വെല്ലുവിളിക്കാനും ചില ശക്തികള്‍ തയ്യാറായി.
മഹാമാരിയും,സ്ത്രീപീഡനവും, അരാജകത്വവും, നോക്കുകൂലിയുമെല്ലാം കേരളത്തിന്റെ യശസ്സിനെ മാത്രമല്ല നിലനില്‍പ്പിനെ പോലും അതീവ ഗുരുതരമായി ബാധിക്കുന്ന ഗൗരവസ്വഭാവമുള്ള പ്രശ്‌നങ്ങളാണെന്ന തിരിച്ചറിവ് കേരളസര്‍ക്കാരിന് ഉണ്ടാവണം. ഒരു നിക്ഷേപകന്‍ പോലും കേരളത്തിലേക്ക് വരാത്ത സ്ഥിതിവിശേഷമാണിപ്പോഴുള്ളത്.
കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും, വികസന മുരടിപ്പ് ഉണ്ടാക്കുന്നതുമായ ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.