നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • #MissionPaani: വരൾച്ചയിലും തെളിനീരൊഴുക്കി ഇരപ്പ് വെള്ളച്ചാട്ടം; ഒരു അതിജീവന കഥ

    #MissionPaani: വരൾച്ചയിലും തെളിനീരൊഴുക്കി ഇരപ്പ് വെള്ളച്ചാട്ടം; ഒരു അതിജീവന കഥ

    erappu waterfall

    erappu waterfall

    • News18
    • Last Updated :
    • Share this:
      #മീര മനു

      തിരുവനന്തപുരം: ജലക്ഷാമത്തിൽ ലോകം വലയുന്ന കാലമാണിത്. കുടിവെള്ളം കിട്ടാക്കനിയായി മാറുമ്പോൾ ഓരോ തുള്ളിയും ശ്രദ്ധയോടെ ഉപയോഗിക്കണമെന്ന സന്ദേശത്തിന് പ്രാധാന്യമേറെ. ഈ ഘട്ടത്തിൽ ഒരു ജലസ്രോതസ് പ്ലാസ്റ്റിക്കിന്റെ പിടിയിൽ നിന്നും വീണ്ടെടുത്തതിന്‍റെ മാതൃക വിളിച്ചോതുകയാണ് കൊല്ലം ജില്ലയിലെ ഏരൂരിലെ ഇരപ്പ് വെള്ളച്ചാട്ടം. വർഷം മുഴുവൻ തെളിനീരൊഴുക്കി പ്രദേശവാസികൾക്കും പക്ഷി മൃഗാദികൾക്കും ആശ്വാസമേകാൻ കഴിയുന്നവിധമാണ് ഇരപ്പ് വെള്ളച്ചാട്ടത്തിന്‍റെ പുനരുജ്ജീവനം.

      ഇക്കഴിഞ്ഞ ലോക പരിസ്ഥിതി ദിനത്തിൽ, ഒരു വലിയ ദൗത്യത്തിനൊടുവിലായിരുന്നു ഇരപ്പ് വെള്ളച്ചാട്ടത്തിന്‍റെ വീണ്ടെടുപ്പ്. നാട്ടുകാർ ഒരുമനസോടെ കൈകോർത്തപ്പോൾ കുളിർമയേകി ജലമൊഴുകി. ആർച്ചൽ ഓലിയരുക് ഇരപ്പ് അതിജീവന സമിതി നേതൃത്വത്തിലാണ് പുനരുജ്ജീവനപ്രവർത്തനങ്ങൾ നടന്നത്. പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള പരിസ്ഥിതിമലിനീകരണമായിരുന്നു ഇരപ്പ് വെള്ളച്ചാട്ടത്തെ ബാധിച്ചിരുന്നത്. ഈ ഘട്ടത്തിലായിരുന്നു നാട്ടുകാർ വെള്ളച്ചാട്ട അതിജീവന ദൌത്യവുമായി രംഗത്തിറങ്ങിയത്. സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടുന്ന സംഘം വെള്ളച്ചാട്ടത്തിൽ കെട്ടിക്കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് വൃത്തിയാക്കി. ഏകദേശം 15 ചാക്കുകളിൽകൊള്ളുന്ന മാലിന്യമാണ് അവിടെ നിന്ന് മാറ്റിയത്. ഇതിൽ ഏറെയും കുടിവെള്ളകുപ്പികളായിരുന്നു.

      ഒരുകാലത്ത് ഇരപ്പ് വെള്ളച്ചാട്ടത്തെ ആശ്രയിച്ചായിരുന്നു ആർച്ചൽ ഗ്രാമത്തിലെ കൃഷിയെന്ന് സമിതി പ്രവർത്തകനായ വിശാൽ ഉദയകുമാർ പറയുന്നു. മുൻകാലങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ നെൽകൃഷി നടത്തിയിരുന്നതെങ്കിൽ ഇപ്പോഴത് പച്ചക്കറികൃഷിയായി മാറി. പ്രദേശത്തെ 70 ശതമാനവും വാഴകൃഷിയാണ്, ഒപ്പം മറ്റു വിളകളും. വിവിധതരം പക്ഷിമൃഗാദികളും പ്രദേശത്ത് വസിക്കുന്നുണ്ട്.

      ഇരപ്പ് വെള്ളച്ചാട്ടത്തിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞുകൂടാൻ തുടങ്ങിയശേഷം ആദ്യമായാണ് ഒരു ശുചീകരണദൌത്യം നടക്കുന്നതെന്ന് വിശാൽ ഉദയകുമാർ പറയുന്നു. ഇവിടെനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്ക്കരിക്കാൻ ആവശ്യമായ സംവിധാനങ്ങൾ നിലവിൽ ഏരൂർ പഞ്ചായത്തിലില്ല. അതുകൊണ്ടുതന്നെ ഈ പ്ലാസ്റ്റിക് ശേഖരം റീസൈക്ലിങ് ഏജൻസിക്ക് കൈമാറുകയാണ് ചെയ്തത്. ആർച്ചൽ ഓലിയരുക് ഇരപ്പ് അതിജീവന സമിതിയുടെ പ്രവർത്തനം ഇവിടെ അവസാനിക്കുന്നില്ല. വരും നാളുകളിലും ഇത് തുടരും. വെള്ളച്ചാട്ടത്തിന്‍റെ വശങ്ങളിൽ വൃക്ഷത്തൈ വെച്ചുപിടിപ്പിച്ചു. ഇതിന് ആവശ്യമായ വൃക്ഷത്തൈകൾ വനംവകുപ്പ് സൗജന്യമായി ലഭ്യമാക്കി.

      ഇരപ്പ് വെള്ളച്ചാട്ടത്തിന് പറയാനുള്ളത് മഹത്തായ ഒരു അതിജീവനത്തിന്‍റെ കഥ തന്നെയാണ്. കൈയ്യേറ്റശ്രമങ്ങളെയും പ്ലാസ്റ്റിക് മാലിന്യങ്ങളെയും ഇല്ലാതാക്കിയാണ് ഇരപ്പിൽ വീണ്ടും വെള്ളമൊഴുകിയത്. പ്രദേശവാസികളുടെ ജലക്ഷാമം പരിഹരിച്ചതുമാത്രമല്ല, വിനോദസഞ്ചാര മേഖലയിലും ഇരപ്പ് വെള്ളച്ചാട്ടം ശ്രദ്ധേയമാകുകയാണ്. ഇരപ്പ് വെള്ളച്ചാട്ടത്തിന്‍റെ ടൂറിസം വികസനത്തിനായി ഡിടിപിസി (ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷൻ കൌൺസിൽ) ഇടപെടുന്നുണ്ട്. കൂടാതെ ഇരപ്പ് വെള്ളച്ചാട്ടത്തിന്‍റെ വീണ്ടെടുപ്പിനായി നടത്തിയ പ്രവർത്തനം ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പരിപാടിയിൽ ഉൾപ്പെടുത്തിയതും അഭിമാനകരമായാണ് സമിതി പ്രവർത്തകർ കാണുന്നത്.
      First published:
      )}