കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പാറക്കല്ല് അടര്‍ന്ന് വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരിൽ ഒരാൾ മരിച്ചു. മലപ്പുറം നിലമ്പൂര്‍ സ്വദേശി അഭിനവ് (20) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് വയനാട്ടിലേക്ക് വിനോദ യാത്രക്ക് പുറപ്പെട്ട ആറംഗ സംഘത്തിലെ ഒരു ബെക്കിന് മുകളിലേക്കാണ് വലിയ പാറ ഉരുണ്ട് വന്ന് പതിച്ചത്. ഇടിയുടെ ആഘാതത്തില്‍ കൈവരി തകര്‍ത്ത് ബൈക്കും യുവാക്കളും താഴെക്ക് പതിക്കുകയായിരുന്നു.
ചുരം ആറാം വളവിന് മുകളില്‍ ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. വനപ്രദേശത്തുനിന്നുള്ള വലിയ പാറക്കല്ല് റോഡിലേക്ക് പതിക്കുകയായിരുന്നു. ബൈക്കില്‍ പതിച്ച കല്ല് അഞ്ചാം വളവിന് സമീപത്ത് വനപ്രദേശത്തെ മരത്തില്‍ തട്ടിയാണ് നിന്നത്.
വനത്തില്‍ പൊട്ടിവീണ മരം പതിച്ചതിനെ തുടര്‍ന്ന് സ്ഥാനചലനം സംഭവിച്ച കൂറ്റന്‍ പാറ റോഡിലേക്ക് ഉരുണ്ട് വന്നതാണെന്നാണ് നിഗമനം. അപകടത്തിൽപ്പെട്ടവരെ ഈങ്ങാപ്പുഴയിലെ ആശുപത്രിയിൽ പ്രാഥമിക ചികില്‍സ നല്‍കിയശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ അഭിനവിനെ രക്ഷിക്കാനായില്ല.
കണ്ണൂരില്‍ ഓട്ടോറിക്ഷയിൽ കാറിടിച്ച് രണ്ട് മരണം; ഒരു കുട്ടിക്ക് പരിക്കേറ്റു
പയ്യാവൂർ ചുണ്ടപ്പറമ്പിൽ വാഹനപകടത്തിൽ രണ്ട് മരണം. ഓട്ടോറിക്ഷയിൽ കാറിടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന രണ്ടുപേരാണ് മരിച്ചത്. മുണ്ടാനൂർ സ്വദേശികളായ ഓട്ടോ ഡ്രൈവർ തങ്കച്ചൻ താനോലി, നാരായൺ ചരളാട്ട് എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഒരു കുട്ടിക്ക് പരിക്കേറ്റു.
മുവാറ്റുപുഴയിൽ ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം; മൂന്നുപേർക്ക് പരിക്ക്; അപകടത്തിൽപെട്ടത് മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയവർ
മുവാറ്റുപുഴ (Muvattupuzha) തൃക്കളത്തൂരിൽ വാഹനാപകടത്തിൽ ഒരു മരണം. മൂവാറ്റുപുഴ തൃക്കളത്തൂരിൽ സംഗമംപടിയിൽ ഉച്ചയ്ക്ക് 12.45 നാണ് കാറും കെഎസ്ആർടിസി (KSRTC) ബസും കൂട്ടയിടിച്ചത്.
അപകടത്തിൽ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മുവാറ്റുപുഴ നിന്ന് പെരുമ്പാവൂരിന് പോകുകയായിരുന്ന ബസും മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഏറ്റുമാനൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്.
പരിക്കേറ്റവരെ മുവാറ്റുപുഴ ജനറൽ അശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ബസിൽ ഉള്ളവർക്കും പരിക്കേറ്റു. ഫയർഫോഴ്സ് സംഘം കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
കോഴിക്കോട് നാദാപുരത്ത് രണ്ട് വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു
കോഴിക്കോട് നാദാപുരത്തിന് അടുത്ത് വിലങ്ങാട് പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. സഹോദരിമാരുടെ മക്കളായ ഹൃദ്വിൻ (22), അഷ്മിൻ (14)എന്നിവരാണ് മരിച്ചത്. പുഴയിൽ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബെംഗളൂരുവിൽനിന്ന് കുടുംബ സമേതം കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഹൃദ്വിനും മാതൃസഹോദരിയുടെ മകൾ ആഷ്മിനുമാണ് മരിച്ചത്.
വിലങ്ങാട് നിന്ന് നേരത്തെ ബെംഗളൂരുവിലേക്ക് താമസം മാറിയ കൂവ്വത്തോട്ട് പാപ്പച്ചന്റെയും മെർലിന്റെയും മകൻ ഹൃദ്വിൻ, ആലപ്പാട് സാബുവിന്റെയും മഞ്ജുവിന്റെയും മകൾ ആഷ്മിൻ (14) എന്നിവരാണ് മരിച്ചത്. ഹൃദ്വിന്റെ സഹോദരി രക്ഷപ്പെട്ടു. വിലങ്ങാട് പെട്രോൾ പമ്പിനും കള്ള് ഷാപ്പിനും ഇടയിലുള്ള പുഴയിൽ തടയണയുണ്ടാക്കിയിട്ടുണ്ട്. ഇവിടെ കുളിക്കാൻ ഇറങ്ങിയതായിരുന്നു മൂന്ന് പേരും. നാട്ടുകാർ ഓടി കൂടിയാണ് കരയ്ക്കെത്തിച്ചത്. എന്നാൽ രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല.
തൃശൂർ മണ്ണുത്തി ചെമ്പുത്രയിൽ നിർത്തിയിട്ടിരുന്ന ടിപ്പറിനു പുറകിൽ ബൈക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പോലീസുകാരൻ മരിച്ചു. രാമവർമപുരം പോലീസ് ക്യാംപിലെ ഉദ്യോഗസ്ഥനായ പാലക്കാട് സ്വദേശി ആലത്തൂർ കുനിശ്ശേരി സ്വദേശി പനയംമ്പാറ കോച്ചം വീട്ടിൽ എം.എ.മനു (26) ആണ് മരിച്ചത്.
പഞ്ചറായി നിർത്തിയിട്ട ടിപ്പറിനു പുറകിലേക്ക് ബൈക്കിടിച്ച് കയറിയാണ് അപകടമുണ്ടായത്. ഡ്യൂട്ടിയ്ക്ക് വേണ്ടി വീട്ടിൽ നിന്ന് കേരള പോലീസ് അക്കാദമിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടന്‍ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . അപകടത്തിൽ വാനിന്റെ ഡ്രൈവർക്കും പരിക്കേറ്റു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.