തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന് ശേഷം കാര്യങ്ങൾ പഴയപടിയിലേക്ക് നീങ്ങുകയാണ്. ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകുന്നു. സർക്കാർ ഓഫീസുകളിൽ ഹാജർ 100% ആക്കി. ബാങ്കുകളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നു. ദിവസവും തൊഴിലിടങ്ങളിൽ പോയിവരാൻ നിരവധിപേരാണ് ഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നത്. രണ്ടാം ലോക്ക്ഡൗണിൽ നിർത്തിവച്ച സർവീസുകൾ കെഎസ്ആർടിസി പുനരാരംഭിച്ചു. പക്ഷേ റെയിൽവേയ്ക്ക് മാത്രം മാറ്റമില്ല.
സ്പെഷ്യൽ ട്രെയിനുകളായി പ്രഖ്യാപിച് നാമമാത്രമായ ട്രെയിനുകളാണ് ഇപ്പോഴും സർവീസ് നടത്തുന്നത്. സ്ഥിര യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായ പാസഞ്ചർ ,മെമു സർവീസുകൾ പുനരാരംഭിച്ചില്ല. എല്ലാ യാത്രികർക്കും റിസർവേഷൻ നിർബന്ധമാക്കിയതോടെ റെയിൽവേ കൗണ്ടറുകൾക്ക് മുന്നിൽ വൻ ആൾക്കൂട്ടം. ഓൺലൈൻ റിസർവേഷൻ നടത്തുന്നവർക്കാവട്ടെ അധികനിരക്കും നൽകണം. ചുരുക്കത്തിൽ യാത്രക്കാരോട് പുറംതിരിഞ്ഞു നിൽക്കുകയാണ് ഇന്ത്യൻ റെയിൽവേ.
സീസൺ ടിക്കറ്റ് പുനഃസ്ഥാപിക്കണംപതിവ് യാത്രക്കാർക്ക് സീസൺ ടിക്കറ്റ് പുനഃസ്ഥാപിച്ചാൽ തന്നെ കൗണ്ടറുകളിലെ തിരക്കും സമ്പർക്കവും പകുതിയിലേറയും ഇല്ലാതാക്കാം. അതിനിനിയും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. മഹാമാരി കാലത്ത് യാത്രക്കാർക്കിതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യതയും ചെറുതല്ല.
മറ്റൊന്ന് സ്റ്റേഷനുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന അശാസ്ത്രീയമായ നിയന്ത്രങ്ങളാണ്. ഉദാഹരണത്തിന് തിരുവനന്തപുരം സെൻട്രൽ (തമ്പാനൂർ ) റയിൽവേ സ്റ്റേഷനിലെ പുറത്തേക്കുള്ള വാതിലുകളെല്ലാം അടച്ചിട്ട് ഒരിടുങ്ങിയ ചെറിയ വഴി മാത്രമാണ് യാത്രക്കാർക്കായി തുറന്ന് വെച്ചിരിക്കുന്നത്. ഓരോ ട്രയിൻ എത്തുമ്പോഴും അഞ്ഞൂറിന് മുകളിൽ ആളുകൾ ഇറങ്ങുന് തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ ഇത് ഗുണത്തിലേറെ ദോഷമാണ് സൃഷ്ടിക്കുന്നത്. സമയത്ത് ഓഫീസിലെത്താനുള്ള തിടുക്കം കൂടിയാകുമ്പോൾ നൂറുകണക്കിന് പേരാണ് വാതിലിൽ കൂട്ടം കൂടി തിക്കിതിരക്കുന്നത്.
You may also like:ഡൽഹിയിൽ ക്രൈസ്തവ ദേവാലയം തകർത്തത് അപലപനീയം: സിറോമലബാർ സഭകേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മറ്റു വകുപ്പുകൾ കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതു ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന പല സൗകര്യങ്ങളും ഏർപ്പെടുത്തി. പക്ഷേ റെയിൽവേ മാത്രം യാത്രക്കാരോട് പുറംതിരിഞ്ഞു നിൽക്കുകയാണെന്ന് റെയിൽ യാത്രക്കാരുടെ സംഘടന 'ഫ്രണ്ട്‌സ് ഓൺ റെയിൽസ് ' ചൂണ്ടിക്കാട്ടുന്നു.
"യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങളാണ് റെയിൽവേ കൊണ്ടുവന്നത്. യാത്രക്കാരുടെ എണ്ണം കൂടിയപ്പോൾ കൂടുതൽ സർവീസുകൾ ആരംഭിക്കുന്നില്ല. റെയിൽവേയുടെ പുതിയ പല നിബന്ധനകളും സ്റ്റേഷനുകളിൽ അനാവശ്യ ആൾക്കൂട്ടം ഉണ്ടാക്കുന്നു. സ്ഥിര യാത്രക്കാർക്ക് നിശ്ചിത നിരക്ക് തീരുമാനിച്ച് ഒരാഴ്ചത്തേക്ക് എങ്കിലും മുൻകൂറായി ടിക്കറ്റ് എടുക്കാൻ അനുമതി നൽകണം. ഒരു മാസം 6 ടിക്കറ്റുകൾ മാത്രമേ ഓൺലൈനായി എടുക്കാൻ കഴിയൂ എന്നതും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
കൂടുതൽ റെയിൽവേ സർവീസുകൾ പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് യാത്രക്കാരുടെ സംഘടന കത്തയച്ചു. യാത്രാ ടിക്കറ്റ് സംവിധാനം പഴയ പടിയിൽ ആക്കുക, ഓൺലൈനായി പ്രതിമാസം എടുക്കുന്ന ടിക്കറ്റുകളുടെ പരിധി ഉയർത്തുക, അശാസ്ത്രീയ നിയന്ത്രണങ്ങൾ പിൻവലിക്കുക, കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് മെമു,പാസഞ്ചർ സർവീസുകൾ ഉടൻ പുനരാരംഭിക്കുക തുടങ്ങിയവയാണ് ആവശ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.