നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അഭയാർഥിയായി വന്ന് തുന്നിയെടുത്ത ലിസിയുടെ ജീവിതം

  അഭയാർഥിയായി വന്ന് തുന്നിയെടുത്ത ലിസിയുടെ ജീവിതം

  ഉത്തരേന്ത്യക്കാരിയായ ശിവാനി പട്ടേൽ കേരളത്തിൽ വന്ന് തെരുവിൽ കഴിഞ്ഞു ഡയാന ലിസിയെന്ന ചെരുപ്പുകുത്തിയായി മാറിയ ജീവിതകഥ

  lissy_home

  lissy_home

  • Share this:
   സനോജ് സുരേന്ദ്രൻ

   ശിവാനി പട്ടേല്‍ ഡയനാ ലിസി ആയതിന് പിന്നില്‍ ഒരുപാട് വേദനിപ്പിക്കുന്ന കഥകളുണ്ട്. പട്ടേല്‍ സമുദായത്തിലെ നിയമ പ്രകാരം സ്വത്തവകാശം പെണ്‍കുട്ടികള്‍ക്കാണെന്ന് ലിസി പറയുന്നു. അതുപ്രകാരം ശിവാനിയെന്ന ലിസിയുടെ അമ്മയ്ക്കായിരുന്നു കുടുംബ സ്വത്തിന് അവകാശം. പക്ഷേ ആര്‍ത്തി പൂണ്ട അമ്മാവന്‍മാര്‍ ശിവാനിയുടെ അമ്മയെ കൊലപ്പെടുത്തി. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ശിവാനിയെന്ന കൗമാരക്കാരി രക്തത്തില്‍ കുളിച്ച് കിടന്ന അമ്മയുടെ മ്യതശരീരമാണ് കണ്ടത്. അമ്മയെ കണ്ട് നിലവിളിച്ച ശിവാനിക്ക് നേരെയും അമ്മാവന്‍മാര്‍ അവരുടെ ക്രൂരത കാട്ടി. ആസിഡ് ആക്രണത്തിലൂടെ ശിവാനിയെയും കൊലപ്പെടുത്തുവാനായിരുന്നു ശ്രമം. പൊള്ളലേറ്റ ശരീരവുമായി നിലവിളിച്ച് ജീവനുംകൊണ്ട് ഓടിയ ശിവാനി, പിതാവുമായി കള്ളവണ്ടി കയറി നാട് വിട്ടു. ഒടുവില്‍ വന്നെത്തിയത് ഇങ്ങ് തെക്ക്, കേരളത്തില്‍.

   ദുരിതം നിറഞ്ഞ ജീവിതമായിരുന്നു കേരളത്തിലും ശിവാനിക്ക് നേരിടേണ്ടി വന്നത്. ആക്രി പെറുക്കിയും, കടത്തിണ്ണകളില്‍ അന്തി ഉറങ്ങിയുമായിരുന്നു ജീവിതം. ഒടുവില്‍ പ്രായപൂര്‍ത്തിയാവാത്ത മകളുമായി കടത്തിണ്ണയില്‍ കിടക്കുന്നത് ശരിയല്ലെന്ന പൊലീസ് അറിയിപ്പിനെ തുടര്‍ന്ന് കുറച്ച് കാലം പൊലീസ് സ്റ്റേഷനിലായിരുന്നു ഉറക്കം. ഇതിനിടയില്‍ കേടുപാടുകള്‍ വന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ നന്നാക്കുന്ന തൊഴില്‍ പഠിച്ച ശിവാനി വീടുകള്‍ കയറി ഇറങ്ങി ആ പണിയും ചെയ്തു. പീന്നിട് ചെരുപ്പ് തുന്നല്‍ പഠിച്ച ശിവാനി ഇതിനിടയില്‍ ഡയാന ലിസിയെന്ന പേരും സ്വീകരിച്ചു.

   മകള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങിയെന്ന് തിരിച്ചറിഞ്ഞ പിതാവ് പീന്നിട് ഒരു തമിഴ് സ്ത്രീയെ വിവാഹം കഴിച്ച് മടങ്ങിയതോടെ ലിസി ഏകയായി. പേരാമ്പ്രയിലെ തെരുവോരത്ത് ചെരുപ്പ് തുന്നി അങ്ങനെ ലിസി ജീവിതം തള്ളി നീക്കി കൊണ്ടിരുന്നു. ചെരുപ്പ് തുന്നുന്ന സ്ത്രീയായത് കൊണ്ട് അടുത്തിരിക്കാന്‍ മലയാളികളില്‍ പലരും മടുപ്പ് കാണിച്ചു. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ പലരും മാറിപോയിരുന്നത് നിറകണ്ണുകളോടെയാണ് ലിസി ഓര്‍ത്തെടുക്കുന്നത്. ജീവിതത്തില്‍ ഒരുപാട് അനുഭവിച്ചത് കൊണ്ട് തന്നെ ചെരുപ്പ് തുന്നി കിട്ടിയ നാണയത്തുട്ടുകള്‍ മറ്റുള്ളവരുടെ സഹായത്തിനാണ് ലിസ്സി ചെലവഴിക്കുന്നത്. സമ്പാദ്യമെന്ന് പറയുവാന്‍ കഴുത്തില്‍ കിടക്കുന്ന ഒരു സ്വര്‍ണ്ണമാല മാത്രമാണ് ഉള്ളത്. കഴിഞ്ഞ പ്രളയകാലത്ത് ചെരുപ്പ് തുന്നികിട്ടിയ സമ്പാദ്യത്തില്‍ 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ ലിസി 25 സാരിയും വാങ്ങി നല്‍കി. ഈ പ്രളയകാലത്തും ആ പതിവ് തെറ്റിയില്ല. 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കൂടുതല്‍ തുക നല്‍കുവാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും 3500 രൂപ ആരോ അപഹരിച്ചു. എങ്കിലും ആരോടും ലിസിക്ക് പരാതിയും പരിഭവവുമില്ല.

   നിപ്പ കാലത്ത് ജനം പുറത്തിറങ്ങുവാന്‍ ഭയപ്പെട്ട നാളില്‍ ലിസി പേരാമ്പ്ര ബസ് സ്റ്റാൻഡിലെ മരചുവട്ടില്‍ ചെരുപ്പ് തുന്നി കഴിഞ്ഞിരുന്നു. ഈ സമയം സ്റ്റാൻഡിനുള്ളില്‍ തളര്‍ന്ന് വീണ സ്ത്രീയെ താങ്ങിയെടുക്കാന്‍ ആരും തയ്യാറായില്ല. ഒടുവില്‍ ലിസിയും ഒട്ടോറിക്ഷാ തൊഴിലാളികളും ചേര്‍ന്നാണ് ആ സത്രീയെ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ അവര്‍ക്ക് രക്ത സമ്മര്‍ദ്ദം കുറഞ്ഞതാണെന്ന് കണ്ടെത്തിയിരുന്നതായി ലിസി പറയുന്നു.

   ഈ ജീവിതം കേട്ടറിഞ്ഞ സാമൂഹ്യപ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂര്‍ ലിസിക്ക് സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ച് നല്‍കുവാനുള്ള തന്റെ ആഗ്രഹം പങ്കുവെച്ചത്. പേരാമ്പ്രയിലെ ഒറ്റമുറിയില്‍ വാടകയ്ക്ക് കഴിയുന്ന ലിസിയെ നേരില്‍ കണ്ടാണ് സുശാന്ത് തന്റെ ആഗ്രഹം അറിയിച്ചത്. പൂര്‍വ്വകാലം ഓര്‍ത്തെടുത്ത ലിസി നിറകണ്ണുകളോടെയാണ് തീരുമാനം കേട്ടത്. ഒടുവില്‍ ഭാവിയിലെ സമ്പാദ്യം കൊണ്ട് താനും എതെങ്കിലും പാവങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് പറയാന്‍ ലിസിക്ക് ഒരു മടിയും ഉണ്ടായില്ല. കാരണം അവര്‍ ജീവിക്കുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയാണല്ലോ.

   പേരാമ്പ്ര കേന്ദ്രികരിച്ചുള്ള ദയ പാലിയേറ്റീവ് കെയറിന്റെ വാളണ്ടിയര്‍ കൂടിയായ ഇവര്‍ വഴിയോര തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യുവിന്റെ ട്രഷറര്‍ കൂടിയാണ്. ഇന്ന് കേരളത്തില്‍ നിന്ന് ലഭിക്കുന്ന പരിഗണനയില്‍ വലിയ സന്തുഷ്ടയാണ്. അപ്പോഴും ഒരു സങ്കടം ബാക്കിയുണ്ട്. അമ്മയെ കുറിച്ചുള്ള സങ്കടം. ആ സങ്കടങ്ങള്‍ മാറ്റുവാന്‍ രാത്രി സമയങ്ങളില്‍ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി അമ്മയാണെന്ന് കരുതി സംസാരിക്കുമെന്ന് ലിസി. ആ രാത്രിയില്‍ അമ്മയെ സ്വപ്നം കാണും പിന്നെ സന്തോഷത്തോടെ ചെരുപ്പ് തുന്നാന്‍ പോകുമെന്ന് ലിസി പറയുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു...
   First published: