ഇന്ത്യൻ തീരം ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നതിന് അനുകൂല മേഖലയാവുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2019ന് ശേഷം അറബിക്കടലിലും, ബംഗാൾ ഉൾക്കടലിലുമായി രൂപപ്പെട്ടത് നാല് ചുഴലിക്കാറ്റുകൾ. ഇതിൽ മൂന്നും രൂപപ്പെട്ടത് അറബിക്കടലിൽ. ബംഗാള്‍ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റാണ് ഈ വർഷം ആദ്യമുണ്ടായത്.
ഏപ്രിൽ 26ന് രൂപം കൊണ്ട് മെയ് 4 വരെ ഫാനി നീണ്ടു നിന്നു. ഫാനി ഒഡീഷ തീരത്തും, വടക്ക് കിഴക്കൻ മേഖലയിലുമാണ് കൂടുതൽ നാശം വിതച്ചത്. കേരളത്തിൽ മൺസൂണിന്റെ തുടക്കത്തിൽ രൂപ്പെട്ട ഫാനി മൺസൂൺ കാറ്റിനെ സ്വാധീനിക്കുകയും, മൺസൂണിന്റെ തുടക്കത്തിൽ സംസ്ഥാനത്ത് മഴ കുറയാൻ കാരണമാവുകയും ചെയ്തു.
ജൂൺ 10ന് അറബിക്കടലിൽ വായു രൂപപ്പെട്ടു. 17വരെ നീണ്ടു നിന്ന വായു ചുഴലിക്കാറ്റ് ഗുജറാത്ത്, മുംബൈ മേഖലയിൽ അതി ശക്തമായ മഴയ്ക്ക് കാരണമായി. ഗുജറാത്ത് തീരത്ത് എത്തുമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും അവസാനം ദിശ മാറിയതോടെ വലിയ അപകടം ഒഴിവായി. അറബിക്കടലിൽ സെപ്റ്റംബർ 23ന് ഹിക്ക രൂപപ്പെട്ടു. 25 ഓടെ ഒമാൻ തീരത്ത് എത്തിയ ചുഴലിക്കാറ്റ് ഒമാനിൽ നാശ നഷ്ടമുണ്ടാക്കി. 27 ന് ഹിക്ക ഒമാന്‍ തീരം വിടുകയും ചെയ്തു. കൂടാതെ ദക്ഷിണ ചൈന കടലിടുക്കിൽ ഉണ്ടായ പബുക് ചുഴലിക്കാറ്റിന്റെ സഞ്ചാര ദിശയിൽ ഇന്ത്യൻ തീരവും ഉൾപ്പെട്ടു. ജനുവരി 4ന് ആൻഡമാൻ തീരത്തു കൂടി ബംഗാൾ ഉൾക്കടലിൽ പ്രവേശിക്കുകയായിരുന്നു
ഹിക്ക ചുഴലിക്കാറ്റിന്റെ എകദേശം സമാന ദിശയിലേയ്ക്കാണ് ക്യാറും നീങ്ങുന്നത്. മധ്യ കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ടിരുന്ന ന്യൂനമർദം 'ക്യാർ' ചുഴലിക്കാറ്റായ് മാറി മധ്യ കിഴക്കൻ അറബിക്കടലിൽ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിലേയ്ക്ക് നീങ്ങുകയാണ്. ഒമാൻ തീരത്തേയ്ക്ക് ക്യാർ എത്തുമെന്നാണ് കരുതുന്നത്.
നാല് ചുഴലിക്കാറ്റുകളും കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണമായി. പക്ഷേ നേരിട്ട് കേരള തീരത്തെത്തിയില്ല. അതിനാൽ തന്നെ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കാതെ കടന്ന് പോയി. എന്നാൽ നിരന്തരം ചുഴലിക്കാറ്റിന്റെ ഉത്ഭവ കേന്ദ്രമായ് അറബിക്കടൽ മാറുന്നത് ആശങ്കയോടെയാണ് ശാസ്ത്രലോകവും വീക്ഷിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.