കൊച്ചി: ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിയുടെ വൃക്കദാനം ചെയ്യാനുള്ള അനുമതി നിഷേധിച്ച തീരുമാനം റദ്ദാക്കി ഹൈക്കോടതി. മനുഷ്യശരീരത്തിൽ 'കുറ്റവാളിയായ വൃക്ക, കരൾ, ഹൃദയം' എന്നിങ്ങനെ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റേതാണ് നിരീക്ഷണം.
കൊല്ലം നെടുമ്പന മഠത്തിലഴികത്ത് രാധാകൃഷ്ണപിള്ള (54)യ്ക്ക് വൃക്കദാനം ചെയ്യാൻ അനുമതി തേടി തിരുവനന്തപുരം പൂന്തുറ പുതുവൽ പുത്തൻവീട്ടിൽ ആർ സജീവൻ(38) നൽകിയ അപേക്ഷയാണ് തള്ളിയത്. രാധാകൃഷ്ണ പിള്ളയുടെ ഡ്രൈവറും സുഹൃത്തുമായിരുന്നു സജീവ്. എറണാകുളം ജില്ലാതല ഓതറൈസേഷൻ കമ്മിറ്റിയാണ് അനുമതി നിഷേധിച്ചത്.
എല്ലാവരിലും ഒഴുകുന്നത് ഒരേ രക്തമാണെന്ന് പറഞ്ഞ കോടതി മലബാറിലെ പ്രശസ്തമായ 'പൊട്ടൻ തെയ്യം' തോറ്റംപാട്ടിലെ വരികളും വിധിന്യായത്തിൽ ഉൾപ്പെടുത്തി. ജാതീയതയടക്കമുള്ള സാമൂഹിക തിന്മകൾ ഇല്ലാതാക്കാനും തുല്യത സ്ഥാപിക്കാനുമാണ് പൊട്ടൻ തെയ്യം തോറ്റംപാട്ടിലൂടെ ശ്രമിക്കുന്നത്. കേരളത്തിലൊട്ടാകെ പൊട്ടൻ തെയ്യം കളിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ശിവന്റെ അവതാരമാണ് പൊട്ടൻ തെയ്യം എന്നാണ് വിശ്വാസം.
Also Read-പട്ടയഭൂമിയിലെ മരം മുറി: സി.ബി.ഐ അന്വേഷണമില്ല; മാർഗരേഖ നിർദ്ദേശിച്ച് ഹൈക്കോടതി
'നിങ്കളെ ക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?
നാങ്കളെ ക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?
പിന്നെന്തെ ചൊവ്വറ് കുലം പിശക് ന്ന്?
തീണ്ടിക്കൊണ്ടല്ലേ കുലം പിശക് ന്ന്?'
എന്ന വരികളാണ് വിധിന്യായത്തിൽ ഉൾപ്പെടുത്തിയത്. ക്രിമിനൽ കേസിൽ പ്രതിയാണ് എന്നത് അവയവദാനത്തിന് അനുമതി നൽകുന്നതിൽ തീരുമാനം എടുക്കേണ്ട ഓതറൈസേഷൻ സമിതി പരിഗണിക്കേണ്ട വിഷയമല്ലെന്ന് കോടതി വ്യക്തമക്കി.
ഒരാഴ്ച്ചക്കുള്ളിൽ അപേക്ഷ വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഇത്തരം അപേക്ഷകൾ ഒരാഴ്ച്ചക്കുള്ളിൽ പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് നിർദേശിച്ച് ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിക്കണം. ഈ ഉത്തരവ് ഒരു മാസത്തിനുള്ളിൽ രജിസ്ട്രാർ ജനറലിന് കൈമാറണമെന്നും കോടതി നിർദേശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala high court, Kidney donation, Organ donation myths