• HOME
 • »
 • NEWS
 • »
 • kerala
 • »
 • മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്ക് വിലക്കി സംഘാടകര്‍; മാധ്യമ പ്രവര്‍ത്തകയുടെ മാസ്‌ക് നിര്‍ബന്ധിച്ച് മാറ്റി

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്ക് വിലക്കി സംഘാടകര്‍; മാധ്യമ പ്രവര്‍ത്തകയുടെ മാസ്‌ക് നിര്‍ബന്ധിച്ച് മാറ്റി

രാവിലെ മുഖ്യമന്ത്രി പങ്കെടുത്ത കോട്ടയത്തെ പരിപാടിയിലും കറുത്ത മാസ്ക് ധരിക്കുന്നതിന് പോലീസ് വിലക്കേര്‍പ്പെടുത്തിയിരുന്നു.

 • Share this:
  മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്ക് ധരിച്ച് പ്രവേശിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകയെ തടഞ്ഞ് സംഘാടകര്‍. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍‌ ദിവ്യ ജോസഫിനെയാണ് സംഘാടകര്‍ തടഞ്ഞത്. നിര്‍ബന്ധിച്ച് മാസ്ക് അഴിപ്പിച്ച ശേഷം നീല നിറത്തിലുള്ള സര്‍ജിക്കല്‍ മാസ്ക് ഇവര്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് നല്‍കി. പൊതുപ്രോട്ടോക്കോള്‍ പാലിക്കണം എന്നായിരുന്നു ആവശ്യം. സംഭവം വാര്‍ത്തയായതോടെ നിയന്ത്രണം പിന്‍വലിച്ചു.

  മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം തടയുന്നതിന്‍റെ ഭാഗമായിട്ടാണോ ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് മാധ്യമ പ്രവര്‍ത്തക ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ സംഘാടകര്‍ തയാറായിരുന്നില്ല. അതേസമയം, പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മറ്റ് പലരും കറുത്ത മാസ്ക് ധരിച്ചിരുന്നതായും തനിക്ക് മാത്രമായി ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുതിയതിന്‍റെ കാരണം വ്യക്തമല്ലെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞു.

  രാവിലെ മുഖ്യമന്ത്രി പങ്കെടുത്ത കോട്ടയത്തെ പരിപാടിയിലും കറുത്ത മാസ്ക് ധരിക്കുന്നതിന് പോലീസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി എത്തുന്നതിനോട് അനുബന്ധിച്ച് അസാധാരണമായ സുരക്ഷാ സന്നാഹങ്ങളാണ് കോട്ടയത്ത് പോലീസ് ഏര്‍പ്പെടുത്തിയത്.

  Also Read- 'ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി ജനത്തെയും കറുത്ത മാസ്‌കിനെയും ഭയക്കുന്നതെന്തിന്?': വി ഡി സതീശൻ

  മുഖ്യമന്ത്രി താമസിച്ചിരുന്ന നാട്ടകം ഗസ്റ്റ് ഹൗസില്‍ നിന്ന് മാമ്മന്‍ മാപ്പിള മെമ്മോറിയല്‍ ഹാളിലേക്ക് അദ്ദേഹത്തിന്റെ വാഹനം കടന്ന് പോകുന്ന വഴിക്ക് ഒന്നര മണിക്കൂര്‍ മുമ്പേ പൊതുജനങ്ങളുടെ വാഹനങ്ങള്‍ തടഞ്ഞു. കറുത്ത മാസ്‌ക് ധരിച്ചവര്‍ പോലും ഈ വഴി കടന്ന് പോകരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കി.അതേസമയം വന്‍ സുരക്ഷാ വിന്യാസങ്ങള്‍ക്കിടയിലും  യുവമോർച്ചയും യൂത്ത് കോൺഗ്രസും  മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടി. പരിപാടിക്ക് വരുന്ന വഴി നാട്ടകത്ത് വെച്ചാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. പരിപാടി കഴിഞ്ഞ് മടങ്ങും വഴി നാഗമ്പടം പാലത്തിനു സമീപം വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാട്ടി.

   'എന്ത് പിപ്പിടി കാട്ടിയാലും ഇങ്ങോട്ട് ഏശില്ല, അതൊക്കെ അങ്ങ് കയ്യിൽ വെച്ചാൽ മതി' : മുഖ്യമന്ത്രി


  സ്വർണ്ണക്കടത്ത് കേസില്‍ സ്വപ്നാ സുരേഷിന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'എന്ത് പിപ്പിടി കാട്ടിയാലും ഇങ്ങോട്ട് ഏശില്ല എന്ന് പിണറായി വിജയൻ തുറന്നടിച്ചു. ഇതൊക്കെ മനസ്സിൽ വെച്ചാൽ മതി. ഇതൊക്കെ കൊണ്ട് എന്തോ ഇളകും എന്ന് കരുതിയാൽ നിങ്ങൾക്ക് തെറ്റും. അതൊക്കെ അങ്ങ് കയ്യിൽ വെച്ചാൽ മതി' എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

  സ്വര്‍ണക്കടത്ത് വിവാദത്തെക്കുറിച്ച് പേരെടുത്ത് പരാമർശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കെജിഒഎ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ്  മുഖ്യമന്ത്രി പിണറായി വിജയൻ വിവാദത്തിൽ ശക്തമായ മറുപടിയുമായി രംഗത്ത് വന്നത്.

  ഈ വേദി ഇത്തരം കാര്യങ്ങൾ പറയാൻ ഉള്ളത്  അല്ല. അത് കൊണ്ട് കൂടുതൽ പറയുന്നില്ല എന്നു പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി തുടങ്ങിയത്.  ജനങ്ങളിൽ പൂർണ വിശ്വാസം ഉണ്ട് എന്ന് 2021 ലെ തിരഞ്ഞെടുപ്പ് വിജയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വിശദീകരിച്ചു. അക്കാലത്തും വലിയ വാർത്താ പ്രളയമാണ് ഉണ്ടായത്. പക്ഷേ ഇടതുമുന്നണി അധികാരത്തിൽ വരണമെന്ന് ജനം തീരുമാനിച്ചു. ഇടത് മുന്നണിക്ക് നല്ല പിന്തുണ ജനം ഇപ്പോളും നൽകുന്നു. തുടർന്നും നാടിന് വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നവ കേരളം സൃഷ്ടിക്കാല്‍ ആണ് ലക്ഷ്യം എന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
  Published by:Arun krishna
  First published: