നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Obituary | ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്റർ എൻ.ജെ നായർ അന്തരിച്ചു

  Obituary | ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്റർ എൻ.ജെ നായർ അന്തരിച്ചു

  എൻ ജെ നായർ ധാർമിക മൂല്യങ്ങൾക്ക് വില കൽപ്പിച്ച പത്രപ്രവർത്തകനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.

  എൻ.ജെ നായർ

  എൻ.ജെ നായർ

  • Share this:
   തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്ററുമായ എൻ.ജെ നായർ (എൻ. ജ്യോതിഷ് നായർ) അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. മൃതദേഹം ഉച്ചയ്ക്ക് ഒന്നരയ്ക്ക് പ്രസ് ക്ലബ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം രണ്ടരയ്ക്ക് ശാന്തികവാടത്തിൽ.

   26 വർഷമായി ദി ഹിന്ദുവിലെ മാധ്യമ പ്രവർത്തകനായിരുന്നു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ; മഞ്ജു. മക്കൾ:  സിദ്ധാർഥ്( ഓസ്ട്രേലിയ), ഗൗതം(ടെക്നോപാർക്ക്).

   എൻ.ജെ നായരുടെ ബൈലൈനിൽ ഇന്ന് ഹിന്ദു പ്രസിദ്ധീകരിച്ച വാർത്ത


   എൻ ജെ നായർ ധാർമിക മൂല്യങ്ങൾക്ക് വില കൽപ്പിച്ച പത്രപ്രവർത്തകനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. തന്റെ തൊഴിലിൽ ധാർമിക മൂല്യങ്ങൾക്ക് വില കൽപ്പിച്ച പ്രഗത്ഭ പത്രപ്രവർത്തകനായിരുന്നു എൻ ജെ നായരെന്ന് മുഖ്യമന്ത്രി അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.

   മികച്ച രാഷ്ട്രീയ ലേഖകനായിരുന്നു എൻ.ജെ. കേരളത്തിന്റെ വ്യവസായം, വാണിജ്യം, ധനകാര്യം, ഊർജം എന്നീ മേഖലകളെക്കുറിച്ച് ആഴത്തിൽ പഠിച്ച അദ്ദേഹം വികസനോന്മുഖമായ ഒട്ടേറെ വാർത്തകളും വിശകലനകളും വായനക്കാർക്ക് നൽകി. വിവാദങ്ങൾക്ക് പിറകെ പോകാൻ വിസമ്മതിച്ച് കേരളത്തിന്റെ വികസനത്തിന് തന്റെ കഴിവുകൾ ഉപയോഗിച്ച എൻ.ജെ.നായർ, രാഷ്ട്രീയ നിരീക്ഷണങ്ങളിലൂടെ ടി.വി. പ്രേക്ഷകർക്കും സുപരിചിതനായിരുന്നു. പത്രപ്രവർത്തന ശാഖയ്ക്കു വലിയ നഷ്ടമാണ് എൻ. ജെ. നായരുടെ നിര്യാണമെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

   എൻ.ജെ നായരുടെ വിയോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുശോചിച്ചു. വാർത്തകളെ സത്യസന്ധമായി സമീപിച്ചിരുന്ന എൻ.ജെ. നായർ പത്രപ്രവർത്തന മേഖലയിൽ പുതിയ തലമുറയ്ക്ക് വഴി കാട്ടിയായിരുന്നു. കളങ്കമില്ലാത്ത സ്നേഹമായിരുന്നു എൻ.ജെയെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

   വാര്‍ത്തകളില്‍ എന്നും കൃത്യതയും,     വസ്തു നിഷ്ഠതയും പുലര്‍ത്തിയ  പത്രപ്രവര്‍ത്തകനായിരുന്നു എന്‍  ജെ നായരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  വികസനോന്‍മുഖ  പത്രപ്രവര്‍ത്തനത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. കേരളത്തിന്റെ  വാണിജ്യ വ്യവസായ മേഖലകളുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകളും  വിശകലനങ്ങളും കേരളീയ സമൂഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു.  ആധികാരിതയായിരുന്നു അദ്ദേഹത്തിന്റെ വാര്‍ത്തകളുടെയും  വിശകലനങ്ങളും മുഖമുദ്ര. പുതിയ തലമുറയിലെ  മാധ്യമപ്രവര്‍ത്തകര്‍ക്ക് മികച്ചൊരു പാഠപുസ്തകമായിരുന്നു അദ്ദേഹമെന്നും ചെന്നിത്തല അനുസോചന സന്ദേശത്തിൽ പറഞ്ഞു.


   പത്രപ്രവർത്തന രംഗത്തെ സൗമ്യതയുടെയും ആത്മാർത്ഥതയുടെയും മുഖമായിരുന്നു എൻ.ജെ. നായരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്നതിന് അദ്ദേഹം എപ്പോഴും ശ്രമിച്ചു. ഹിന്ദു പത്രത്തിൽ അദ്ദേഹം എഴുതിയ രാഷ്ട്രീയ വിശകലനങ്ങളും റിപ്പോർട്ടുകളും ഏറെ ശ്രദ്ധേയമായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തെ വളരെ ശ്രദ്ധയോടെ അദ്ദേഹം നിരീക്ഷിച്ചു. ജോലി ചെയ്ത അവസാന നിമിഷം വരെ അത് തുടർന്നു.
   കഴിവുള്ള ഒരു പത്രപ്രവർത്തകൻ കൂടി നഷ്ടമാകുമ്പോൾ പത്രപ്രവർത്തന രംഗത്തിനും പൊതു സമൂഹത്തിനും അത് വലിയ നഷ്ടമാണ് സംഭവിപ്പിച്ചിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
   Published by:Aneesh Anirudhan
   First published:
   )}