• HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19 | കൊറോണക്കാലത്തെ അമിത ജോലിഭാരത്തിന്റെ ഇര, പൊലീസുകാരന്‍ ബൈക്കപകടത്തില്‍ മരിച്ചു

COVID 19 | കൊറോണക്കാലത്തെ അമിത ജോലിഭാരത്തിന്റെ ഇര, പൊലീസുകാരന്‍ ബൈക്കപകടത്തില്‍ മരിച്ചു

ആറുദിവസം കൊണ്ട് പെരുകിപ്പെരുകി പൊട്ടാറാകുന്ന സംഘര്‍ഷങ്ങളെ നേര്‍പ്പിച്ച് കളയാന്‍ ഏഴാമത്തെ ദിവസം എല്ലാവര്‍ക്കും വിട്ടുകൊടുക്കണം.

ബൈക്കപകടത്തില്‍ മരിച്ച കസബ പൊലീസ് ഓഫീസര്‍ സലീഷ്

ബൈക്കപകടത്തില്‍ മരിച്ച കസബ പൊലീസ് ഓഫീസര്‍ സലീഷ്

  • Last Updated :
  • Share this:
കോഴിക്കോട്: ജില്ലയിൽ ബൈക്കപകടത്തില്‍ മരിച്ച കസബ പൊലീസ് ഓഫീസര്‍ സലീഷ് കൊറോണക്കാലത്തെ അമിത ജോലിഭാരത്തിന്റെ ഇരയെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍. പത്തും പന്ത്രണ്ടും മണിക്കൂര്‍ വിശ്രമമില്ലാതെ ജോലി ചെയ്ത് തളര്‍ന്നുള്ള മടക്കയാത്രയിലാണ് സിലീഷ് മരിച്ചതെന്നും ഏത് പൊലീസുകാരനും ഈ അവസ്ഥയില്‍ വീണു പോകുമെന്നും കോഴിക്കോട്ടെ നഗരത്തിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് സലീഷ് ടെലിഫോണ്‍ പോസ്റ്റിലിടിച്ച് അപകടത്തില്‍പ്പെടുന്നത്. കരിവണ്ണൂര്‍ താഴെയായിരുന്നു അപകടം. വിജനമായ റോഡില്‍ ഏറെ നേരം പരിക്കേറ്റു കിടന്ന സലീഷ് രക്തം വാര്‍ന്നാണ് മരിച്ചത്. 45 കിലോമീറ്റര്‍ ദൂരെയുള്ള വീട്ടില്‍ നിന്നും എന്നും ബൈക്കോടിച്ചാണ് സലീഷ് ഡ്യൂട്ടിക്കെത്തുന്നത്.

You may also like:ഞാൻ ഇന്ത്യയിൽ ആയിരുന്നെങ്കിൽ എന്ന് ആശിക്കുന്നു; കോവിഡ് ലക്ഷണങ്ങളുമായി മലേഷ്യയിലെ ആശുപത്രിയില്‍ പോയ മലയാളി [NEWS]നിരീക്ഷണത്തിലിരിക്കെ ആശുപത്രിക്കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു; പരിശോധനാഫലം വന്നപ്പോൾ നെഗറ്റീവ് [NEWS]വിദേശികളുടെ വിവരം അമൃതാനന്ദമയി മഠം മറച്ചുവെച്ചു; കേസെടുക്കണമെന്ന് ആലപ്പാട് പഞ്ചായത്ത് [NEWS]

രാത്രി തിരിച്ചു പോകുമ്പോള്‍ ബൈക്കില്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സംശയം. ഏറ്റവും കുറഞ്ഞത് പന്ത്രണ്ട് മണിക്കൂറാണ് ഇപ്പോള്‍ പൊലീസുകാരുടെ ഡ്യൂട്ടിസമയം. രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണിവരെ പിക്കറ്റ് പോസ്റ്റില്‍ ഡ്യൂട്ടിയാണ്. ചിലപ്പോള്‍ ഡ്യൂട്ടി സമയം ഇതിലും കൂടും. ആഴ്ചയില്‍ ഒരു ദിവസമുള്ള ഓഫും ഇപ്പോള്‍ അനുവദിക്കുന്നില്ല.

പൊതുജനങ്ങളുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവരെന്ന നിലയില്‍ കൊറോണ ഭീതിയും പലര്‍ക്കുമുണ്ട്. കനത്ത ചൂട് ഇതിനെല്ലാം പുറമെ പ്രതിസന്ധി തീര്‍ക്കുന്നു. ഡ്യൂട്ടി സമയം ലഘൂകരിക്കാനും ഓഫ് അനുവദിക്കാനും പൊലീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അനുവദിക്കപ്പെട്ടിട്ടില്ല.

ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെ പോലീസുകാരന്‍ സലീഷ് വാഹനാപകടത്തില്‍ ഇല്ലാതായിരിക്കുന്നു. ആദരാഞ്ജലികള്‍ എന്ന ഒരു വാക്കല്ലാതെ മറ്റൊന്നും കയ്യിലില്ലല്ലോ കൂട്ടുകാരാ..എല്ലാദിവസവും അതിരാവിലെ വീട്ടില്‍ നിന്ന് പുറപ്പെട്ട്, രാത്രി വരെ തെരുവുകളില്‍ പണിയെടുത്ത് തളര്‍ന്നുള്ള മടക്കയാത്രയില്‍ ഏതു പോലീസുകാരനും വീണു പോയേക്കാം. അത്രത്തോളമുണ്ട് കൊറോണക്കാലത്തെ ജോലിഭാരം.

ആ ഭാരത്തെ ലഘൂകരിക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. എട്ടു മണിക്കുറായി ജോലിസമയം നിജപ്പെടുത്തണം പൊലീസുകാരുടെ ഡ്യൂട്ടി. തുടര്‍ച്ചയായി എല്ലാ ദിവസവും രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ടുമണിവരെ ഉണക്കാനിടരുത് മനുഷ്യരെ. ആഴ്ചയിലൊരു ദിവസത്തെ ഓഫ് എല്ലാവര്‍ക്കും അനുവദിച്ചു കൊടുക്കണം.

ആറുദിവസം കൊണ്ട് പെരുകിപ്പെരുകി പൊട്ടാറാകുന്ന സംഘര്‍ഷങ്ങളെ നേര്‍പ്പിച്ച് കളയാന്‍ ഏഴാമത്തെ ദിവസം എല്ലാവര്‍ക്കും വിട്ടുകൊടുക്കണം. അനാവശ്യമായി തെരുവിലിറങ്ങുന്നവരിലെ ചില ഊളകള്‍ ഐജിയോട് വരെ കയര്‍ക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. അത്തരക്കാര്‍ സാധാരണ പോലീസുകാരോട് എങ്ങനെയായിരിക്കും പെരുമാറുക എന്നൂഹിക്കാമല്ലോ.

അതിനിടയില്‍ ചിലപ്പോഴെങ്കിലും മറ്റുഭീഷണികളും ഞെട്ടിക്കലുകളും. ഇടപെടുന്ന ആളുകളിലാരെങ്കിലും കൊറോണ പകര്‍ത്തുമോ എന്ന ഭീതി വേറെ. അങ്ങനെയുള്ള ഒരോ ഡ്യൂട്ടിയും കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയില്‍ പിറ്റേദിവസം അതിരാവിലെ തിരിച്ചു വരേണ്ടതിനെക്കുറിച്ച് മാത്രമേ മനസ്സിലുണ്ടാവൂ. മടുപ്പും. സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് പൊലീസുകാരെ ഡ്യൂട്ടിയെടുപ്പിക്കുന്നതിലും വിശ്രമം നല്‍കുന്നതിലും നിയമപരവും മനുഷ്യത്വപരവുമായ സമീപനം ഉണ്ടാകണം.

ജനങ്ങളോടുള്ള ഇടപെടലിലെ നിലവാരം കാത്തു സൂക്ഷിക്കാനും അത്തരമൊരു സമീപനം അനിവാര്യമാണ്. ഒരു പോലീസുകാരന്റെ മരണം പതിനായിരക്കണക്കിന് പേരില്‍ ഒരാള്‍ എന്നേ ഏറ്റവും ഉയരത്തിലിരിക്കുന്നവര്‍ക്ക് അനുഭവപ്പെടൂ. പക്ഷേ, അയാളുടെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും സംബന്ധിച്ച് ഒരേയൊരാളാണ്. അവര്‍ക്ക് അയാളുടെ നഷ്ടം ഏറ്റവും വലിയ നഷ്ടമാണ്. അവരുടെ സ്വാഭാവിക ജീവിതത്തിന്റെ തന്നെ അവസാനമാണ്. കൈറോണക്കാലം കഴിഞ്ഞാലും മനുഷ്യരെല്ലാവരും ബാക്കിയുണ്ടാവണം. അതിനു വേണ്ടിയാണ് നമ്മളെല്ലാവരും പാടുപെടുന്നത്. വീട്ടിലിരിക്കാതെ ജോലി ചെയ്യേണ്ടി വരുന്നവരും ജീവിച്ചിരിക്കേണ്ടതുണ്ട്.Published by:Joys Joy
First published: