• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഒരു ക്രെഡിറ്റും വേണ്ട, പ്രതി ശിക്ഷിക്കപ്പെട്ടാൽ മതിയെന്ന് തിയേറ്റർ ഉടമ


Updated: May 14, 2018, 5:10 PM IST
ഒരു ക്രെഡിറ്റും വേണ്ട, പ്രതി ശിക്ഷിക്കപ്പെട്ടാൽ മതിയെന്ന് തിയേറ്റർ ഉടമ

Updated: May 14, 2018, 5:10 PM IST
മലപ്പുറം: എടപ്പാൾ തിയറ്ററിനുള്ളിൽ ബാലിക പീഡിപ്പിക്കപ്പെട്ട സംഭവം പുറത്തറിയിക്കാൻ വൈകിയെന്ന ആരോപണം കത്തിക്കയറവെ വിശദീകരണവുമായി തിയേറ്റർ ഉടമ രംഗത്തെത്തി. സംഭവം ശ്രദ്ധയിൽപ്പെട്ടശേഷം പുറത്തറിയിക്കാൻ മനപൂർവ്വം താമസിപ്പിച്ചിട്ടില്ലെന്ന് എടപ്പാളിലെ ശാരദ തിയേറ്റർ ഉടമ സതീഷ് ന്യൂസ് 18നോട് പറഞ്ഞു. സംഭവം പുറത്തെത്തിച്ചതുമായി ബന്ധപ്പെട്ട് തനിക്ക് ഒരു ക്രെഡിറ്റും വേണ്ട. പ്രതി ശിക്ഷിക്കപ്പെട്ടാൽ മതി. സംഭവം പുറത്തറിയിക്കാൻ തിയേറ്റർ അധികൃതർ വൈകിയെന്ന് സമൂഹമാധ്യമങ്ങളിലും മറ്റും നടക്കുന്ന പ്രചാരണങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീഷ്. 'തിയേറ്ററിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് ആശയകുഴപ്പമുണ്ടായിരുന്നു. ഒടുവിൽ ഒരു സുഹൃത്ത് മുഖേനയാണ് ചൈൽഡ് ലൈൻ പ്രവർത്തകരെ ബന്ധപ്പെട്ട് അവർക്ക് ദൃശ്യങ്ങൾ കൈമാറിയത്. സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് പ്രതിയുമായി വിലപേശാൻ ശ്രമിച്ചെന്ന എക്സിബിറ്റേഴ്സ് ഫെഡറേഷൻ നേതാവിന്‍റെ ആരോപണം തികച്ചും അടിസ്ഥാന രഹിതമാണ്'- സതീഷ് പറഞ്ഞു.

'ഏപ്രിൽ 18നാണ് സംഭവം. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ അന്ന് രാത്രി തന്നെ അറിയിച്ചു. "മോഹൻലാൽ" എന്ന സിനിമയാണ് അന്ന് പ്രദർശിപ്പിച്ചത്. ഫസ്റ്റ് ഷോയ്ക്ക് ഏകദേശം എൺപതോളം പേരാണ് ഉണ്ടായിരുന്നത്. സിനിമ നടക്കുമ്പോൾ തിയേറ്ററിന് തൊട്ടടുത്തുള്ള ഹാളിൽ മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട് ആരാധകർ സംഘടിപ്പിച്ച പരിപാടി നടക്കുകയായിരുന്നു. തിയേറ്റർ ജീവനക്കാർ അതിൽ പങ്കെടുക്കുകയായിരുന്നു. ഭക്ഷണം കഴിച്ചുവന്നശേഷം തിയറ്ററിനുള്ളിലും പുറത്തുമുള്ള 18 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. അപ്പോഴേക്കും സിനിമ കഴിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് ഇവർ വന്ന കാർ കണ്ടെത്തുകയും നമ്പർ എഴുതിവെക്കുകയും ചെയ്തു. ദൃശ്യങ്ങൾ ഒരു കാരണവശാലും പുറത്തുപോകരുതെന്ന് ജീവനക്കാർക്ക് നിർദ്ദേശം നൽകി'-സതീഷ് പറഞ്ഞു.

'പിറ്റേദിവസം ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചപ്പോൾ ക്രൂരമായ പീഡനമാണ് നടന്നതെന്ന് ബോധ്യമായി. വാക്കുകൾകൊണ്ട് പറയാൻ സാധിക്കാത്ത കാര്യങ്ങളാണ് നടന്നത്. ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് തിയേറ്റർ ജീവനക്കാരുമായി ചർച്ച ചെയ്തു. പല അഭിപ്രായങ്ങൾ ഉയർന്നുവന്നു. പൊലീസിൽ അറിയിക്കുന്നത് തിയേറ്ററിന് മോശപ്പേരുണ്ടാക്കുമെന്നും, ബിസിനസിനെ ബാധിക്കുമെന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ ഗൌരവമേറിയ വിഷയമായതിനാൽ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുന്നത് നല്ലതാണെന്ന് ചിലർ പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾ പുറത്തുപോകാതെ തന്നെ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ അവർക്ക് സാധിക്കുമെന്ന് മനസിലായി. അങ്ങനെ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയാവുന്ന ഒരു സുഹൃത്ത് മുഖേന അവരെ ബന്ധപ്പെട്ടു. അപ്പോൾത്തന്നെ സമാനമായ മൂന്നു കേസുകളുമായി ബന്ധപ്പെട്ട് തിരക്കിലായതിനാൽ രണ്ടുദിവസം കഴിഞ്ഞുവരാമെന്നാണ് അവർ പറഞ്ഞത്. അങ്ങനെ ഏപ്രിൽ 25ന് ചൈൽഡ് ലൈൻ പ്രവർത്തകൻ ഷിഹാബും മാറഞ്ചേരി സ്കൂൾ കൌൺസിലറും ഒ എസ് ഡബ്ല്യൂ സി(ഓർഗനൈസേഷൻ ഓഫ് സോഷ്യൽ ആൻഡ് കൌൺസിലർ) സെക്രട്ടറിയുമായ ധന്യ ആബിദും മറ്റൊരാളും തിയേറ്ററിലെത്തി. മറ്റ് ജീവനക്കാരെ തിയേറ്ററിൽനിന്ന് മാറ്റിയശേഷം സിസിടിവി ദൃശ്യങ്ങൾ ഇവരെ കാണിച്ചു'.
Loading...

'ദൃശ്യങ്ങൾ കണ്ടശേഷം മറ്റ് നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും തിയേറ്ററിന്‍റെ പേര് കേസുമായി ബന്ധപ്പെട്ട് വലിച്ചിഴയ്ക്കില്ലെന്നും അവർ ഉറപ്പ് നൽകി. ഇതിൻപ്രകാരം ദൃശ്യങ്ങൾ അവർക്ക് കൈമാറുകയും ചെയ്തു. ഹാർഡ് ഡിസ്ക്കിലെ ദൃശ്യങ്ങൾ ഒഴിവാക്കുകയും ചെയ്തു. ദൃശ്യത്തിന്‍റെ പകർപ്പ് സൂക്ഷിച്ചിട്ടില്ലെന്നും അവരെ അറിയിച്ചു. അതിനുശേഷം ഒരാഴ്ചയായി ഒരു വിവരവും ഇല്ലായിരുന്നു. ഇതേത്തുടർന്ന് ഷിഹാബിനെ ബന്ധപ്പെട്ടപ്പോൾ പീഡനത്തിന് ഇരയായ ബാലികയെയും അമ്മയെയും കണ്ടെത്താനുള്ള ശ്രമത്തിലാണെന്നായിരുന്നു മറുപടി. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും വിളിച്ചപ്പോൾ പൊലീസിൽ കേസ് കൊടുത്തെന്നായിരുന്നു അവർ പറഞ്ഞത്. ദൃശ്യങ്ങൾ ചാനലിൽ വന്നപ്പോഴാണ് തങ്ങൾ അറിഞ്ഞത്. ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് കൈമാറില്ലെന്ന് അവർ പറഞ്ഞിരുന്നു. ഷിഹാബിനെ വിളിച്ച് എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോൾ 'അങ്ങനെ ചെയ്യേണ്ടി വന്നു ചേട്ടാ' എന്നായിരുന്നു മറുപടി. ഈ സംഭവവുമായി ബന്ധപ്പെട്ട് നടന്നത് ഇതൊക്കെയാണ്.  അല്ലാതെ തങ്ങൾ മനപൂർവ്വം വൈകിപ്പിച്ചെന്നും വിലപേശിയെന്നുമൊക്കെയുള്ള ആരോപണം തെറ്റാണ്. സംഭവം പുറത്തുകൊണ്ടുവരുന്നതിൽ ശ്രദ്ധേയമായ ഇടപെടലാണ് ഷിഹാബും ധന്യയും നടത്തിയത്. ഇക്കാര്യത്തിൽ കൂടുതൽ പറയാനില്ല. കേസിൽ പ്രതി ശിക്ഷിക്കപ്പെടണമെന്ന് മാത്രമാണ് ആഗ്രഹം'- സതീഷ് പറഞ്ഞു.

സംഭവം അറിഞ്ഞത് സുഹൃത്ത് വഴി: ധന്യ ആബിദ്

അതേസമയം തിയേറ്ററിലെ പീഡന വിവരം അറിഞ്ഞത് ഒരു സുഹൃത്ത് വഴിയാണെന്ന് ധന്യ ആബിദ് പറഞ്ഞു. ഇക്കാര്യം അറിയിച്ചുകൊണ്ടു തിയേറ്ററിൽനിന്ന് ആരും തന്നെ വിളിച്ചിട്ടില്ലെന്നും ധന്യ ആബിദ് ന്യൂസ്18നോട് പറഞ്ഞു. 'സുഹൃത്ത് അറിയിച്ചതിനെത്തുടർന്നാണ് തിയേറ്ററിലെത്തിയത്. സിസിടിവി ദൃശ്യങ്ങൾ അവർ തന്നെ കാണിച്ചു. അവിടെനിന്ന് ദൃശ്യങ്ങൾ ശേഖരിച്ചശേഷമാണ് പൊലീസിൽ പരാതി നൽകിയത്'- ധന്യ ആബിദ് പറഞ്ഞു.
First published: May 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