• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Rains | സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; വടക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും

Kerala Rains | സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; വടക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും

നിലവിൽ വടക്കൻ കേരളത്തിലെ എല്ലാ ജില്ലകളിലും കനത്ത മഴക്കുള്ള മേഘസാന്നിധ്യമുണ്ട്. എന്നാൽ അത് മഴയായി പെയ്യാനുള്ള അന്തരീക്ഷ സാഹചര്യമില്ല

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
കോഴിക്കോട്: തെക്ക് -പടിഞ്ഞാറൻ കാലവർഷം ഗുജറാത്തിലേക്കും മധ്യപ്രദേശിലേക്കും വ്യാപിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗുജറാത്തിലും ചിലയിടങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തി. കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും. കാലവർഷം കേരളത്തിൽ സജീവമായി നിലനിൽക്കാനുള്ള അനുകൂല സാഹചര്യങ്ങൾ ഇല്ലെങ്കിലും വടക്കേ ഇന്ത്യയിലും തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴ ശക്തമാണ്. കർണാടക വടക്കൻ കേരള തീരത്ത് ന്യൂനമർദ പാത്തിയുണ്ടെങ്കിലും തുടർച്ചയായ കാലവർഷ പ്രതീതിയുള്ള മഴക്കുള്ള സാധ്യത കുറവാണ്.

നിലവിൽ വടക്കൻ കേരളത്തിലെ എല്ലാ ജില്ലകളിലും കനത്ത മഴക്കുള്ള മേഘസാന്നിധ്യമുണ്ട്. എന്നാൽ അത് മഴയായി പെയ്യാനുള്ള അന്തരീക്ഷ സാഹചര്യമില്ല. ചിലയിടത്ത് പൊടുന്നനെ ഏതാനും മണിക്കൂർ നീളുന്ന മഴയുണ്ടായേക്കാമെന്നതൊഴിച്ചാൽ പരക്കെ മഴ സാധ്യതയില്ല. കോഴിക്കോട് ജില്ലയുടെ വടക്കു കിഴക്കൻ മേഖലയിലാണ് മഴ സാധ്യതയുള്ളത്.

മലപ്പുറം ജില്ലയുടെ കിഴക്കും മഴക്ക് സാധ്യതയുണ്ട്. എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഓന്നോ രണ്ടോ പ്രദേശങ്ങളിൽ രാത്രി മഴക്ക് സാധ്യതയുണ്ട്. രാത്രി വൈകിയോ പുലർച്ചെയോ തൃശൂർ ജില്ലയുടെ തീരദേശത്തും മഴ സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലെ റിപ്പോർട്ടുകളിൽ പരാമർശിച്ച മഴ വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ടതാണെങ്കിലും പെയ്തു തുടങ്ങി. ഇടവേളക്ക് ശേഷം കാലവർഷം വടക്കൻ ജില്ലകളിൽ ഞായറാഴ്ച ലഭിക്കുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം.
ശനിയാഴ്ച പ്രതീക്ഷിച്ച മഴ ലഭിച്ചില്ലെങ്കിലും ഞായറാഴ്ച വടക്കൻ കേരളത്തിൽ പലയിടത്തും ശക്തമായ മഴ ലഭിച്ചു. കാലവർഷം മഹാരാഷ്ട്ര കൊങ്കൺ മേഖലയിൽ പ്രവേശിക്കുകയും മഴ സജീവമാകുകയും ചെയ്തതിനു പിന്നാലെ വടക്കൻ കേരളം, തെക്കൻ തീരദേശ കർണാടക, ഗോവ, കൊങ്കൺ എന്നിവിടങ്ങളിലും മധ്യകിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴിയുടെ ഭാഗമായി മഴ ലഭിക്കുമെന്നായിരുന്നു പ്രവചനം.

ചക്രവാതച്ചുഴി ദുർബലം, ന്യൂനമർദപാത്തി രൂപപ്പെട്ടു
എന്നാൽ ഇന്ന് ചക്രവാതച്ചുഴി ദുർബലമായെങ്കിലും ഗുജറാത്ത് മുതൽ വടക്കൻ കേരളം വരെ നീണ്ടു നിൽക്കുന്ന ന്യൂനമർദ പാത്തി വടക്കൻ കേരളത്തിൽ മഴക്കു കാരണമായി. കേരളത്തിന്റെ തീരദേശത്തുകൂടെ രൂപപ്പെട്ട ന്യൂനമർദ പാത്തി മഴ മേഘങ്ങളെ കേന്ദ്രീകരിച്ച് വടക്കൻ ജില്ലകളിൽ പെയ്യിക്കുന്നുണ്ട്. ഇന്ന് രാത്രിയിലും കൂടുതൽ മഴ പെയ്തേക്കും.

മധ്യ കേരളത്തിലും മഴക്ക് സാധ്യതയേറെയാണ്. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖല, ആലപ്പുഴ തെക്കൻ മേഖല, മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് രാവിലെ വരെ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലാകും കൂടുതൽ മഴ.  കേരളത്തിൽ പൊതുവെ മഴ കുറയാനാണ് സാധ്യത.

കണ്ണൂർ, കോഴിക്കോട്, കാസർകോട്, വയനാട്, എറണാകുളം ജില്ലകളിൽ വരും ദിവസങ്ങളിൽ മഴ ലഭിക്കും. പക്ഷെ കാലവർഷം ദുർബലമായതിനാൽത്തന്നെ ഒറ്റപ്പെട്ട കനത്ത മഴയൊ ഒന്നോ രണ്ടോ മണിക്കൂർ മാത്രം നീളുന്ന മഴയൊ പ്രതീക്ഷിച്ചാൽ മതിയെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. കാലവർഷം ശക്തമായാൽ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടർന്നേക്കും.
Published by:Anuraj GR
First published: