• HOME
  • »
  • NEWS
  • »
  • kerala
  • »
  • THE NEWLY FORMED HARITHA POLITICAL OUTFIT FOR WOMEN GIVING NEW CHALLENGES TO MUSLIM LEAGUE LEADERSHIP JK TV

വനിതാ ലീഗല്ല ഹരിത; സ്ത്രീപക്ഷ യുവരാഷ്ട്രീയത്തിന് മുന്നില്‍ പകച്ച് മുസ്ലിം ലീഗ് നേതൃത്വം

പാര്‍ട്ടിയെ ഗണ്‍പോയിന്റില്‍ നിര്‍ത്തുകയാണ് ഹരിതയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറയുമ്പോഴും പരാതിയില്‍ അവരുന്നയിച്ച കാര്യങ്ങള്‍ അതിന്റെ ഗൗരവത്തിലെടുത്ത് ചര്‍ച്ച ചെയ്യാന്‍ ലീഗ് നേതൃത്വം തയ്യാറായില്ല.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
കോഴിക്കോട്: ഹരിത എന്ന വനിതാ സംഘടന ലീഗില്‍ തുടങ്ങിവെച്ച കലാപം ലീഗ് രാഷ്ട്രീയത്തില്‍ ദുരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. പാര്‍ട്ടി ഇതുവരെ അഭിമുഖീകരിക്കാത്ത പുതുതലമുറ പെണ്‍കുട്ടികളുയര്‍ത്തുന്ന വനിതാ രാഷ്ട്രീയം ലീഗ് നേതൃത്വം എങ്ങിനെ കൈകാര്യം ചെയ്താലും അതുണ്ടാക്കുന്ന സ്വാധീനം വലുതായിരിക്കും.

2011-12 കാലഘട്ടത്തിലാണ് എം.എസ്.എഫിന് കീഴില്‍ വനിതാ വിഭാഗമായ ഹരിത രൂപീകരിക്കപ്പെട്ടത്. ആദ്യമൊക്കെ എം.എസ്.എഫ് പറയുന്ന പരിപാടികളുമായി മുന്നോട്ടുപോവുകയായിരുന്നു ഹരിത. ഹരിതയുടെ സംഘടിത പ്രത്യക്ഷ ഇടപെടലുകള്‍ വളരെ ചുരുക്കവുമായിരുന്നു. ബാലാരിഷ്ടതകള്‍ മറികടന്ന് കാംപസുകള്‍ കേന്ദ്രീകരിച്ച് ഹരിതയുടെ കീഴില്‍ പെണ്‍കുട്ടികള്‍ സംഘടിച്ചു. സ്വതന്ത്ര ചര്‍ച്ചകളുടെ വേദിയായ കാംപസുകളില്‍ പലപ്പോഴും ഹരിത നേതാക്കള്‍ മാതൃപാര്‍ട്ടിയായി മുസ്ലിം ലീഗിന്റെ പുരുഷ കേന്ദ്രീകൃതചിന്തയിലധിഷ്ടിതമരായ ഘടനയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ ആദ്യം പകച്ചുനിന്നു. സ്വന്തം നിലയില്‍ രാഷ്ട്രീയമായി ശാക്തീകരിക്കപ്പെടുകയും പുതിയ സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ വാതിലുകള്‍ തുറന്നുമാണ് ഹരിത അതിനെ പിന്നീട് നേരിട്ടത്.

കാംപസുകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് രാഷ്ട്രീയ ശാക്തീകരണത്തിനുള്ള വേദിയായി അങ്ങിനെ ഹരിത പതുക്കെ മാറിക്കൊണ്ടിരുന്നു. ഇതിന് പുറമെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളില്‍ ഉപരിപഠനത്തിന് പോയ ഹരിത പെണ്‍കുട്ടികള്‍ വിശാലമായ രാഷ്ട്രീയ ചര്‍ച്ചകളിലൂടെ കൂടുതല്‍ കരുത്തരായി.

