• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോട്ടണ്‍ഹില്‍ സ്കൂളിൽ റാഗിങ്; സംഭവം അറിഞ്ഞത് സോഷ്യൽ മീഡിയയിലൂടെയെന്ന് മന്ത്രി വി ശിവൻകുട്ടി

കോട്ടണ്‍ഹില്‍ സ്കൂളിൽ റാഗിങ്; സംഭവം അറിഞ്ഞത് സോഷ്യൽ മീഡിയയിലൂടെയെന്ന് മന്ത്രി വി ശിവൻകുട്ടി

പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടിയശേഷം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് ഇതേക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു

വി ശിവൻകുട്ടി

വി ശിവൻകുട്ടി

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ പെൺകുട്ടികളുടെ സ്കൂളായ കോട്ടണ്‍ഹില്ലിലെ റാഗിങ് വിവരം അറിഞ്ഞത് സോഷ്യൽ മീഡിയ വഴിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. യു. പി ക്ലാസിലെ കുട്ടികളെ ഹയർസെക്കൻഡറി വിദ്യാർഥികൾ ഉപദ്രവിച്ച സംഭവത്തിൽ റിപ്പോർട്ട് തേടിയതായും വി ശിവൻകുട്ടി പറഞ്ഞു. സംഭവത്തെകുറിച്ച് മൂന്ന് ദിവസത്തിനകം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറെ ചുമതലപ്പെടുത്തി.

    നേരിട്ട് പരാതി കിട്ടിയില്ലെന്നും സംഭവമറിഞ്ഞത് സോഷ്യല്‍ മീഡിയയിലൂടെയാണെന്നും മന്ത്രി വ്യക്തമാക്കി. രക്ഷകര്‍ത്താവിന്റെ പരാതി സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ചു. നാളെ തന്റെ ചേമ്പറില്‍ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്‌കൂളാണിതെന്നും തലസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാണ് കോട്ടൻഹിൽ എന്നും മന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ പരാതി അതീവ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

    റാഗിങിന്‍റെ പേരിൽ വിദ്യാര്‍ത്ഥികളെ ഉപദ്രവിച്ച ഹയർസെക്കൻഡറി വിദ്യാഞഥികളെ കണ്ടെത്താൻ നാളെ സ്‌കൂളില്‍ തിരിച്ചറിയല്‍ പരേഡ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഉച്ചഭക്ഷണം കഴിച്ചശേഷം മൂത്രപ്പുരയിലെത്തിയ അഞ്ചാം ക്ലാസിലേയും ആറാം ക്ലാസിലേയും കുട്ടികളെ ഹയർസെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ തടഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി. പറയുന്നതുപോലെ കേട്ടില്ലെങ്കില്‍ കൈഞരമ്പ് മുറിച്ച് കൊല്ലുമെന്നും സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ കൊണ്ടുപോയി താഴേക്കിടുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

    Also Read- തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കെതിരെ റാഗിങിന് കേസെടുത്തു

    പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടിയശേഷം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് ഇതേക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ആക്രമിച്ച മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കുറ്റക്കാരെ കണ്ടെത്താന്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. മാസ്ക് ധരിച്ചിരുന്നതിനാല്‍ ആരാണെന്ന് മനസിലാകുന്നില്ലെന്ന് പരാതിക്കാരായ കുട്ടികള്‍ അധ്യാപകരോട് പറഞ്ഞു. ഇതിനിടയിലാണ് സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെട്ടത്.
    Published by:Anuraj GR
    First published: