• HOME
  • »
  • NEWS
  • »
  • kerala
  • »
  • THE INVESTIGATION TEAM FOUND THAT THE VISMAYA MESSAGE WAS SENT TO THE RELATIVES OF THE ACCUSED KIRAN KUMAR JK TV

മരണത്തില്‍ നിന്ന് രക്ഷിക്കണം; വിസ്മയ പ്രതി കിരണ്‍കുമാറിന്റെ ബന്ധുക്കള്‍ക്കും സന്ദേശമയച്ചിരുന്നു

മരണത്തില്‍ നിന്ന് രക്ഷിക്കണമെന്ന് അപേക്ഷിച്ച് കിരണിന്റെ സഹോദരി കീര്‍ത്തിക്ക് സന്ദേശമയച്ചതിന്റെ തെളിവുകള്‍ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

News18 Malayalam

News18 Malayalam

  • Share this:
കൊല്ലം: മരണത്തില്‍ നിന്ന് രക്ഷിക്കണമെന്ന് അപേക്ഷിച്ച് വിസ്മയ പ്രതി കിരണ്‍കുമാറിന്റെ ബന്ധുക്കള്‍ക്കും സന്ദേശമയച്ചത് കണ്ടെത്തി അന്വേഷണ സംഘം. കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കിരണിന്റെ സഹോദരി കീര്‍ത്തിയുടെ ഫോണില്‍ നിന്നാണ് വിസ്മയയുടെ ചാറ്റ് അന്വേഷണ സംഘം കണ്ടെത്തിയത്.

പീഡനം സഹിക്കവയ്യാതെ ജീവനൊടുക്കുമെന്ന് ഭര്‍ത്താവ് കിരണ്‍ കുമാറിനോട് പറഞ്ഞെങ്കിലും മര്‍ദ്ദനം തുടരുകയായിരുന്നു. കൊടിയ പീഡനത്തെക്കുറിച്ച് വിസ്മയ സുഹൃത്തുക്കളെയും ബന്ധുക്കളെയും പലപ്പോഴായി അറിയിച്ചതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തി. ഭര്‍തൃ സഹോദരിയെയും പീഡന വിവരം അറിയിച്ചിരുന്നു.

മരണത്തില്‍ നിന്ന് രക്ഷിക്കണമെന്ന് അപേക്ഷിച്ച് കിരണിന്റെ സഹോദരി കീര്‍ത്തിക്ക് സന്ദേശമയച്ചതിന്റെ തെളിവുകള്‍ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കിരണില്‍ നിന്നുണ്ടായ മര്‍ദ്ദനത്തെക്കുറിച്ചും ജീവിതം കൈവിട്ടു പോകുന്ന ദു:ഖം പറഞ്ഞും കൊച്ചിയിലുള്ള മെന്‍ഡറില്‍ നിന്ന് വിസ്മയ ഉപദേശം തേടിയിരുന്നതിന്റെ രേഖകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഐ പി സി304 (B),498 (A),306 തുടങ്ങി നിരവധി വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. ജീവപര്യന്തം ശിക്ഷ ഉള്‍പ്പെടെ ലഭിക്കുന്നതാണ് വകുപ്പുകള്‍. കിരണ്‍ ഇപ്പോഴും ജുഡിഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്. കസ്റ്റഡി കാലാവധിയില്‍ത്തന്നെ ആരംഭിക്കണമെന്ന അപേക്ഷയും കുറ്റപത്രത്തോടൊപ്പം ശാസ്താംകോട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ചിട്ടുണ്ട്.

സ്ത്രീധന പീഡനത്തെ തുടര്‍ന്നുണ്ട് ആത്മഹത്യയാണെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 507 പേജുകളുള്ള കുറ്റപത്രം ശാസ്താംകോട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ ഉച്ചയ്ക്കായ് സമര്‍പ്പിച്ചത്. പ്രതി അറസ്റ്റിലായി 80ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിസ്മയയുടെ മരണം സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന കണ്ടെത്തലാണ് കുറ്റപത്രത്തിലുള്ളത്. 102 സാക്ഷി മൊഴികള്‍,56 തൊണ്ടിമുതലുകള്‍,92 രേഖകള്‍, എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

സ്ത്രീധന പീഡന നിരോധന നിയമം, ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. ഏറ്റവും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നതില്‍ അഭിമാനമുണ്ടെന്ന് റൂറല്‍ എസ്പി കെ ബി രവി പറഞ്ഞു. ഫോറന്‍സിക്, സൈബര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍ നിന്ന് മികച്ച പിന്തുണ ലഭിച്ചുവെന്നും എസ്പി വ്യക്തമാക്കി.

507 പേജുള്ള കുറ്റപത്രമാണ് ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സമര്‍പ്പിച്ചത്. സ്ത്രീധനം പോലെ ഏറ്റവും മോശമായ കാര്യത്തിനെതിരെ പോലീസിന് ശക്തമായി പ്രതികരിക്കാന്‍ കഴിഞ്ഞുവെന്ന് ഡി.വൈ.എസ്.പി  പി.രാജ് കുമാര്‍ പറഞ്ഞു. പറയുമ്പോഴും എത്രമാത്രം ഇടുങ്ങിയ ചിന്താഗതിയാണ് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നതെന്നത് ഓരോ വ്യക്തിയും ചിന്തിക്കേണ്ടതുണ്ടെന്നും രാജ്കുമാര്‍ പറഞ്ഞു.

ഇതുവരെ നടന്ന അന്വേഷണത്തില്‍ സംതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രിക്ക് നന്ദി പറയുന്നെന്നും വിസ്മയുടെ പിതാവ് പ്രതികരിച്ചിരുന്നു.
Published by:Jayesh Krishnan
First published:
)}