കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും രഹസ്യ മൊഴി നാളെ രേഖപ്പെടുത്തും. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഇരുവരും മൊഴി നല്‍കുക. സ്വര്‍ണക്കടത്തിനും ഡോളര്‍ കടത്തിനും പിന്നില്‍ വമ്പന്‍ സ്രാവുകളുണ്ടെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇരുവരുടെയും രഹസ്യമൊഴിയില്‍ നിര്‍ണായക വിവരങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്കു കൂട്ടല്‍.
നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിന്റെ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നതിനിടെയാണ് കേസിലെ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും നിര്‍ണായക നീക്കം. കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ കോടതിക്ക് നേരിട്ട് നല്കാന് അനുവദിക്കണമെന്ന് ആയിരുന്നു ഇരുവരുടെയും ആവശ്യം.
തുടര്‍ന്ന് അഭിഭാഷകന് മുഖേന വിവരങ്ങള്‍ നല്കാന് ആവശ്യപ്പെട്ട കോടതി പിന്നീട് നേരിട്ട് വിവരങ്ങള്‍ നല്കാന് അവസരം നല്കി. മൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സ്വപ്നയെയും സരിത്തിനെയും കോടതിയില്‍ എത്തിച്ച് കൗണ്‍സിലിംഗ് നല്കി. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വെളിപ്പെടുത്തലുകള്‍ രഹസ്യമൊഴിയിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.
കേസില്‍ ഇടപെട്ട ഉന്നതരുടെ പങ്കിനെക്കുറിച്ചും മൊഴി നല്‍കാനുള്ള സാധ്യത അന്വേഷണ ഏജന്‍സികള്‍ തള്ളിക്കളയുന്നില്ല. നവംബര്‍ 27 മുതല്‍ 29 വരെ ചോദ്യം ചെയ്തപ്പോള്‍ സ്വപ്നയും സരിത്തും നല്കിയ 3 നിര്‍ണായക മൊഴികള്‍ കസ്റ്റംസ് മുദ്ര വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് സ്വര്‍ണക്കടത്തിനും ഡോളര്‍ കടത്തിനും പിന്നില്‍ വമ്പന്‍ സ്രാവുകളുണ്ടെന്ന് കോടതി വ്യക്തമാക്കിയത്. ഡോളര്‍ കടത്തു കേസില്‍ സ്വപ്നയുടെയും സരിത്തിന്റെയും കസ്റ്റംസ് കസ്റ്റഡി കാലാവധിയും നാളെ അവസാനിക്കും.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.