• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'നീ പറ, ബസിലെ സൗമ്യ ആരാ': ബാഹുബലിയിലെ 'ഈ പാട്ടി'നും ഹർത്താലിനും തമ്മിൽ ബന്ധമുണ്ട്

'നീ പറ, ബസിലെ സൗമ്യ ആരാ': ബാഹുബലിയിലെ 'ഈ പാട്ടി'നും ഹർത്താലിനും തമ്മിൽ ബന്ധമുണ്ട്

 • Share this:
  തിരുവനന്തപുരം: പതിവിനു വിപരീതമായാണ് ഈ വർഷം കേരളം ഹർത്താലിനോട് പെരുമാറുന്നത്. ഹർത്താലിനെതിരെയുള്ള പ്രതിഷേധം പൊതുജനത്തിനിടയിൽ ശക്തമാണ്. വിവിധ സംഘടനകളും ഹർത്താലിനെതിരെ ശക്തമായി രംഗത്തെത്തി. സാമൂഹ്യമാധ്യമങ്ങളിൽ ഹർത്താൽ വിരുദ്ധത നിറഞ്ഞുകവിഞ്ഞു. എന്നാൽ, കാര്യത്തോടടുക്കുമ്പോൾ ആര് പ്രഖ്യാപിച്ച ഹർത്താൽ ആണെങ്കിലും അത് നന്നായാൽ മതിയെന്ന ചിന്തയാണ് പലർക്കും. എതിർപാർട്ടി ഹർത്താൽ പ്രഖ്യാപിക്കുമ്പോൾ കടകൾ തുറപ്പിക്കാൻ കാണിക്കുന്ന ഉത്സാഹം സ്വന്തം പാർട്ടി പണിമുടക്ക്/ഹർത്താൽ പ്രഖ്യാപിക്കുമ്പോൾ പലരും മറന്നു പോകുകയാണ്, അല്ലെങ്കിൽ മറന്നെന്ന് നടിക്കുകയാണ്.

  ഏതായാലും ഇത്തവണത്തെ പണിമുടക്ക് ദിനങ്ങളിൽ സോഷ്യൽ മീഡിയയിൽ സജീവമായത് ഒരു ഗാനമാണ്. പാട്ട് ബാഹുബലിയിലേത് ആണെങ്കിലും ഇത്തവണ നമ്മളത് കേട്ടത് തനിമലയാളത്തിലാണ്. 'അതു താനല്ലയോ ഇത്' എന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു പാട്ട്. ബാഹുബലിയിലെ 'ധീവര' പാട്ടിലെ സംസ്കൃത വരികളുടെ ഭാഗമായിരുന്നു അത്. 'ധീവര, പ്രസര ഷൗര്യ ധാര; ഉത്സര, സ്ഥിര ഗംഭീര' എന്ന ഭാഗം പക്ഷേ, ഈ കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ കേട്ടത് മലയാളത്തിലാണ്. അത് ഇങ്ങനെ, 'നീ പറ, ബസിലെ സൗമ്യ ആരാ; പുഷ്ക്കരാ, നീ ഗംഭീരാ; നീ പറ'.

  #CallMalayalam എന്ന് ഹാഷ് ടാഗിൽ ആൽവിൻ ഇമ്മട്ടി ടിക് ടോക്കിലിട്ട വീഡിയോയാണ് ഇപ്പോൾ ഇങ്ങനെ വൈറലായിരിക്കുന്നത്. ടിക് ടോകിൽ ഷെയർ ചെയ്ത വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചത് 65.2K ലവ് റിയാക്ഷൻ ആണ്. 579 കമന്‍റുകളും 4.4K ഷെയറും ലഭിച്ചു. കഴിഞ്ഞദിവസം കളക്ടർ ബ്രോ പ്രശാന്ത് നായർ ഈ വീഡിയോ എടുത്ത് ഫേസ്ബുക്കിൽ കൂടി പങ്കുവെച്ചതോടെ വീഡിയോ ഹിറ്റ് ആയി. 'ആര് എന്ത് പറഞ്ഞാലും നമുക്ക് കേൾക്കാൻ ഇഷ്ടമുള്ളതേ ചിലർ കേൾക്കൂ. മനസ്സിലാക്കൂ.' എന്നു പറഞ്ഞുകൊണ്ടാണ്.  പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ്,

  വിളിച്ചതാരായാലും ഹർത്താൽ നന്നായാ മതി എന്ന ഉദാത്ത ചിന്തയാണ് പലർക്കും. ഏതാനും മാസങ്ങളായി കേരളം സഹിക്കാവുന്നതിനും അപ്പുറത്തെ കോപ്രായങ്ങൾ കാണുന്നു, സഹിക്കുന്നു. നിർബന്ധിതമായി കായികബലം ഉപയോഗിച്ച് അടിച്ചേൽപ്പിക്കുന്ന ബഹളങ്ങൾക്കും സമരങ്ങൾക്കുമിടയിൽ ചവിട്ടിമെതിക്കപ്പെടുന്നവൻ നമ്മുടെ കണ്ണിൽ പെടാത്തത് കൊണ്ടാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലാവാത്തത്.

