ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 44 വാർഡുകൾ ഇവയാണ്

ജൂണ്‍ 27നാണ് തെരഞ്ഞെടുപ്പും 28-ന് വോട്ടെണ്ണലും നടക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന 44 വാര്‍ഡുകളില്‍ 23 വാര്‍ഡുകളില്‍ നേരത്തെ എല്‍.ഡി.എഫ് പ്രതിനിധികളാണ് വിജയിച്ചിരുന്നത്. പതിനാലെണ്ണം യു.ഡി.എഫിന്റെയും നാലെണ്ണം ബി.ജെ.പിയുടെയും സിറ്റിംഗ് വാര്‍ഡുകളാണ്. മൂന്നിടത്ത് വിമതരും വിജയിച്ചിട്ടുണ്ട്.

news18
Updated: June 24, 2019, 12:06 PM IST
ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 44 വാർഡുകൾ ഇവയാണ്
തെരഞ്ഞെടുപ്പ്.
  • News18
  • Last Updated: June 24, 2019, 12:06 PM IST
  • Share this:
തിരുവനന്തപുരം: കാസര്‍കോട് ഒഴികെ സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശഭരണ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്. ജൂണ്‍ 27നാണ് തെരഞ്ഞെടുപ്പും 28-ന് വോട്ടെണ്ണലും നടക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന 44 വാര്‍ഡുകളില്‍ 23 വാര്‍ഡുകളില്‍ നേരത്തെ എല്‍.ഡി.എഫ് പ്രതിനിധികളാണ് വിജയിച്ചിരുന്നത്. പതിനാലെണ്ണം യു.ഡി.എഫിന്റെയും നാലെണ്ണം ബി.ജെ.പിയുടെയും സിറ്റിംഗ് വാര്‍ഡുകളാണ്. മൂന്നിടത്ത് വിമതരും വിജയിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന തെരെഞ്ഞെടുപ്പ് എന്ന പ്രാധാന്യവും ഈ ഉപതെരെഞ്ഞെടുപ്പിനുണ്ട്.

തിരുവനന്തപുരം

ജില്ലയില്‍ 7 പഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്. കുന്നത്തുകാല്‍ പഞ്ചായത്തിലെ കോട്ടുകോണം വാര്‍ഡ് അംഗമായിരുന്ന സിപിഐ എമ്മിലെ ടി അശോക് കുമാര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ ഭാര്യ എല്‍ ശ്രീകലയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസിലെ എസ് രാജു (യുഡിഎഫ്), രാമരാജ് കോണ്‍ഗ്രസിലെ വില്‍ഫ്രഡ് രാജു (എന്‍ഡിഎ) എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.

അമ്പൂരി പഞ്ചായത്തിലെ ചിറയക്കോട് വാര്‍ഡില്‍നിലവിലുണ്ടായിരുന്ന അംഗം കോണ്‍ഗ്രസിലെ ചിറയക്കോട് വിജയന്‍ വിപ്പ് ലംഘിച്ചതിന് അയോഗ്യനാക്കപ്പെട്ടതിനാലാണ് ഉപതെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിലെ ജീജോ ബാബു ആണ് യു.ഡി.എഫ്  സ്ഥാനാർഥി. സി.പി.ഐയിലെ ബാബു ജോസ്, ബി.ജെ.പിയിലെ രതീഷ് ബാബു എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.

നാവായിക്കുളം പഞ്ചായത്തിലെ ഇടമണ്‍നില വാര്‍ഡില്‍ യു.ഡിഎഫ് അംഗമായിരുന്ന ആര്‍.എസ്.പിയിലെ ഷെരീഫിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. ഷാനവാസ് (യുഡിഎഫ്), എം നജീം (എല്‍ഡിഎഫ്), രതീഷ് കുമാര്‍ (എന്‍ഡിഎ), അജി (ബിഎസ്പി) എന്നിവരാണ് സ്ഥാനാർഥികൾ.

കല്ലറ പഞ്ചായത്തിലെ വെള്ളംകുടി വാര്‍ഡ് അംഗമായിരുന്നു സിപിഎമ്മിലെ സജുവിന് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. സിപിഐലെ ലതയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ ശിവദാസന്‍, ബിജെപി സ്ഥാനാര്‍ഥിയായി പ്രശാന്ത് എന്നിവരാണ് മത്സരരംഗത്തുള്ളത്.  ആകെ 17 വാര്‍ഡുള്ള പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണമാണ്. നിലവില്‍ എല്‍ഡിഎഫ്- 8, യുഡിഎഫ് 8 എന്നിങ്ങനെയാണ് കക്ഷിനില. ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.

കാട്ടാക്കട പഞ്ചായത്തിലെ പനയംകോട് വാര്‍ഡ് അംഗമായിരുന്ന എല്‍.ഡി.എഫ് സ്വതന്ത്രന്‍ ടി മോഹനന്‍ നിര്യാതനായതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. എല്‍.ഡി.എഫ് സ്വതന്ത്രനായി എ എല്‍ ഷിജിന്‍ലാല്‍, കോണ്‍ഗ്രസിലെ ആര്‍ ജോസ്, ബിജെപിയിലെ എ പ്രസാദ് എന്നിവരാണ് സ്ഥാനാര്‍ഥികള്‍. കഴിഞ്ഞതവണ 17 വോട്ടിനായിരുന്നു വിജയം.

മാറനെല്ലൂര്‍ പഞ്ചായത്തിലെ കണ്ടല വാര്‍ഡില്‍ സിപിഎമ്മിലെ റീജയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. സി.പി.എമ്മിലെ ബി നസീറ, കോണ്‍ഗ്രസിലെ എം സബീന , ബിജെപിയിലെ ടി ശ്രീജ എന്നിവരാണ് സ്ഥാനാർഥികൾ.

മാറനെല്ലൂര്‍ പഞ്ചായത്തിലെ കുഴിവിള വാര്‍ഡിലെ നിലവിലെ അംഗമായിരുന്ന ബിജെപിയിലെ സുലഭയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു. ബി.ജെ.പിയിലെ ഹേമ ശേഖർ, സിപിഐയിലെ സി തിലോത്തമ, കോണ്‍ഗ്രസിലെ സരോജം എന്നിവരാണ് സ്ഥാനാർഥികൾ.

കൊല്ലം
ജില്ലയില്‍ നാല് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്. മൂന്നെണ്ണം കഴിഞ്ഞതവണ എല്‍.ഡി.എഫും ഒരെണ്ണം യു.ഡി.എഫും ജയിച്ച വാര്‍ഡുകളാണ്. കടയ്ക്കല്‍ പഞ്ചായത്തിലെ തുമ്പോട്, ഇട്ടിവ പഞ്ചായത്തിലെ നെടുപുറം, കിഴക്കേ കല്ലട പഞ്ചായത്തിലെ ഓണമ്പലം, അഞ്ചല്‍ പഞ്ചായത്തിലെ മാര്‍ക്കറ്റ് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്. തുമ്പോട്, നെടുപുറം, ഓണമ്പലം വാര്‍ഡുകള്‍ എല്‍ഡിഎഫും മാര്‍ക്കറ്റ് വാര്‍ഡിൽ യു.ഡി.എഫുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്.

കടയ്ക്കല്‍ പഞ്ചായത്തിലെ തുമ്പോട് വാര്‍ഡില്‍ എല്‍ഡിഎഫിലെ മനോഹരന്‍ മരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. എൽ.ഡി.എഫിലെ  ജെ.എം മര്‍ഫി, യു.ഡി.എഫിലെ ജി മോഹനന്‍, ബിജെപിയിലെ മണിരാജന്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

ഇട്ടിവ പഞ്ചായത്തിലെ നെടുപുറം വാര്‍ഡില്‍ എല്‍.ഡി.എഫിലെ അനില്‍കുമാര്‍ സര്‍ക്കാര്‍ ജോലി കിട്ടി പോയതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ ബി ബൈജു, കോൺഗ്രസിലെ ബി രാജീവ്, ബി.ജെ.പിയിലെ ദീപേഷ്, ഡി.എച്ച്ആര്‍എമ്മിലെ വിജയന്‍ എന്നിവരാണ്സ്ഥാനാര്‍ഥികള്‍.

അഞ്ചല്‍ പഞ്ചായത്ത് 15ാം വാര്‍ഡ് (മാര്‍ക്കറ്റ്) പ്രതിനിധിയായിരുന്ന യുഡിഎഫിലെ സുബൈദാ സക്കീര്‍ഹുസൈന്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.. നൂര്‍ജഹാന്‍ (യുഡിഎഫ്), നസീമബീവി സലിം (എല്‍ഡിഎഫ്), മൃദുല (ബിജെപി) എന്നിവരാണ് സ്ഥാനാർഥികൾ.

സിപിഐ അംഗമായ മേരിക്കുട്ടി ജോയിക്ക് ആരോഗ്യവകുപ്പില്‍ നിയമനം ലഭിച്ചതിനെത്തുടര്‍ന്നാണ് കിഴക്കേ കല്ലട പഞ്ചായത്തിലെ ഏഴാം വാര്‍ഡായ ഓണമ്പലത്ത് ഉപതിരഞ്ഞെടുപ്പ്. എ ലില്ലിക്കുട്ടി (സിപിഐ), സിന്ധു പ്രസാദ് (കോണ്‍ഗ്രസ്സ്), മായ (ബിജെപി) എന്നിവരാണ് മത്സര രംഗത്തുള്ളത്.

ആലപ്പുഴ
ജില്ലയില്‍ അഞ്ചിടത്താണ് ഉപതെരെഞ്ഞെടുപ്പ് . ഇതില്‍ രണ്ടു വീതം എല്‍ഡി എഫ് ജയിച്ച വാര്‍ഡും ഒരെണ്ണം എന്‍സിപി റിബല്‍ ജയിച്ച വാര്‍ഡുമാണ്.

മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വെട്ടിയാര്‍ ഡിവിഷന്‍ നിലവില്‍ സിപിഐഎം സീറ്റ്. ടി പി ത്രിവിക്രമനുണ്ണിത്താന്‍ മരിച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് .
ഭാര്യ ഓമനക്കുട്ടി അമ്മയാണ് സ്ഥാനാര്‍ഥി. സുരേഷ് കളിയിക്കല്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

കായംകുളം നഗരസഭ വെയര്‍ ഹൗസ് വാര്‍ഡില്‍ എന്‍സിപി റിബലായി വിജയിച്ച് എല്‍ഡിഎഫിനൊപ്പം നിന്ന
സുള്‍ഫിക്കല്‍ മയൂരി അഗ്രോ ഇന്‍ഡസ്ട്രീസ്‌ചെയര്‍മാനായതിനാല്‍ അയോഗ്യനാക്കപ്പെട്ടു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് .
എ ഷിജി (സിപിഐ), അനീസ് കലാം (മുസ്ലിംലീഗ്), പ്രദീപ് (ബിജെപി) എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

ചേര്‍ത്തല നഗരസഭ ടി ഡി അമ്പലം വാര്‍ഡിലെ കോൺഗ്രസ് അംഗം ജെ രാധാകൃഷ്ണ നായിക് മരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ഡി മുരളീധര ഷേണായ് (യുഡിഎഫ്), പ്രദീപ്കുമാര്‍ (എല്‍ഡിഎഫ് സ്വതന്ത്രന്‍), സുരേഷ്‌കുമാര്‍ (ബിജെപി) എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

കുത്തിയതോട് പഞ്ചായത്ത് മുത്തുപറമ്പ് വാര്‍ഡ് കെപിസിസി അംഗം അബ്ദുള്‍ഗഫൂര്‍ ഹാജിമരിച്ചതിനെ തുടര്‍ന്നാണ് ഉപതെരെഞ്ഞെടുപ്പ്.
എം കമാല്‍ (യുഡിഎഫ്), സിപിഐയിലെ കെ എസ് ഷിയാദ് (എല്‍ഡിഎഫ്), ബി ആര്‍ ബൈജു (ബിജെപി) എന്നിവര്‍ സ്ഥാനാര്‍ഥികള്‍.

പാലമേല്‍ പഞ്ചായത്ത് മുളകുവിള വാര്‍ഡില്‍ സിപിഎമ്മിലെ ടി ഗോപാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. 107 വോട്ടിനാണ് സി പി എം സ്ഥാനാര്‍ഥി വിജയിച്ചത്. സിപിഐ എമ്മിലെ ധര്‍മ്മപാലന്‍ (എല്‍ഡിഎഫ്) ,കെ വി അനില്‍കുമാര്‍ (കോണ്‍ഗ്രസ് (ഐ), ആദര്‍ശ് ലാല്‍ ( ബി ജെ പി ) എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

പത്തനംതിട്ട
പത്തനംതിട്ട ജില്ലയില്‍ ഒരു വാര്‍ഡിലാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് കഴിഞ്ഞത്തവണ ജയിച്ച വാര്‍ഡാണ്.
അങ്ങാടി പഞ്ചായത്ത് നെല്ലിക്കാണ്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അനി വലിയകാലായും മാത്യൂസ് എബ്രഹാം പടിഞ്ഞാറേ മണ്ണിലാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായും ചേര്‍ത്തല രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായും മത്സരിക്കുന്നു.

കോട്ടയം
ജില്ലയില്‍ ആറിടത്താണ് തെരഞ്ഞെടുപ്പ് .നാലിടത്ത് എല്‍ഡിഎഫ് ആണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. രണ്ടിടത്ത് യുഡിഎഫും.

തിരുവാര്‍പ്പ് പഞ്ചായത്തിലെ മോര്‍കാട് ഒന്നാം വാര്‍ഡില്‍ രഞ്ജ്‌നി സന്തോഷ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മായമുരളി യു.ഡി.എഫ് സ്ഥാനാർഥിയും

പാല കരൂര്‍ വലവൂര്‍ ഈസ്റ്റ് വാര്‍ഡ് എല്‍ഡി എഫ് കഴിഞ്ഞതവണ ജയിച്ച വാര്‍ഡാണ്. എല്‍ഡിഎഫ് സ്വതന്ത്രനായി രാജേഷും യുഡിഎഫില്‍ നിന്ന് കേരള കോണ്‍ഗ്രസറ്റ് എമ്മിലെ രശ്മി തങ്കപ്പനും മത്സരിയ്ക്കുന്നു. വി കെ അജിയാണ് ബിജെപി സ്ഥാനാര്‍ഥി.

മൂന്നിലവ് പഞ്ചായത്ത് ഒന്നാം വാര്‍ഡും എല്‍ഡിഎഫ് ജയിച്ച വാര്‍ഡാണ് .ജോസിലി ജോണ്‍ ആണ് സ്ഥാനാര്‍ഥി.ഡോളി കൊന്നാക്കല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായും പിസി ജോര്‍ജ് നയിക്കുന്ന ജനപക്ഷം സ്ഥാനാര്‍ഥിയായി സവിതാ സാം നടുവിലപുരയ്ക്കലും മത്സരിയ്ക്കുന്നു.

പാമ്പാടി ബ്ലോക്ക് കിടങ്ങൂര്‍ ഡിവിഷന്‍ നിലവില്‍ എല്‍ഡിഎഫ് പ്രതിനിധീകരിച്ചിരുന്ന വാര്‍ഡാണ് .പ്രസന്നകുമാരി മണിമലമറ്റം എല്‍ഡിഎഫ് സ്വതന്ത്രയായും യുഡിഎഫില്‍ നിന്ന് ജോസ് തടത്തിലും (കേരള കോണ്‍ഗ്രസ്സ് എം) ബിജെപിയില്‍ നിന്ന് അജിതകുമാരന്‍ നായരും മത്സരിയ്ക്കുന്നു.

പാമ്പാടി ബ്ലോക്കിലെ തന്നെ എലിക്കുളം ഡിവിഷന്‍ യുഡിഎഫ് ജയിച്ച വാര്‍ഡാണ്. ട്രീസ ജോസഫ് ആണ് യുഡിഎഫ് സ്ഥാനാർഥി.  റോസ്‌നി ജോബി- എല്‍ഡിഎഫ് , രജനി പീറ്റര്‍ -ബിജെപി .

കാഞ്ഞിരപ്പള്ളി മണിമല പഞ്ചായത്ത് രണ്ടാം വാര്‍ഡ് കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ച വാര്‍ഡാണ് .
കേരളകോണ്‍ഗ്രസ്സ് എമ്മിലെ എം സി ജേക്കബ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിനോയ് തോമസ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിയ്ക്ക് സ്ഥാനാര്‍ഥിയില്ല.

ഇടുക്കി
രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും ഒരു നഗരസഭാ വാര്‍ഡിലും രണ്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമായി അഞ്ചിടത്താണ് ഇടുക്കി ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ്. മൂന്നെണ്ണം എല്‍ഡിഎഫ് വാര്‍ഡും ഒന്നുവീതം ബിജെപിയും യുഡിഎഫും ജയിച്ചവയുമാണ്

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മണക്കാട് ഡിവിഷനില്‍ വിനീത അനില്‍കുമാറിന് (എല്‍ഡിഎഫ്) ജോലി കിട്ടിയതിനാല്‍ രാജി വെച്ചതിനാലാണ് തെരഞ്ഞെടുപ്പ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഷീന ഹരിദാസും യുഡിഎഫ് സ്ഥാനാര്‍ഥിയായി ശ്രീജാ വേണുഗോപാലും ബിജെപിസ്ഥാനാര്‍ത്ഥിയായി ദീപ രാജേഷും മത്സരിയ്ക്കുന്നു. ആകെ 13 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ ഇപ്പോള്‍ എല്‍ഡിഎഫ് -6, യുഡിഎഫ് -6 എന്നതാണ് കക്ഷിനില.ഉപതെരെഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്.

ദേവികുളം ബ്ലോക്ക് പഞ്ചായത്തിൽ എ സുന്ദരത്തിന്റെ (എല്‍ഡിഎഫ്) നിര്യാണത്തെതുടര്‍ന്നാണ് ദേവികുളം ബ്ലോക്ക് കാന്തല്ലൂര്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്. ജയിക്കുന്നയാള്‍ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകും. പട്ടികവര്‍ഗവിഭാഗത്തിനായി സംവരണം ചെയ്തതാണ് പ്രസിഡന്റ് സ്ഥാനം. ബ്ലോക്ക് പഞ്ചായത്തിലെ ഏക പട്ടികവര്‍ഗ സംവരണ വാര്‍ഡാണ് കാന്തല്ലൂര്‍ ഡിവിഷന്‍. 13 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ ഏഴ് സീറ്റുകള്‍ കോണ്‍ഗ്രസിനുണ്ടെങ്കിലും പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട സിപിഐ എമ്മിലെ എ സുന്ദരത്തിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുകയായിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ രാധാകൃഷ്ണനാണ്. എസ് കന്ദസാമി യുഡിഎഫില്‍ നിന്നും ശിവമുത്തു ബിജെപിയില്‍ നിന്നും മത്സരിയ്ക്കുന്നു.

തൊടുപുഴ നഗരസഭ മുനിസിപ്പല്‍ ഓഫീസ് വാര്‍ഡില്‍ ബിജെപി ണ്‍സിലര്‍ ജോലികിട്ടി സ്ഥാനം ഒഴിയുകയായിരുന്നു.  ബിജെപി സ്ഥാനാര്‍ത്ഥിയായി മായ എ നായര്‍, എല്‍ഡിഎഫില്‍ നിന്ന് രാജി രാജന്‍, യുഡിഎഫില്‍ നിന്ന് നാഗേശ്വരി അഭിലാഷ്, എന്നിവര്‍ മത്സരിയ്ക്കുന്നു. 35 അംഗ കൗണ്‍സിലില്‍ യുഡിഎഫ് - 14, എല്‍ഡിഎഫ്- 13, ബിജെപി-7 എന്നിങ്ങനെയാണ് ഇപ്പോള്‍ കക്ഷിനില. ഉപതെരഞ്ഞെടുപ്പ് ഫലം ഭരണത്തില്‍ നിര്‍ണായകമാണ്.

ഉപ്പുതറ പഞ്ചായത്ത് കാപ്പിപ്പതാല്‍ വാര്‍ഡില്‍ യുഡിഎഫ് പ്രതിനിധി ബിജു പോളിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് . പി നിക്‌സണ്‍ യുഡിഎഫ് സ്ഥാനാർതിയായും
എലിസബത്ത് ( ബീനാ സണ്ണി) എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമാണ്. ബിജെപി സ്ഥാനാര്‍ത്ഥിയില്ല.

മാങ്കുളം പഞ്ചായത്ത് ആനകുളം നോര്‍ത്ത് ഒന്നാം വാര്‍ഡില്‍ സിപിഐ എം അംഗം പി കെ രവീന്ദ്രന്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് ഉപതിരഞ്ഞെടുപ്പ്. പി കെ രവീന്ദ്രന്റെ മകനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഷ്ണു രവീന്ദ്രന്‍. എന്‍ എസ് സുനീഷ് എല്‍ഡി എഫ് സ്ഥാനാര്‍ഥി.ബിജെപി സ്ഥാനാര്‍ത്ഥിയായി ഐ കെ ശശിയും മത്സരിയ്ക്കുന്നു.
എല്‍ഡിഎഫിനാണ് പഞ്ചായത്ത്ഭരണം.13 അംഗ പഞ്ചായത്തില്‍ 6 - 6 എന്നതാണ് ഇപ്പോഴത്തെ കക്ഷിനില. ഈ ഉപതെരഞ്ഞെടുപ്പു ഫലം നിര്‍ണായകം.

എറണാകുളം
ജില്ലയില്‍ രണ്ടിടത്താണ് ഉപതെരെഞ്ഞെടുപ്പ്. കഴിഞ്ഞതവണ യുഡിഎഫ് വിജയിച്ച വാര്‍ഡുകളാണ് രണ്ടും.നെല്ലിക്കുഴി പഞ്ചായത്തിലെ വാര്‍ഡില്‍ യുഡിഎഫ് അംഗമായിരുന്ന ഷാജഹാന്‍ വട്ടമുടി മരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്.ഷാജഹാന്റെ ഭാര്യ മുംതാസാണ് യുഡിഎഫ് സ്ഥാനാര്‍ഥി.എല്‍ഡിഎഫ് പ്രതിനിധിയായി ടി എം അബ്ദുല്‍ അസീസ് മത്സരിയ്ക്കുന്നു.മധു ഡി യാണ് ബിജെപി സ്ഥാനാര്‍ഥി.

മഴുവന്നൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന യുഡിഎഫ് അംഗം വി ഫിലിപ്പ് മരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. യുഡിഎഫില്‍ നിന്ന് സീബ വര്‍ഗീസും എല്‍ഡിഎഫ് സ്ഥാനാര്‍ഥി  സി പി ഉത്തമന്‍ നായരും മത്സരിയ്ക്കുന്നു.

തൃശൂര്‍
ജില്ലയില്‍ നാലു തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. ഇതില്‍ മൂന്നെണ്ണം എല്‍ഡിഎഫിന്റെയും ഒരെണ്ണം യുഡിഎഫിന്റെയും സിറ്റിംഗ് വാര്‍ഡുകളാണ്. ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും മൂന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്.

