കോഴിക്കോട്: രണ്ടരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം എല്‍.ഡി.എഫ് സര്‍ക്കാരില്‍ ഐ.എന്‍.എല്ലിന് ലഭിക്കുന്ന മന്ത്രിസ്ഥാനം മലബാറിലെ മുസ്ലിം രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്നതില്‍ നിര്‍ണ്ണായകമാകും. തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് തിരിച്ചടിയേല്‍ക്കുകയും അണികള്‍ നേതാക്കളെ ചോദ്യം ചെയ്യുകയും ചെയ്യുന്ന കാലത്താണ് ഐ.എന്‍.എല്ലിനുള്ള മന്ത്രിപദമെന്നതും ശ്രദ്ധേയമാണ്.
ഒരുകാലത്ത് അകറ്റിനിര്‍ത്തിയ ഐ.എന്‍.എല്ലിനെ മന്ത്രിസഭയിലെടുത്തതോടെ സി.പി.എം നടത്തിയത് ഒരു തിരുത്തല്‍ കൂടിയാണ്.ബാബറി മസ്ജിദ് തകര്‍ച്ചക്ക് ശേഷം അന്നത്തെ സി.പി.എം ജനറല്‍ സെക്രട്ടറി ഹര്‍ക്കിഷന്‍ സിങ് സുര്‍ജിത്തിന്റെ ആശീര്‍വാദത്തോടെയാണ് ഇബ്രാഹീം സുലൈമാന്‍ സേഠ് ഇന്ത്യന്‍ നാഷണല്‍ ലീഗ് രൂപീകരിച്ചത്. ഐ.എന്‍.എല്‍ പൊതുയോഗങ്ങളില്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തെ കണ്ട് മുസ്ലിം ലീഗ് ഞെട്ടിയ കാലം.
1995ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ അഞ്ച് മുനിസിപ്പാലിറ്റികളുള്‍പ്പെടെ ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും ഐ.എന്‍.എല്‍ പിന്തുണയോടെ ഇടതുപക്ഷം പിടിച്ചെടുത്തു. പക്ഷെ മുന്നണി പ്രവേശമെന്ന ആവശ്യം ചര്‍ച്ചയായപ്പോഴൊക്കെ സി.പി.എം പല ഉടക്കുകള്‍ പറഞ്ഞു. ചില സി.പി.എം നേതാക്കള്‍ ഐ.എന്‍.എല്‍ വര്‍ഗ്ഗീയ കക്ഷിയാണെന്ന് പരസ്യമായി നിലപാടെടുത്തു. വിഎസ് അച്ച്യുതാനന്ദനായിരുന്നു അതിന് മുന്നില്‍ നിന്നത്. ഇ.എം.എസും ഇ.കെ നായനാരും ഐ.എന്‍.എല്ലിനെ മുന്നണിയിലെടുക്കാമെന്ന നിലപാടെടുത്തപ്പോള്‍ മറുവിഭാഗം എതിര്‍ത്തു.ഇതോടെ പ്രവര്‍ത്തകര്‍ പതുക്കെ മുസ്ലിം ലീഗിലേക്ക് മടങ്ങിത്തുടങ്ങി.
2001 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കിയെങ്കിലും മുന്നണി പ്രവേശത്തിന് നീണ്ട 25 വര്‍ഷം കാത്തിരിക്കേണ്ടിവന്നു. ഈ കാത്തിരിപ്പിന് പാര്‍ട്ടിക്ക് പക്ഷേ വലിയ വില നല്‍കേണ്ടിവന്നു. പ്രവര്‍ത്തകരുടെയും നേതാക്കളില്‍ ചിലരുടെയും കൊഴിഞ്ഞുപോക്കും ലീഗിന്റെ പരിഹാസവുമേറ്റ് പ്രതിസന്ധിയിലായെങ്കിലും ഐ.എന്‍.എല്‍ ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം ഉറച്ചുനിന്നു.തെരെഞ്ഞെടുപ്പ് തോല്‍വിയില്‍ നേതൃത്വം ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് ഐ.എന്‍.എല്ലിന് സി.പി.എം നല്കിയ അംഗീകാരത്തെ മുസ്ലിം ലീഗ് ആശങ്കയോടെയാണ് കാണുന്നത്.
സമുദായ മനസ്സിന്റെ ദിശാമാറ്റം വേഗത്തിലാകുമോയെന്ന ആശങ്ക. സമുദായ സംഘടനകള്‍ ആശ്രയിക്കാവുന്ന ഒരു അധികാര കേന്ദ്രമായി ഇനി ഐ.എന്‍.എല്ലിനെ കാണുമെന്നതും ലീഗിനെ ആകുലപ്പെടുത്തുന്നു. ലീഗിന്റെ ഈ ആശങ്കകള്‍ സി.പി.എം സാധ്യതയായി കാണുകയാണ്.ഇതിനെല്ലാം അപ്പുറത്ത് രണ്ടരപ്പതിറ്റാണ്ടുകാലം പുറത്തുനിര്‍ത്തിയിട്ടും ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് നല്കുന്ന അംഗീകാരം. ഒപ്പം സി.പി.എമ്മിന്റെ ഒരു തിരുത്തല്‍.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.