മുസ്ലിം ലീഗ് നേതൃത്വം പക്ഷെ പരമ്പരാഗത ലീഗ് രാഷ്ട്രീയ ചിന്തയില്‍ത്തന്നെ കഴിയുകയായിരുന്നു. കാംപസുകളില്‍ ഹരിതയുടെ സഹായത്തോടെ പലപ്പോഴും എം.എസ്.എഫിന് തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. ഇത് തിരിച്ചറിഞ്ഞ് കാംപസുകള്‍ക്ക് പുറത്തെ പാര്‍ട്ടി ഘടകങ്ങളിലും ഹരിതക്ക് വിങ്ങുകള്‍ വേണണെന്ന് നേതാക്കള്‍ പറഞ്ഞു തുടങ്ങി. തിരഞ്ഞെടുപ്പ് നേട്ടത്തിന് ഹരിതയെ ഉപയോഗിക്കാമെന്ന് തിരിച്ചറിഞ്ഞ നേതാക്കള്‍ക്ക് പക്ഷെ അവരുയര്‍ത്തിയേക്കാവുന്ന സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ ചൂട് ഇത്രമേലുണ്ടാവുമെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

എം.എസ്.എഫില്‍ വിഭാഗീയ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നുവെന്നത് ശരിയാണ്. പി.കെ ഫിറോസ് പക്ഷത്തിന്റെ പാനല്‍ തള്ളി സാദിഖലി തങ്ങള്‍ പി.കെ നവാസിനെ പ്രസിഡണ്ടായിക്കൊണ്ടുവന്നത് മുതല്‍ ഇത് രൂക്ഷമാവുകയും ചെയ്തു. സാദിഖലി തങ്ങളുടെ നോമിനിയായ നവാസ് ഹരിതയുടെ കാര്യങ്ങളില്‍ പരിധി ലംഘിച്ച് ഇടപെടുന്നുവെന്ന് നേതാക്കള്‍ പരാതിപ്പെട്ടുതുടങ്ങി. ഇതിനെ പക്ഷെ നവാസ് നേരിട്ട രീതിയാണ് ഇപ്പോഴത്തെ വലിയ പരാതിയിലേക്ക് കാര്യങ്ങള്‍ നയിച്ചത്. എം.എസ്.എഫ് യോഗത്തില്‍ ഹരിത നേതാക്കള്‍ക്കെതിരെ അഭിസാരിക പ്രയോഗമുള്‍പ്പെടെ നടന്നുവെന്നും വനിതാ നേതാക്കള്‍ക്കെതിരെ ചില എം.എസ്.എഫ് നേതാക്കള്‍ അപവാദം പ്രചരിപ്പിക്കുകയാണെന്നും അഭിമാനത്തോടെ പ്രവര്‍ത്തിക്കാനാവുന്നില്ലെന്നും പെണ്‍കുട്ടികള്‍ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കുന്നത് അങ്ങിനെയാണ്. പക്ഷെ നേതൃത്വം ഇത് അര്‍ഹിച്ച രീതിയില്‍ പരിഹണിച്ചില്ല. പരാതിയില്‍ പറഞ്ഞ പ്രയോഗങ്ങളെ സ്വാഭാവികമാണെന്ന പുരുഷ കേന്ദ്രീകൃത ചിന്തയോടെയാണ് സമീപിച്ചത്. ഒപ്പം ഇത് എം.എസ്.എഫിലെ വിഭാഗീയതയുടെ ഭാഗമാണെന്ന് പറഞ്ഞ് ചെറുതായിക്കാണുകയും ചെയ്തു.

ലീഗ് നേതൃത്വത്തില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് പെണ്‍കുട്ടികള്‍ വനിതാ കമ്മീഷനെ സമീപിച്ചത്. അപ്പോഴാണ് കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് ലീഗ് കുറച്ചെങ്കിലും തിരിച്ചറിഞ്ഞത്. പാര്‍ട്ടിയെ ഗണ്‍പോയിന്റില്‍ നിര്‍ത്തുകയാണ് ഹരിതയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറയുമ്പോഴും പരാതിയില്‍ അവരുന്നയിച്ച കാര്യങ്ങള്‍ അതിന്റെ ഗൗരവത്തിലെടുത്ത് ചര്‍ച്ച ചെയ്യാന്‍ ലീഗ് നേതൃത്വം തയ്യാറായില്ല.

