മലപ്പുറം: കൈക്കോട്ട് പണിയെടുത്ത് വാങ്ങിയ മാല കള്ളനെടുത്ത മനോവിഷമത്തില്‍ വയോധിക പൊലീസ് സ്റ്റേഷനു മുൻപിലിരുന്ന് കരഞ്ഞ വയോധികയ്ക്ക് പുതിയ മാല സമ്മാനിച്ച് തിരൂരിലെ സ്വർണാഭരണ വ്യാപാരി. തിരൂർ പച്ചാട്ടിരി സ്വദേശി ചക്കിയുടെ 2 പവൻ മാലയാണ് കഴിഞ്ഞ ദിവസം തിരൂർ വൈരങ്കോട് ക്ഷേത്രത്തിലെ ഉത്സവം കണ്ടു മടങ്ങുമ്പോൾ ബസിൽനിന്ന് ആരോ കവർന്നത്.
മാല പോയതറിഞ്ഞ ചക്കി ബഹളം വച്ചതോടെ യാത്രക്കാരുമായി ബസ് പൊലീസ് സ്റ്റേഷനിലെത്തി പരിശോധന നടത്തിയെങ്കിലും ആഭരണം കണ്ടെത്താനായില്ല. ഇതോടെ ചക്കി സ്റ്റേഷനു മുൻപിലിരുന്ന് കരച്ചിൽ തുടങ്ങി. സ്വർണമാലയിടാനുള്ള ആഗ്രഹംകൊണ്ട് കൈക്കോട്ട് പണിയെടുത്ത് പണം കൂട്ടിവച്ചാണ് മാല വാങ്ങിയതെന്നു പറഞ്ഞായിരുന്നു കരച്ചിൽ.
ഇതിനിടെ തിരൂരിലെ സ്വർണാഭരണ വ്യാപാരി ഫൈസൽ വിവരമറിഞ്ഞ് വയോധികയെ അന്വേഷിച്ച് വീട്ടിലെത്തി. തുടർന്ന് ഇവർക്ക് നഷ്ടമായതിനു പകരം 2 പവന്റെ പുതിയ മാല സമ്മാനമായി നൽകി. ഇതോടെ സങ്കടക്കണ്ണീർ തുടച്ച് ചക്കി ചിരിച്ചു. നഷ്ടമായ മാല കണ്ടെടുക്കാൻ തിരൂർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.