തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇപ്പോൾ നടപ്പിലാക്കുന്ന ലോക്ക്ഡൗൺ നീട്ടിയേക്കും. ഇന്നും നാളെയുമുള്ള പ്രതിദിന കണക്കുകൾ അവലോകനം ചെയ്തശേഷമായിരിക്കും അന്തിമ തീരുമാനം. അതേസമയം കോവിഡ് വ്യാപനം അതിന്റെ ഉച്ചസ്ഥായിയിലാണെന്നും രണ്ടു ദിവസത്തിനകം കുറഞ്ഞു തുടങ്ങുമെന്നുമാണ് ദുരന്തനിവാരണ അതോറിറ്റി സർക്കാരിന് നൽകിയിരിക്കുന്ന റിപ്പോർട്ട്.
ലോക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇപ്പോഴത്തെ രോഗവ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന് ലോക്ക്ഡൗൺ നീട്ടണമെന്ന് ആരോഗ്യവകുപ്പും കോവിഡ് വിദഗദ്ധസമിതിയും പറയുന്നു. എന്നാൽ ലോക്ക്ഡൗൺ നീട്ടുന്നത് സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുഷ്ക്കരമാക്കുമെന്ന വാദവുമുണ്ട്. അതുകൊണ്ടുതന്നെ രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ പൂർണ ലോക്ക്ഡൗൺ എന്ന നിർദേശവും ഉയരുന്നുണ്ട്.
ലോക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച തീരുമാനം അവസാനഘട്ടത്തിൽ മാത്രമെ ഉണ്ടാകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ലോക്ക്ഡൗൺ നീട്ടുന്നതിന് പ്രത്യേക ഒരുക്കം വേണ്ട. ഇത് ഏർപ്പെടുത്തി നാലഞ്ചു ദിവസം കൊണ്ടു രോഗവ്യാപനം കുറയ്ക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി എന്നതിനോടൊപ്പം ഐസിയു, വെന്റിലേറ്റര്‍ രോഗികളുടെ എണ്ണത്തില്‍ വൻ വര്‍ധനവാണ് ഉണ്ടായിട്ടുണ്ട്. ഈ മാസം ഒന്നിന് 650 പേര്‍ക്ക് വെന്റിലേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. 1,808 പേരെയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇനിയും രോഗവ്യാപനം കൂടുകയാണെങ്കില്‍ അത് കേരളത്തില്‍ വലിയ പ്രതിസന്ധിക്ക് വഴിയൊരുക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.എന്നാൽ സംസ്ഥാനത്ത് സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലായി ആകെയുള്ളത് 9735 ഐസിയു ബെഡുകളും, 3776 വെന്റിലേറ്ററുകളുമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ ബുധനാഴ്ച 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസര്‍ഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,74,18,696 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 123 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
Also Read-
കേരളം വീണ്ടും മാതൃകയായി; ഉപയോഗിക്കാത്ത ഒരു ലക്ഷം റെംഡെസിവിർ മരുന്നു കുപ്പികൾ കേന്ദ്രത്തിന് തിരികെ നൽകി
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 95 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6053 ആയി.
രോഗം സ്ഥിരീകരിച്ചവരില്‍ 241 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 40,133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3010 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 6247, മലപ്പുറം 5185, കോഴിക്കോട് 4341, തിരുവനന്തപുരം 3964, തൃശൂര്‍ 3962, പാലക്കാട് 1428, കൊല്ലം 3336, കോട്ടയം 2744, ആലപ്പുഴ 2596, കണ്ണൂര്‍ 2151, പത്തനംതിട്ട 1285, ഇടുക്കി 1277, കാസര്‍ഗോഡ് 943, വയനാട് 674 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.