ന്യൂഡൽഹി: കേരളത്തിൽ ലവ് ജിഹാദ് (Love jihad) എന്നൊന്നില്ലെന്ന് സ്പീക്കർ എം ബി രാജേഷ് (MB Rajesh). ലവ് ജിഹാദ് അടിസ്ഥാന രഹിതമാണെന്ന് സുപ്രീംകോടതിയും കേന്ദ്ര സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. ലവ് ജിഹാദ് വിഷയത്തിൽ ജോർജ് എം തോമസിന് നാക്കുപിഴച്ചതാകാമെന്നും എം ബി രാജേഷ് പറഞ്ഞു. വർഗീയ വിഭജനത്തിനുള്ള ശ്രമങ്ങളെ എല്ലാ ജനാധിപത്യ മതേതര വാദികള്‍ ചെറുക്കണം. കേരളത്തിലാണ് ഏറ്റവും കൂടുതൽ മിശ്ര വിവാഹിതർ ഉള്ളത്. പൊലീസിന്റെ ഭാഗത്ത് നിന്ന് നിഷേധാത്മകമായ നിലപാട് ഉണ്ടായിയെന്ന് കരുതുന്നില്ലെന്നും എം ബി രാജേഷ് പ്രതികരിച്ചു. മതനിരപേക്ഷ ജീവിതം സാധ്യമായ അപൂർവ്വം സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ലവ് ജിഹാദ് എന്നൊന്ന് പാർട്ടി രേഖയിൽ ഇല്ല എന്ന് ഉറപ്പിച്ചു പറയാം. താൻ പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ആളാണെന്നും എം ബി രാജേഷ് പറഞ്ഞു.
അതേസമയം, കോടേഞ്ചരി വിവാഹ വിവാദത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് മുൻ എംഎൽഎയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗവുമായ ജോര്‍ജ് എം തോമസ് ഇന്ന് പറഞ്ഞു. ലവ് ജിഹാദില്ല, ഒരു സമുദായത്തെ വ്രണപ്പെടുത്തുന്ന സ്വഭാവമാണ് കണ്ടത്. പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. പാര്‍ട്ടി സെക്രട്ടറിയെ അപ്പോള്‍ത്തന്നെ അറിയിച്ചു. ഇഎംഎസിനുപോലും നാക്കുപിഴ പറ്റിയിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ നേതാവ് ഷെജിനും ജോയ്‌സ്നയും തമ്മിലുള്ള വിവാഹം വിവാദമായ സാഹചര്യത്തിലായിരുന്നു ജോർജ് എം തോമസിന്റെ പ്രതികരണം. ലൗ ജിഹാദ് എന്നത് യാഥാര്‍ത്ഥ്യമാണെന്നായിരുന്നു ജോർജ് എം തോമസ് ഇന്നലെ പറഞ്ഞത്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകൾ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥിനികളെ ലൗ ജിഹാദിൽ കുടുക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
Also Read-
Love Jihad| 'ലവ് ജിഹാദില്ല; പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു': സിപിഎം തള്ളിപ്പറഞ്ഞതിന് പിന്നാലെ മലക്കംമറിഞ്ഞ് ജോര്‍ജ് എം തോമസ്ഷെജിൻ ജോയ്സ്നയുമായി ഒളിച്ചോടിയ നടപടി ശരിയല്ലെന്ന് ജോർജ് എം തോമസ് വിമർശിച്ചു. ഇത്തരമൊരു പ്രണയമുണ്ടെങ്കിൽ പാർട്ടിയോട് അറിയിക്കണമായിരുന്നു. അടുത്ത സഖാക്കളോടോ പാർട്ടി ഘടകത്തിലോ സംഘടനയിലോ ആരുമായും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ക്രൈസ്തവ സമുദായം വലിയ തോതിൽ പാർട്ടിയുമായി അടുക്കുന്ന സമയമാണ്. ഈ ഘട്ടത്തിൽ ഇത്തരമൊരു നീക്കം പാർട്ടിക്ക് വലിയ തിരിച്ചടിയാണ് പ്രദേശത്ത് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ജോയ്സ്ന 15 ദിവസം മുൻപാണ് വിദേശത്ത് നിന്ന് വന്നത്. 15 ദിവസം കൊണ്ട് ഇത്രയും ആഴത്തിലുള്ള പ്രണയം ഉണ്ടാകുമോയെന്ന് തനിക്ക് അറിയില്ല. ഷെജിനെതിരെ പാർട്ടി അച്ചടക്ക നടപടിയെടുക്കും. വരും ദിവസങ്ങളിൽ ഇക്കാര്യം പാർട്ടിയിൽ ചർച്ച ചെയ്യുമെന്നും ജോർജ് എം തോമസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ജോര്‍ജ് എം തോമസിനെ തള്ളി സിപിഎമ്മും ഡിവൈഎഫ്ഐയും രംഗത്തുവന്നിരുന്നു. ജോർജിന് സംഭവിച്ചത് നാക്ക് പിഴയാണെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ ഇന്ന് പ്രതികരിച്ചത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ ഷെജിൻ നേരത്തെ അറിയിച്ചിരുന്നെങ്കിൽ പാർട്ടി ഇടപെട്ട് വിവാഹം നടത്തിക്കൊടുക്കുമായിരുന്നു എന്നും പി മോഹനൻ കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ആര്‍എസ്എസ് ഉപയോഗിക്കുന്ന പദപ്രയോഗം മാത്രമാണ് ലവ് ജിഹാദ്. കോടഞ്ചേരിയിൽ ഈ വിവാഹം മുൻ നിർത്തി പാർട്ടിക്കെതിരായ പ്രചാരണം നടക്കുന്നു. അത് വിശദീകരിക്കാന്‍ വേണ്ടിയാണ് ഇന്ന് സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്, അത് അടക്കം തിരുത്താനാണ് പൊതുയോഗം. ലൗ ജിഹാദിനെ പറ്റിയുള്ള പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ഷെജിനും ജോയ്സനയ്ക്കും ആവശ്യമെങ്കിൽ പാർട്ടി സംരക്ഷണം ഉറപ്പാക്കുമെന്നും പി മോഹനൻ അറിയിച്ചു. പ്രായപൂർത്തിയായ ആർക്കും ഒരുമിച്ച് ജീവിക്കാൻ അവകാശമുണ്ട്. ഷെജിനെതിരെ നടപടി പരിഗണനയിൽ ഇല്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി സഖാവ് ഷെജിൻ എം.എസും പങ്കാളി ജ്യോത്സ്ന തമ്മിലുള്ള വിവാഹത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐയും രംഗത്തെത്തി. ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് പിന്തുണ നൽകുക എന്നതാണ് ഡിവൈഎഫ്ഐയുടെ പ്രഖ്യാപിത നിലപാട് എന്ന് കേരളഘടകത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Also Read-
സെക്കുലര്‍ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കും; ലവ് ജിഹാദ് ഒരു നിര്‍മ്മിത കള്ളം; ഷെജിനും ജ്യോത്സനയ്ക്കും പിന്തുണയുമായി DYFIമതേതര വിവാഹ ജീവിതത്തിന്റെ വലിയ മാതൃകകൾ കാട്ടി തന്ന അനേകം നേതാക്കൾ ഡിവൈഎഫ്ഐക്ക് കേരളത്തിൽ തന്നെയുണ്ട്. കേരളത്തിന്റെ മത നിരപേക്ഷ സാംസ്കാരിക പൈതൃകത്തിൽ വിള്ളൽ വീഴ്ത്താൻ സ്ഥാപിത ശക്തികൾ മനഃപൂർവം കെട്ടി ചമച്ച അജണ്ടയാണ് ലൗ ജിഹാദ് എന്ന പ്രയോഗം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കണക്കുകൾ നിരത്തി നിയമ സഭയിലും പൊതുമധ്യത്തിലും ആവർത്തിച്ചു വ്യക്തമാക്കിയ കാര്യമാണ് ലവ് ജിഹാദ് എന്നൊന്ന് കേരളത്തിലില്ലെന്ന കാര്യം.
സ്ഥാപിത വർഗ്ഗീയ താത്പര്യക്കാർ പൊതു ബോധമായി ഇത്തരം വിഷയങ്ങൾ നിർമ്മിച്ചെടുക്കാൻ ശ്രമിക്കുന്നത് ഗൗരവപൂർവ്വം കാണണമെന്ന് ഡിവൈഎഫ്ഐ പറയുന്നു. കലയിലും രാഷ്രീയത്തിലും ജീവിതത്തിന്റെ സമസ്ത മേഖലയിലും മതം തീവ്രവാദം പിടി മുറുക്കാൻ ശ്രമിക്കുന്ന വർത്തമാന കാലത്ത് സഖാവ് ഷെജിനും ജ്യോത്സ്ന മത നിരപേക്ഷ വൈവാഹിക ജീവിതത്തിന് ഉദാഹരണവും പുരോഗമന ബോധം സൂക്ഷിക്കുന്ന യുവതയ്ക്ക് മാതൃകയുമാണ്. ഇരുവർക്കും ഡി.വൈ.എഫ്.ഐ എല്ലാവിധ പിന്തുണയും നൽകുമെന്ന് ഡിവൈഎഫ്ഐ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.