ആലപ്പുഴ: തട്ടുകടയിൽനിന്ന് പാഴ്സലായി വാങ്ങിയ കപ്പ ബിരിയാണിയിൽനിന്ന് (Biriyani) വെള്ളി മോതിരം (Silver ring) ലഭിച്ചു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് വെള്ളി മോതിരം ശ്രദ്ധയിൽപ്പെട്ടത്. ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്ക് അടുത്ത് കണിച്ചുകുളങ്ങറയിലെ തട്ടുകടയിൽനിന്ന് വാങ്ങിയ ഭക്ഷണത്തിലാണ് വെള്ളി മോതിരം കണ്ടെത്തിയത്. ഇതേത്തുടർന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ചേർത്തല നഗരസഭയിൽ പരാതി നൽകുകയായിരുന്നു. നഗരസഭാ ആരോഗ്യവിഭാഗം അധികൃതർ നടത്തിയ പരിശോധനയ്ക്കൊടുവിൽ കട പൂട്ടാൻ നിർദേശം നൽകി.
ചേർത്തല കണിച്ചുകുളങ്ങര റൂട്ടിൽ അപ്സര കവലയ്ക്ക് അടുത്തുള്ള തട്ടുകടയ്ക്കെതിരെയാണ് പരാതി ലഭിച്ചത്. ഇതേത്തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ തട്ടുകട അനാരോഗ്യകരമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. ഇതോടെ കട പൂട്ടാൻ അധികൃതർ നിർദേശം നൽകുകയായിരുന്നു. ഭക്ഷണം വിൽപന നടത്തിയത് ചേർത്തല നഗരസഭയുടെ പരിധിയിലായിരുന്നെങ്കിലും പാകം ചെയ്തത് തണ്ണീർമുക്കം പഞ്ചായത്ത് പരിധിയിലാണ്. ഇതോടെ തണ്ണീർമുക്കം പഞ്ചായത്ത് അധികൃതരെ നഗരസഭ ആരോഗ്യവിഭാഗം വിവരം അറിയിച്ചു. പാകം ചെയ്യുന്ന സ്ഥലത്ത് പഞ്ചായത്ത് അധികൃതർ പരിശോധന നടത്തി. കടയുടമയ്ക്കെതിരെ നടപടി ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
190 സ്ഥാപനങ്ങളില്‍ പരിശോധന; 16 കടകള്‍ക്കെതിരെ നടപടി; പരിശോധന ജ്യൂസ് കടകളിലും
'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാമ്പയിന്റെ ഭാഗമായി 190 കടകള്‍ പരിശോധിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 16 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 59 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. 20 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 8 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.
കഴിഞ്ഞ 10 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 2373 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 217 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 776 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. 334 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 193 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.
ജ്യൂസ് കടകളിലെ പ്രത്യേക പരിശോധന ആരംഭിച്ചിട്ടുണ്ട്. കടയുടെ വൃത്തി പ്രധാനമാണ്. പഴങ്ങള്‍, വെള്ളം, ഐസ്, കളര്‍ എന്നിവ പരിശോധിക്കും. പരിശോധനയോടൊപ്പം ബോധവത്ക്കരണം ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് സ്ക്വാഡിന്റെ അവലോകന യോഗം നടത്തുന്നതാണ്. 199 ജ്യൂസ് കടകളാണ് പരിശോധിച്ചത്.
4 ജ്യൂസ് കടയ്ക്കെതിരെ നടപടി സ്വീകരിച്ചു. 6 സര്‍വയലന്‍സ് സാമ്പിള്‍ ശേഖരിച്ചു. 27 കടകള്‍ക്ക് നോട്ടീസ് നല്കി. ഉപയോഗ ശൂന്യമായ 88 പാല് പാക്കറ്റുകള്‍, 16 കിലോഗ്രാം പഴങ്ങള്‍, 5 കിലോഗ്രാം ഈന്തപ്പഴം, 12 കുപ്പി തേന്‍ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.
ഹോട്ടലുകളിലേയും സ്ഥാപനങ്ങളിലേയും ഭക്ഷ്യ സുരക്ഷാ പരിശോധന തുടരുന്നതാണ്. ഇതോടൊപ്പം മീനിലെ മായം കണ്ടെത്താനുള്ള ഓപ്പറേഷന് മത്സ്യയും ശര്‍ക്കരയില്‍ മായം കണ്ടെത്താനുള്ള ഓപ്പറേഷന് ജാഗറിയും തുടരുന്നു. ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് ശക്തമായ പരിശോധന നടത്തി വരുന്നു.
ഓപ്പറേഷന് മത്സ്യയുടെ ഭാഗമായി ഇതുവരെ 6361 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4255 പരിശോധനകളില്‍ 2296 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 90 പേര്‍ക്ക് നോട്ടീസ് നല്കി. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്ക്കരിച്ച ഓപ്പറേഷന് ജാഗറിയുടെ ഭാഗമായി 544 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 5 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.