കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ സംയുക്ത സമരത്തിൽ നിന്നും പിൻവാങ്ങി മുസ്ലീംലീഗ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ പൗരത്വ പ്രക്ഷോഭം വെവ്വേറെ നടക്കട്ടെയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. യൂത്ത് ലീഗിന്റെ ഷഹീൻബാഗ് സമരപ്പന്തലിൽ ഇന്നലെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. കേരളത്തില്‍ വെവ്വേറെ സമരം വേണമെന്ന ആവശ്യത്തിന് ഇന്ന് കുഞ്ഞാലിക്കുട്ടി കൂടുതല്‍ വ്യക്തത വരുതകയും ചെയ്തു.
"കേരളത്തിൽ യു ഡി എഫിന്റെ കയ്യിലാണ് പ്രക്ഷോഭം. സമരത്തിൽ യു ഡി എഫ് നല്ല നിലയിൽ മുന്നോട്ടു പോവുകയാണ്. ദേശീയ തലത്തില്‍ മതേതര കക്ഷികള്‍ യോജിച്ചും കേരളത്തിൽ യു.ഡി എഫും എൽ ഡി എഫും വെവ്വേറെ സമരം തുടരും"- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സിപിഎമ്മുമായി ചേർന്നുള്ള സമരത്തിനില്ലെന്ന് കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും യോജിച്ചുള്ള സമരം ആകാമെന്ന നിലപാടിലായിരുന്നു ലീഗ്. ലീഗിന്റെ വോട്ട് ബാങ്കായ സമസ്ത ഒറ്റക്കെട്ടായ സമരമെന്ന ആവശ്യത്തിലുറച്ചു നിന്നതായിരുന്നു ഇതിനു കാരണം. എന്നാൽ സമരക്കാർക്കിടയിൽ തീവ്രവാദികളുണ്ടെന്നും അവർക്കെതിരെയാണ് കേസെടുത്തതെന്നുമുള്ള മുഖ്യമന്ത്രിയുടെ നിയനസഭാ പ്രസംഗം സമസ്തയിൽ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്.
പൊലീസിനെ ന്യായീകരിക്കുന്ന നിലപാട് മുഖ്യമന്ത്രി തിരുത്തണമെന്ന ആവശ്യത്തിലാണ് സമസ്ത. നേതാക്കള്‍ക്കെതിരെ പോലും കേസെടുത്തിട്ടുണ്ടെന്നും ഇടതുപക്ഷ മുഖ്യമന്ത്രി പൊലീസിനെ ന്യായീകരിക്കുന്നത് ശരിയല്ലെന്നും സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കർ പറഞ്ഞു.
മുഖ്യമന്ത്രി അഭിനയിക്കുകയാണെന്ന് ഓണമ്പള്ളി മുഹമ്മദ് ഫൈസി ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഒന്നിച്ചുള്ള സമരമെന്ന ആവശ്യത്തിൽ സമസ്തയിലും ഭിന്നതയുണ്ടെന്നാണ് സൂചന.
സ്വന്തം നേതാക്കൾക്കെതിരെ പോലും കേസെടുത്തിട്ടുണ്ടെന്നിരിക്കെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന സമസ്തക്ക് ഉൾക്കൊള്ളാനായിട്ടില്ല. പുതിയ സാഹചര്യത്തിൽ സ്വന്തം നിലയിലും മുന്നണിയായും സമരം ശക്തമാക്കി ന്യൂനപക്ഷങ്ങളിൽ രൂപപ്പെട്ട സർക്കാർ അനുകൂല നിലപാട് തിരുത്താനായിരിക്കും ലീഗിന്റെ ശ്രമം.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.