ചൊല്‍പ്പടിക്ക് നില്‍ക്കുന്ന വനിതാ ലീഗിനെയാണ് നേതാക്കള്‍ക്ക് പരിചയം. ഭീഷണിപ്പെടുത്തിയാല്‍ ഹരിതയും വഴങ്ങുമെന്ന് നേതൃത്വം കരുതി. പക്ഷെ പാണക്കാട്ടേക്ക് വിളിച്ചുവരുത്തി നാലു നേതാക്കള്‍ ചുറ്റുമരുന്ന് ഹരിത നേതാക്കളെ ഭീഷണിപ്പെടുത്തിയും വൈകാരികത ഉപയോഗിച്ചും പരാതിയില്‍ നിന്ന് പിന്‍വലിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് പുതുതലമുറെ പെണ്‍രാഷ്ട്രീയത്തിന്റെ ശക്തി ലീഗ് നേതാക്കള്‍ തിരിച്ചറിഞ്ഞത്. ഹരിതക്കെതിരെ നടപടി പാടില്ലെന്ന് തന്നെയായിരുന്നു ലീഗ് നേതൃത്വത്തിലെ ഭൂരിഭാഗം പേരുടെയും നിലപാട്. പക്ഷെ താന്‍ കൈപിടിച്ചുകൊണ്ടുവന്ന പി.കെ നവാസിനെതിരെ നടപടിയെടുക്കാന്‍ പാടില്ലെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ ഉറച്ച നിലപാടെടുത്തു. പി.കെ കുഞ്ഞാലിക്കുട്ടിക്കും കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഹരിത കമ്മിറ്റിയെ മരവിപ്പിക്കാന്‍ തീരുമാനിച്ചു.

സംഘടനാ നടപടികള്‍ ഉപയോഗിച്ച് തങ്ങള്‍ ഉയര്‍ത്തിയ സ്ത്രീപക്ഷ രാഷ്ട്രീയ ചോദ്യങ്ങളെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് വനിതാ നേതാക്കള്‍ തെളിയിച്ചു. ഹരിതയുടെ ആദ്യ ജനറല്‍ സെക്രട്ടറിയും എം.എസ്.എഫ് ദേശീയ വൈസ്പ്രസിഡണ്ടുമായ ഫാത്തിമ തഹ്ലിയ പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ലീഗ് തീരുമാനത്തെ ചോദ്യം ചെയ്തു. സ്ത്രീപക്ഷ രാഷ്ട്രീയത്തെക്കുറിച്ച് ലീഗ് നേതൃത്വത്തെ പഠിപ്പിക്കുക്കയാണ് ലക്ഷ്യമെന്ന് പറയാതെ പറഞ്ഞു. ഉന്ന വിദ്യാഭ്യാസം നേടി ഉയര്‍ന്ന് ചിന്തിക്കുന്ന പുതുതലമുറയിലെ ഹരിത പെണ്‍കുട്ടികള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം പലപ്പോഴും സമാന പ്രായത്തിലുള്ള എം.എസ്.എഫ് ആണുങ്ങള്‍ക്ക് പോലും മനസ്സിലാവാത്തതിന് കാരണമുണ്ട്. വിദ്യാഭ്യാസ നിലവാരം എടുത്ത് പരിശോധിച്ചാല്‍ ഹരിതയിലെ പെണ്‍കുട്ടികളെക്കാള്‍ എത്രയോ താഴെയാണ് എം.എസ്.എഫ് ആണ്‍കുട്ടികള്‍.

പക്ഷെ എം.എസ്.എഫിലെ എല്ലാവരും അങ്ങിനെയല്ല. സംഘടനക്കുള്ളിലെ വിഭാഗീയതക്കായി വിഷയം ഉപയോഗിക്കുന്നവരുണ്ടെങ്കിലും അതിനപ്പുറം പെണ്‍കുട്ടികള്‍ ഉയര്‍ത്തിയ വിഷയത്തിന്റെ ശരിപക്ഷത്ത് നില്‍ക്കുന്ന എം.എസ്.എഫ് നേതാക്കളുമുണ്ട്. അവരുടെ കൂടെ പിന്‍ബലം ഹരിത നടത്തുന്ന പോരാട്ടത്തിനുണ്ട്. വിജയിച്ചാലും പരാജയപ്പെട്ടാലും വനിതാ നേതാക്കള്‍ നടത്തുന്ന ഈ പോരാട്ടം മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ ഭാവിയെ നിര്‍ണ്ണയിക്കുന്നതാവും. സ്ത്രീപക്ഷ രാഷ്ട്രീയം എന്താണെന്ന് പഠിക്കാനും പഴയ തറവാട്ടുകാരണന്‍മാരുടെ റോളില്‍ നിന്ന് മാറി വനിതകളുയര്‍ത്തുന്ന രാഷ്ട്രീയത്തെ മെറിട്ടില്‍ നിന്ന് കാണാനും ലീഗ് നേതൃത്വത്തെ ഹരിത കലാപം ഭാവിയിലെങ്കിലും പ്രേരിപ്പിക്കും.
Published by:Jayesh Krishnan
First published:
)}