• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർഥികൾ ഹോട്ടലില്‍ ഹാള്‍ ടിക്കറ്റ് മറന്നുവച്ചു; ബാഗുമായി പൊലീസ് ഉദ്യോഗസ്ഥർ ബുള്ളറ്റിൽ പറന്നെത്തി

ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർഥികൾ ഹോട്ടലില്‍ ഹാള്‍ ടിക്കറ്റ് മറന്നുവച്ചു; ബാഗുമായി പൊലീസ് ഉദ്യോഗസ്ഥർ ബുള്ളറ്റിൽ പറന്നെത്തി

പരീക്ഷ കഴിഞ്ഞതിന് ശേഷം പൊലീസ് സ്റ്റേഷനിൽ എത്തി മധുരപലഹാരം നൽകിയ ശേഷമാണ് പഴയങ്ങാടിയിലേക്ക് ഈ കുട്ടികൾ മടങ്ങിയത്.

  • Share this:

    കാസര്‍കോട്: ഭക്ഷണം കഴിക്കാൻ ഹോട്ടലില്‍ എത്തി ഹാൾ ടിക്കറ്റു മറന്നുവച്ച വിദ്യാർഥികൾക്ക് പരീക്ഷാ കേന്ദ്രത്തിലേക്ക് എത്തിച്ചു നൽകി പൊലീസ് ഉദ്യോഗസ്ഥർ. ചട്ടഞ്ചാൽ മലബാർ ഇസ്‍ലാമിക് സ്കൂളിൽ ആണ് സംഭവം. കൃത്യസമയത്ത് 12 കിലോമീറ്റർ  സ‍ഞ്ചരിച്ച് ഹാൾ ടിക്കറ്റു  നൽകി കൈയ്യടി നേടിയിരിക്കുകയാണ് കേരള പൊലീസ്.

    പഴയങ്ങാടി മാട്ടൂൽ ഇർഫാനിയ ജൂനിയർ അറബിക് കോളജിലെ വിദ്യാർഥികളും പയ്യന്നൂർ, തളിപ്പറമ്പ്, പിലാത്തറ സ്വദേശികളുമായ മുഹമ്മദ് സഹൽ, കെ.കെ.അൻഷാദ്, എം.അനസ്, ഒ.പി.ഷഹബാസ്, എം.പി.നിഹാൽ എന്നിവർ എസ്എസ്എൽസി കെമിസ്ട്രി പരീക്ഷ എഴുതാൻ ചട്ടഞ്ചാൽ മലബാർ ഇസ്‍ലാമിക് സ്കൂളിൽ എത്തിയപ്പോഴാണ് ഹാൾ ടിക്കറ്റ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. മാവേലി എക്സ്പ്രസിന് കാസർകോട് ഇറങ്ങിയ വിദ്യാർഥികൾ പുതിയ ബസ് സ്റ്റാൻഡിലെത്തി ഹോട്ടലിൽ ചായ കുടിക്കാൻ കയറിയിരുന്നു. അതിനിടെയാണ് ചട്ടഞ്ചാൽ ഭാഗത്തേക്കുള്ള ബസ് എത്തിയത്.

    Also read-‘അടിച്ചു സാറേ’; ലോട്ടറി അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്

    പെട്ടെന്ന് ബസിൽ കയറുന്നതിനിടെ ബാഗ് എടുക്കാൻ മറക്കുകയായിരുന്നു. ഇത് വിദ്യാർഥികൾ 12 കിലോമീറ്റർ പിന്നിട്ട് ചട്ടഞ്ചാൽ ഇറങ്ങിയപ്പോഴാണ് ഒരു ബാഗ് ഇല്ലെന്നു കണ്ടത്. എസ്എസ്എൽസി പരീക്ഷ എഴുതാനുള്ള 5 വിദ്യാർഥികളുടെയും ഹാൾ ടിക്കറ്റ് ആ ബാഗിലായിരുന്നു. 9.30നു മുൻപ് ഹാൾ ടിക്കറ്റ് കിട്ടിയില്ലെങ്കിൽ പരീക്ഷയെഴുതാൻ കഴിയില്ല. അപ്പോഴേക്കും സമയം ഒൻപത് മണികഴിഞ്ഞിരുന്നു. ഇതിനെ തുടർന്ന് ഇവർ മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

    ഇതോടെ സ്‌ട്രൈക്കർ ഫോഴ്‌സിലെ സിവിൽ പൊലീസ് ഓഫീസർമാരായ അരുൺ , മുകേഷ് എന്നിവർ ചട്ടഞ്ചാലിലേക്ക് ഓടിയെത്തുകയായിരുന്നു. കൃത്യ സമയത്ത് ഹാൾ ടിക്കറ്റു എത്തിച്ച പോലീസുകാർക്ക് കുട്ടികൾ നന്ദി പറഞ്ഞു. പരീക്ഷ കഴിഞ്ഞതിന് ശേഷം പൊലീസ് സ്റ്റേഷനിൽ എത്തി മധുരപലഹാരം നൽകിയ ശേഷമാണ് പഴയങ്ങാടിയിലേക്ക് ഈ കുട്ടികൾ മടങ്ങിയത്.

    Published by:Sarika KP
    First published: