ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ സമവായ വഴിതേടി സർക്കാർ; വെള്ളിയാഴ്ച സർവകക്ഷിയോഗം
ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ സമവായ വഴിതേടി സർക്കാർ; വെള്ളിയാഴ്ച സർവകക്ഷിയോഗം
മാത്രമല്ല തദ്ദേശസ്ഥാപനങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഇടതുമുന്നണി ആഗ്രഹിക്കുന്നില്ല. തെരഞ്ഞെടുപ്പിൽ മികച്ച വിജയം ഉണ്ടാകുമെന്ന ശുഭപ്രതീക്ഷ തന്നെയാണ് അതിനു പ്രധാനകാരണം.
തിരുവനന്തപുരം: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടി സർക്കാർ. ഏകാഭിപ്രായ രൂപീകരണത്തിന് മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം യോഗം വെള്ളിയാഴ്ച ചേരും. ഉപതെരഞ്ഞെടുപ്പുകൾ റദ്ദാക്കണമെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പും നീട്ടി വയ്ക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ടുവയ്ക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കുമ്പോൾ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന കാര്യത്തിൽ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ മനസുകൊണ്ട് ഒറ്റക്കെട്ടാണ്. എന്നാൽ, തുറന്നുപറയാൻ ബിജെപി ഒഴികെ ആരും തയ്യാറല്ല. പ്രതിപക്ഷ നേതാവിനോട് മുഖ്യമന്ത്രി സഹകരണം ആവശ്യപ്പെട്ട ശേഷവും യുഡിഎഫ് നേതൃത്വം പരസ്യമായി അനുകൂല നിലപാട് എടുത്തിട്ടില്ല.
കോവിഡിന്റെ കാരണം പറഞ്ഞ് ഉപതെരഞ്ഞെടുപ്പ് മാറ്റിയാൽ തദ്ദേശ തെരഞ്ഞെടുപ്പും മാറ്റണമെന്നാണ് പ്രതിപക്ഷ നിലപാട്. സർക്കാർ ഇതിനോട് യോജിക്കാൻ ഇടയില്ല. അഞ്ചു വർഷത്തേക്കുള്ള തദ്ദേശ തെരഞ്ഞെടുപ്പും അഞ്ചു മാസത്തേക്കുള്ള പൊതു തെരഞ്ഞെടുപ്പും രണ്ടായി കാണണം എന്നാണ് സർക്കാരിന്റെ അഭിപ്രായം.
മാത്രമല്ല തദ്ദേശസ്ഥാപനങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഇടതുമുന്നണി ആഗ്രഹിക്കുന്നില്ല. തെരഞ്ഞെടുപ്പിൽ മികച്ച വിജയം ഉണ്ടാകുമെന്ന ശുഭപ്രതീക്ഷ തന്നെയാണ് അതിനു പ്രധാനകാരണം. പ്രതിപക്ഷത്തിനാകട്ടെ തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയം ഏറ്റാൽ നിയമസഭാ തെരഞ്ഞെടുപ്പിനെയും അത് ബാധിക്കുമെന്ന ആശങ്കയില്ലാതില്ല.
ഏകാഭിപ്രായമില്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചാൽ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കില്ല. അതിനാലാണ് സമവായം ഉണ്ടാക്കാൻ സർക്കാർ ശ്രമിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് സർക്കാരോ പ്രതിപക്ഷമോ തയ്യാറായില്ലെങ്കിൽ സമവായം അകലും. കുട്ടനാടും ചവറയിലും ഉപതെരഞ്ഞെടുപ്പും നടക്കും.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.