  നിർബന്ധിത ഹർത്താലും ബന്ദും അന്നന്നത്തെ കഞ്ഞിക്ക് വകയുണ്ടാക്കുന്നവന്റെ, ദിവസക്കൂലിക്കാരന്റെ വയറ്റത്താണ് അടിക്കുന്നത്. അസംഘടിതനാണവൻ. ഇന്ത്യയിലെ ഏറ്റവും കൂടുതൽ തൊഴിലാളികളും കച്ചവടക്കാരും സേവനമേഖലയിൽ പ്രവർത്തിക്കുന്നവരും അസംഘടിതരാണ്. അവർക്ക് ജീവൻ മരണ പ്രശ്നമാണ് തൊഴിലും അതില്ലാതാക്കുന്ന നിർബന്ധിത സമരങ്ങളും. സഹികെട്ട് അതൊന്ന് പറഞ്ഞ് പോയാലോ, ചിലരുടെ കർണ്ണപുടത്തിൽ ശബ്ദതരംഗമായി അത് പതിയുന്നത് വേറെന്തോ ആയിട്ടാണ്. കമ്മി-സംഘി-കോങ്ങി-സുടാപ്പി മുദ്രകുത്തൽ യോജന തുടങ്ങുകയായി. ഈ പാവങ്ങൾ പറയുന്നത് ജീവിക്കാൻ അനുവദിക്കണം എന്നാണ്. വേറൊന്നുമല്ല.

  ആര് എന്ത് പറഞ്ഞാലും നമുക്ക് കേൾക്കാൻ ഇഷ്ടമുള്ളതേ ചിലർ കേൾക്കൂ. മനസ്സിലാക്കൂ. അതുകൊണ്ടാണ് ഈയിടെയായി ഒന്നും പറയാത്തത്.

  ഇത്രയും വലിയ ഫിലോസഫി ഇത്രയും ലളിതമായി പറഞ്ഞ് തന്ന Alvin Emmatty ക്ക് അഭിനന്ദനം.

  - ബ്രോസ്വാമി  ബാഹുബലിയിലെ ശരിക്കുള്ള പാട്ട് ഇതാണ്

  ബാഹുബലിയിലെ 'ധീവര' എന്നു തുടങ്ങുന്ന ഗാനത്തിലെ വരികളാണ് മലയാളത്തിൽ ഇപ്പോൾ ഹിറ്റ് ആയത്. ഈ പാട്ടിൽ ചില ഭാഗങ്ങളിൽ സംസ്കൃതത്തിലുള്ള വരികളും ഉപയോഗിച്ചിട്ടുണ്ട്. പാട്ടിന്‍റെ വിവിധ ഭാഗങ്ങളിലായി സംസ്കൃതത്തിലുള്ള 10 വരികളാണ് ഉപയോഗിച്ചിരിക്കുന്നത്. കോറസ് പാടുന്ന ഈ ഭാഗത്തിന്‍റെ അർത്ഥം മനസ്സിലാക്കിയെടുക്കുക എന്നത് അൽപം ബുദ്ധിമുട്ടാണ്. വിവിധ ഭാഷകളിൽ ബാഹുബലി ഇറങ്ങിയപ്പോൾ പാട്ടുകളും അതാത് ഭാഷകളിലേക്ക് മാറ്റിയിരുന്നു. എന്നാൽ, സംസ്കൃതത്തിലുള്ള ഈ ഭാഗം പ്രാദേശിക ഭാഷയിലേക്ക് മാറ്റി പാടിയത് തമിഴ് മാത്രമായിരുന്നു. ഇംഗ്ലീഷ് വേർഷനിലും സംസ്കൃതത്തിലുള്ള ഭാഗം ഇംഗ്ലീഷിലേക്ക് മാറ്റിയിരുന്നു. എന്നാൽ, മലയാളത്തിൽ പാട്ടിലെ സംസ്കൃതത്തിലുള്ള ഭാഗങ്ങൾ സംസ്കൃതത്തിൽ തന്നെയായിരുന്നു ഉപയോഗിച്ചത്.

  'ധീവര, പ്രസര ഷൗര്യ ധാര;
  ഉത്സര, സ്ഥിര ഗംഭീര' - ഇങ്ങനെയാണ് സിനിമയിലെ ആ വരികൾ. അതിന്‍റെ മലാള അർത്ഥം ഇങ്ങനെ,
  'സ്ഥിരോത്സാഹീ, ധൈര്യമാണ് നിന്നെ മുന്നോട്ടു നയിക്കുന്നത്; ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് കുതിക്കുന്നവനേ, സ്ഥിരോത്സാഹീ, നീ നിന്‍റെ ലക്ഷ്യത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്നു'
  ഈ വരികളാണ് ഇപ്പോൾ,
  'നീ പറ, ബസിലെ സൗമ്യ ആരാ;
  പുഷ്ക്കരാ, നീ ഗംഭീരാ; നീ പറ' എന്ന് നമ്മൾ കേട്ടു കൊണ്ടിരിക്കുന്നത്.

  കൈയിൽ ഈ മലയാളം വരികളുമായി ടിക് ടോകിൽ ചുണ്ട് അനക്കുക മാത്രമാണ് ആൽവിൻ ഇമ്മട്ടി ചെയ്തത്. എന്നാൽ, ആൽവിന്‍റെ കൈയിലെ വരികൾ വായിച്ച് പാട്ടു കേട്ട മലയാളികളും ഈ വരികൾ തന്നെയാണ് കേട്ടത്. ചുരുക്കത്തിൽ ഇത്രമാത്രം, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മൾ നമുക്കിഷ്ടമുള്ളതേ കേൾക്കൂ. അതിപ്പോൾ, മനസിലാകാത്ത ഭാഷയിലുള്ള പാട്ട് ആണെങ്കിലും ശരി ഹർത്താൽ ആണെങ്കിലും ശരി.
  First published: