കോട്ടയം: ചങ്ങനാശ്ശേരിയിലെ പ്രകടനത്തിന് പിന്നിലൊരു കുത്തിതിരിപ്പ് സംഘമാണമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് (V D Satheesan). കോണ്‍ഗ്രസില്‍ (congress) പല പ്രശ്നങ്ങളും ഉണ്ടാകുന്നതിനു പിന്നില്‍ ഇതേ സംഘമാണ് പ്രവര്‍ത്തിക്കുന്നത്. വിവാദങ്ങള്‍ ഒന്നുമില്ലെങ്കിലും എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണ് ഈ കൂട്ടര് ശ്രമിക്കുന്നതെന്നും വിഡി സതീശന് ആരോപിച്ചു.
കോണ്‍ഗ്രസിലെ കുത്തിതിരിപ്പ് സംഘത്തിനെതിരെ കൃത്യമായ അച്ചടക്ക നടപടി ഉണ്ടാകുമെന്നും വിഡി സതീശന് മുന്നറിയിപ്പ് നല്കി. ആദ്യം പാര്‍ട്ടി ഇത് കണ്ടിരിക്കുകയാണ് ചെയ്യുക. പിന്നെ ഇത്തരം നീക്കങ്ങള്‍ കണ്ടു രസിക്കും. പാര്‍ട്ടിയെ ബാധിക്കുന്ന നിലയില്‍ എത്തിയാല്‍ കൃത്യമായ അച്ചടക്ക നടപടി ഉണ്ടാകുമെന്നും വിഡി സതീശന് തുറന്നടിച്ചു.
ചങ്ങനാശ്ശേരി സംഭവത്തില്‍ പാര്‍ട്ടിയാണ് പ്രതികരിക്കേണ്ടതെന്നും വിഡി സതീശന് പറയുന്നു. ഇക്കാര്യത്തില്‍ എടുക്കേണ്ട നടപടിയെക്കുറിച്ച് പാര്‍ട്ടി ആലോചിച്ചു വരികയാണെന്നും സതീശന് വ്യക്തമാക്കി
ചങ്ങനാശ്ശേരിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ എത്തിയിരുന്നു. ഒരു പ്രമുഖ നേതാവാണ് ചങ്ങനാശ്ശേരിയിലെ വിഡി സതീശനെതിരായ പ്രതിഷേധ പ്രകടനം ആസൂത്രണം ചെയ്തത് എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ ചര്‍ച്ച നടക്കുന്നുണ്ട്.
ഇന്നലെ ചങ്ങനാശ്ശേരിയില്‍ ഉണ്ടായിരുന്ന പ്രമുഖനേതാവ് ആണോ പ്രകടനത്തിന് ആസൂത്രണം നല്‍കിയത് എന്ന ചോദ്യത്തിന് എല്ലാം നിങ്ങള്‍ക്ക് അറിയാമല്ലോ എന്നായിരുന്നു പ്രതിപക്ഷ നേതാവ് മറുപടി നല്‍കിയത്.
ഇത്തരം വിവരങ്ങള്‍ എല്ലാം നിങ്ങള്‍ക്ക് വേണ്ട സമയം വിളിച്ചു നില്‍ക്കാറുണ്ടല്ലോ. മാധ്യമങ്ങളെ ഇക്കാര്യത്തില്‍ കുറ്റം പറയാന്‍ ഞാന്‍ തയ്യാറല്ല എന്നും വിഡി സതീശന് പറഞ്ഞു. ഒരു നേതാവിനെ കുറിച്ചും വ്യക്തിപരമായി തുറന്നു പറയുന്ന രീതി തനിക്കില്ല. പ്രശ്നങ്ങളെക്കുറിച്ച് മുന്‍പും തുറന്നു പറയാറുണ്ട്. ചങ്ങനാശ്ശേരി സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞു കൂടെ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സതീശന്.
Also Read-Pinarayi Vijayan | ചെയ്യേണ്ടത് സമയത്ത് ചെയ്യണം, ഇല്ലെങ്കിൽ വലിയവില നൽകേണ്ടി വരും; കെറെയിലില്‍ മുഖ്യമന്ത്രി
കോട്ടയത്ത് സില്‍വര്‍ലൈന്‍ ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വിഡി സതീശന്. യുഡിഎഫുമായി പ്രതിഷേധിച്ച് നിന്നിരുന്ന മാണി സി കാപ്പന് എംഎല്‍എ യോഗത്തില്‍ പങ്കെടുത്തു. അതേസമയം ജില്ലയിലെ യുഡിഎഫില്‍ ഉണ്ടായിരുന്ന കടുത്ത ഭിന്നത വ്യക്തമാക്കുന്നതായിരുന്നു ജനകീയ സദസ്സ്. ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷ് യോഗത്തില്‍ നിന്നും വിട്ടുനിന്നു.
Also Read-INTUC കോൺഗ്രസിന്റെ പോഷകസംഘടന, AICC സർക്കുലറിൽ അടക്കം ഇതുണ്ട്: സതീശനെ തള്ളി ആർ. ചന്ദ്രശേഖരൻ
യുഡിഎഫ് വേദികളില്‍ നിന്ന് കൃത്യമായ പരിഗണന ലഭിക്കുന്നില്ല എന്നതാണ് സുരേഷിന്റെ പരാതി. അതേസമയം വിഷയത്തില്‍ മാധ്യമങ്ങളോട് പരസ്യ പ്രതികരണത്തിന് സുരേഷ് തയ്യാറായിട്ടില്ല. ഏതായാലും പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന യുഡിഎഫില്‍ പുതിയ വിവാദങ്ങള്‍ വീണ്ടും ഉയര്‍ന്നു വരികയാണ്.
മാണി സി കാപ്പനുമായി ഈ മാസം നാലിന് തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുമെന്ന് വീഡി സതീശന് അറിയിച്ചിട്ടുണ്ട്. കാപ്പന്റെ പരാതികള്‍ പരിഹരിച്ച് വരുന്നതിനിടെയാണ് പുതിയ പരാതിയുമായി ഒരു ഡിസിസി അധ്യക്ഷന്‍ തന്നെ രംഗത്ത് വരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.