HOME » NEWS » Kerala » THE YEAR OF VIRUS KERALA DEFEATS

നിപയെന്ന മഹാമാരിയെ തോൽപ്പിച്ച വർഷം

News18 Malayalam
Updated: December 29, 2018, 4:01 PM IST
നിപയെന്ന മഹാമാരിയെ തോൽപ്പിച്ച വർഷം
(പ്രതീകാത്മക ചിത്രം)
  • Share this:
അനുരാജ് ജി.ആർ

'സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. sorry... നമ്മുടെ മക്കളെ നന്നായി നോക്കണേ...'- വിതുമ്പലോടെ കേരളം വായിച്ച ഒരു മാലാഖയുടെ കത്തിലെ വാചകങ്ങളാണിത്. കേരളം ഇന്നേവരെ കേള്‍ക്കാതിരുന്ന നിപ എന്ന മഹാമാരി കവര്‍ന്നെടുത്ത പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സിസ്റ്റര്‍ ലിനിയെ നാം എങ്ങനെ മറക്കും? 2018 കടന്നുപോകുമ്പോള്‍ പ്രളയം പോലെ കേരളത്തെ ഭയപ്പെടുത്തിയ ഒന്നായിരുന്നു നിപ കാലവും. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 19 പേര്‍ക്ക് നിപ പിടിപെടുകയും ഇതില്‍ 17 പേര്‍ മരിച്ചെന്നുമാണ് സര്‍ക്കാര്‍ കണക്ക്.

നിപയുടെ വരവ്

കോഴിക്കോട് ചെങ്ങരോത്തിനടുത്തുള്ള സൂപ്പിക്കടയിലെ ഒരു കുടുംബത്തിലുണ്ടായ തുടര്‍ മരണങ്ങളിലൂടെയാണ് നിപ എന്ന ഭീതി മലയാളികളുടെ മനസില്‍ കയറിക്കൂടുന്നത്. മെയ് അഞ്ചിനു മരിച്ച മുഹമ്മദ് സാബിത്ത് എന്നയാള്‍ക്കാണ് കേരളത്തില്‍ ആദ്യമായി നിപ പിടിപെട്ടതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. രണ്ട് ആഴ്ചക്ക് ശേഷം സാബിത്തിന്റെ മൂത്ത സഹോദരനായ സാലിയും പിതാവിന്റെ സഹോദരിയായ മറിയവും പിതാവായ മൂസയും ഇതേ ലക്ഷണങ്ങളോടെ മരണമടഞ്ഞു. മസ്തിഷ്‌കജ്വരമാണെന്ന ആശങ്കയില്‍ സാലിഹിനെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ലക്ഷണങ്ങളില്‍നിന്ന് നിപ ആണോയെന്ന സംശയം ആദ്യമായി മുന്നോട്ടുവെച്ചത് അവിടുത്തെ ഫിസിഷ്യനായിരുന്ന ഡോ. അനൂപ് കുമാർ ആയിരുന്നു. തുടര്‍ന്ന് മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച പരിശോധന ഫലം നിപ ശരിവെച്ചു. കൂടാതെ മറിയം, മൂസ എന്നിവര്‍ക്കും രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. പരിശോധന ഫലം വന്ന മെയ് 20നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍വെച്ച് നഴ്‌സ് ലിനി മരിക്കുന്നത്. ആദ്യം രോഗം പിടിപെട്ട സബിത്തിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പരിചരിക്കുമ്പോഴാണ് ലിനിയും നിപയുടെ പിടിയിലമരുന്നത്.

'മക്കളെ നന്നായി നോക്കണേ.. ലിനിയുടെ അവസാന വാക്കുകൾ'

എത്രപേര്‍ മരിച്ചു?

തുടര്‍ന്നുള്ള നാളുകളില്‍ മലയാളിയുടെ മനസില്‍ ഭയം വിതച്ചുകൊണ്ട് മരണസംഖ്യയും ഉയര്‍ന്നുകൊണ്ടിരുന്നു. സര്‍ക്കാര്‍ കണക്ക് പ്രകാരം 17 പേര്‍ നിപ ബാധിച്ചു മരിച്ചു. എന്നാല്‍ നിപ ലക്ഷണങ്ങളോടെ ചികിത്സ തേടിയവരും ഇതേ ലക്ഷണങ്ങളോടെ മരിച്ചവരുടെയും കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടതില്‍നിന്ന് വ്യത്യസ്തമാണ്. അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ട് പ്രകാരം 23 പേര്‍ക്ക് രോഗം പിടിപെട്ടെന്നും 21 പേര്‍ മരിച്ചെന്നുമാണ്. എന്നാല്‍ അടുത്തിടെ പുറത്തുവന്ന ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഉള്‍പ്പടെയുള്ള സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എക്‌സ്‌റേ വിഭാഗത്തിലെ ജീവനക്കാരിയായ സുധയുടെ മരണം നിപ ബാധിച്ചാണെന്നും, ഇക്കാര്യം പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നുമുള്ള ആരോപണവുമായി അവരുടെ ഭര്‍ത്താവ് രംഗത്തെത്തിയിരുന്നു.

നിപ പിടിപെട്ടത് എങ്ങനെ?

മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നതാണ് നിപ വൈറസ്, വവ്വാല്‍, പന്നി എന്നിവയില്‍ നിന്നാണ് കൂടുതലായി പടരാന്‍ സാധ്യത. പിന്നീട് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും. രോഗം ബാധിച്ചവരെ പരിചരിക്കുന്നവരും ആശുപത്രി ജീവനക്കാരും വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ രോഗം പടരാന്‍ വലിയ സാധ്യതയുണ്ട്. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം. കേരളത്തില്‍ നിപ പിടിപെട്ടത് എങ്ങനെയെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ല. ആദ്യം അസുഖം പിടിപെട്ട സബിത്ത് വിദേശത്തുനിന്ന് അസുഖവുമായി കേരളത്തിലെത്തിയെന്നതാണ് നിഗമനം. നാട്ടില്‍വെച്ചാണ് സബിത്തിന് അസുഖം പിടിപെട്ടതെന്ന് കണ്ടെത്താനായിട്ടില്ല. സബിത്തിന്റെ വീടിന് സമീപത്തുനിന്നുള്ള മൃഗങ്ങളെയും വവ്വാലുകളെയും കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയെങ്കിലും ഇക്കാര്യം തെളിയിക്കാനായില്ല.

ഒറ്റപ്പെട്ടു പോയ നാട്

പേരാമ്പ്രയ്ക്ക് സമീപമുള്ള ചെങ്ങരോത്ത് ഗ്രാമത്തിലാണ് നിപ ആദ്യം പിടിപെട്ടതെങ്കിലും കോഴിക്കോട് ജില്ലയാകെ ഒറ്റപ്പെട്ടു പോയ നാളുകളായിരുന്നു അത്. കോഴിക്കോടേക്കുള്ള യാത്ര തന്നെ പലരും ഒഴിവാക്കി. ഏറ്റവും തിരക്കേറിയ മിഠായിത്തെരുവ് പോലെയുള്ള സ്ഥലങ്ങള്‍ വിജനമായി. എല്ലാ രംഗത്തും മാന്ദ്യം അനുഭവപ്പെട്ടു. ജോലി മുടങ്ങിയതോടെ പല കുടുംബങ്ങളും കഷ്ടപ്പാടിലായി. നിശ്ചയിച്ചുറപ്പിച്ച വിവാഹം നടത്താൻ പോലും ബുദ്ധിമുട്ട് നേരിട്ടു. പേരാമ്പ്രയിൽ ഉൾപ്പടെ ആശുപത്രി ജീവനക്കാരെ ജനങ്ങള്‍ അകറ്റിനിര്‍ത്തി. പേരാമ്പ്രക്കാര്‍ ഏതാണ്ട് ഒറ്റപ്പെട്ടപോലെയാണ് നിപ നാളുകള്‍ കഴിച്ചുകൂട്ടിയത്. ഇതിനിടയില്‍ സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും സര്‍ക്കാര്‍ അവധി നല്‍കി. പി.എസ്.സി ഉള്‍പ്പടെയുള്ള പരീക്ഷകള്‍ മാറ്റിവെച്ചു. എല്ലാ രീതിയിലും നാട് സ്തംഭിച്ചുപോയ നാളുകളായിരുന്നു അത്.

നിപാ; യാത്ര ചെയ്യുന്നതിനോ ജോലിക്ക് പോവുന്നതിനോ ഭയം വേണ്ടെന്ന് ഉന്നതതലയോഗം

നിപയെ തോല്‍പ്പിച്ച് കേരളം

നിപ എന്ന രോഗ സാധ്യത മനസിലാക്കിയതുമുതല്‍ കേരളത്തിന്റെ ആരോഗ്യസംവിധാനം മുഴുവന്‍ ഒരുമിച്ച് നീങ്ങി. തിരുവനന്തപുരത്തുനിന്നുള്ള ഏകോപനവും കോഴിക്കോട് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചും എണ്ണയിട്ട യന്ത്രം പോലെയായിരുന്നു ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം. പിന്നീട് നിപ സ്ഥിരീകരിച്ചതോടെ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഒന്നിച്ചു നീങ്ങി. എബോള വൈറസ് ബാധയുണ്ടായപ്പോള്‍ ചെയ്തതു പോലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയാറാക്കിയാണ് ആരോഗ്യവകുപ്പ് പ്രവര്‍ത്തിച്ചത്. മറ്റ് സര്‍ക്കാര്‍ വകുപ്പുകളും എല്ലാ സഹായവുമായി ആരോഗ്യവകുപ്പിന് ഒപ്പം തന്നെ ഉണ്ടായിരുന്നു. ആശുപത്രി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും രക്ഷാ ഉപകരണങ്ങള്‍ പെട്ടെന്ന് ലഭ്യമാക്കുകയും ചെയ്തു. നിപ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് സംശയമുള്ള രണ്ടായിരത്തിലധികം പേരെ നിരീക്ഷിച്ചു. ജാഗ്രതയോടെയും കൂട്ടായുമുളള പ്രവര്‍ത്തനമാണ് മരണ സംഖ്യ കുറച്ചതും രോഗം പടരാതെ നിയന്ത്രിച്ചതും. നിപ നിയന്ത്രണവിധേയമായശേഷവും ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം തുടര്‍ന്നു. ഭയം ജനത്തെ കീഴടക്കിയപ്പോഴും ആരോഗ്യവകുപ്പ് മന്ത്രി ഉള്‍പ്പടെയുള്ളവര്‍ രോഗബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ തയ്യാറായത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ഏവരും ശ്ലാഘിക്കുകയും ചെയ്തിരുന്നു.
First published: December 29, 2018, 4:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories