തിരുവനന്തപുരം: കോവളത്ത് രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ ബൈക്ക് അപകട സമയത്ത് 100 കിലോമീറ്ററിലേറെ വേഗതയിലായിരുന്നുവെന്ന് മോട്ടോർ വാഹനവകുപ്പ്. അപകടത്തിന് കാരണമായത് റേസിങ് അല്ലെന്നും, ഇൻസ്റ്റാഗ്രാം റീൽ ഷൂട്ട് ചെയ്തു മടങ്ങുന്നതിനിടെയായിരുന്നു അപകടമെന്നും മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന അരവിന്ദ്(25), വീട്ടുജോലിക്കായി പോയ പനത്തുറ സ്വദേശിനി സന്ധ്യ (53) എന്നിവരാണ് മരിച്ചത്.
അതേസമയം പത്തു ലക്ഷത്തിലേറെ രൂപ വില വരുന്ന ആയിരം സിസിസിലേറെയുള്ള സ്പോർട്സ് ബൈക്കാണ് അരവിന്ദ് ഓടിച്ചിരുന്നതെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അപകടം നടക്കുമ്പോൾ, ബൈക്ക് 100 കിലോമീറ്ററിലേറെ വേഗതയിലായിരുന്നു. പാച്ചല്ലൂർ തോപ്പടി നാഷണൽ ഹൈവേ റോഡിൽ വച്ച് കഴിഞ്ഞ ദിവസം രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം ഉണ്ടായത്.
അപകടത്തിന് കാരണം റേസിങ് ആണെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. അശ്രദ്ധമായി റോഡ് മുറിച്ച് കടന്നതാണ് സന്ധ്യ അപകടത്തിൽപ്പെടാൻ കാരണമെന്നും മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ടിലുണ്ട്.
Also Read- തിരുവനന്തപുരത്ത് കാൽനടയാത്രക്കാരി മരിച്ച അപകടത്തിനിടയാക്കിയ ബൈക്ക് ഓടിച്ച യുവാവും മരിച്ചു
ഇടിയുടെ ആഘാതത്തിൽ റോഡിലെ ഡിവൈഡറിലേക്കു തെറിച്ചുവീണാണ് സന്ധ്യ മരിച്ചത്. സന്ധ്യയുടെ ഇടതുകാൽ മുറിഞ്ഞുമാറി റോഡിൽ വീണു. തല പൊട്ടിയും കഴുത്തൊടിഞ്ഞ നിലയിലാണ് ഡിവൈഡറിലെ കുറ്റിക്കാട്ടിൽ മൃതദേഹം കിടന്നിരുന്നത്. സന്ധ്യയെ ഇടിച്ചുതെറിപ്പിച്ചശേഷം നിയന്ത്രണം തെറ്റിയ ബൈക്ക് അര കിലോമീറ്റർ അകലെ റോഡിലൂടെ നിരങ്ങിനീങ്ങിയാണ് ഓടയിൽ വീണത്. ഗുരുതരമായി പരിക്കേറ്റ അരവിന്ദിനെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.