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ചേറ്റുവ ഡിവിഷനിലേക്കാണ് ഉപതെരഞ്ഞെടുപ്പ് . സിപിഎമ്മിലെ സുനില്‍ പണിക്കശ്ശേരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. നൗഷാദ് കൊട്ടിലിങ്ങല്‍ (കോണ്‍ഗ്രസ്), ദേവാനന്ദന്‍ പണ്ടാരത്തില്‍ (ബിജെപി) എന്നിവരും മത്സരരംഗത്തുണ്ട്. കഴിഞ്ഞ തവണ 600 വോട്ടിന് എല്‍ഡിഎഫ് വിജയിച്ച ഡിവിഷനാണിത്. എല്‍ഡിഎഫ് അംഗം രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.

പൊയ്യ പഞ്ചായത്തില്‍ പൂപ്പത്തി അഞ്ചാംവാര്‍ഡിലേക്കാണ് തെരഞ്ഞെടുപ്പ് . സിപി എമ്മിലെ അനുഗോപിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഷാജിത ടൈറ്റസ് ( കോണ്‍ഗ്രസ്), അനില (ബിജെപി) എന്നിവും മത്സരരംഗത്തുണ്ട്. എല്‍ഡിഎഫ് 139 വോട്ട് ഭൂരിപക്ഷത്തില്‍ വിജയിച്ച വാര്‍ഡാണിത്. മെമ്പറായിരുന്ന എല്‍ഡിഎഫിലെ സിന്ധുജോയിക്ക് വിദേശത്ത് ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കോലഴി പഞ്ചായത്തില്‍ കോലഴി നോര്‍ത്ത് വാര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് അംഗം കെ ജെ ചാണ്ടിയുടെ മരണത്തെതുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വി കെ സുരേഷ്‌കുമാര്‍ (കോണ്‍ഗ്രസ് ),  വി ജി രാജൻ ( എല്‍ഡിഎഫ് ),  ദിബിന്‍ദാസ് ( ബിജെപി) എന്നിവരാണ് സ്ഥാനാർഥികൾ.

പാഞ്ഞാള്‍ പഞ്ചായത്തിലെ കിള്ളിമംഗലം പടിഞ്ഞാട്ടുമുറി വാര്‍ഡിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. എല്‍ഡിഎഫിലെ ഗിരിജ സോമനാഥിന് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഒഴിവു വന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐയിലെ ശ്രീന വിനോദാണ് മത്സരിക്കുന്നത്. എ എം ആസ്യ (കോണ്‍ഗ്രസ്), പത്മാവതി (ബിജെപി) എന്നിവരാണ് മറ്റു സ്ഥാനാർതികൾ.

പാലക്കാട്
ജില്ലയില്‍ രണ്ടിടത്താണ് ഉപതെരഞ്ഞെടുപ്പ് .ഒരു വാര്‍ഡ് എല്‍ഡിഎഫും ഒന്ന് ബിജെപിയും ജയിച്ച താണ് . കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ നാട്ടുകല്‍ വാര്‍ഡില്‍ എല്‍ഡിഎഫിലെ ജനതാദള്‍ (എസ്) അംഗം രാജിവച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വനജ കണ്ണന്‍, യുഡിഎഫിന്റെ കമലം, ബിജെപിയുടെ വി സുനിത എന്നിവരാണ് ജനവിധി തേടുന്നത്.

മലമ്പുഴ പഞ്ചായത്തിലെ കടുക്കാംകുന്നം വാര്‍ഡില്‍ ബിജെപി അംഗം ജോലി കിട്ടിയതിനെ തുടര്‍ന്ന് രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിലെ രാജലക്ഷ്മി, ബിജെപിയിലെ സൗമ്യ സജീഷ്, എൽഡിഎഫിലെ പ്രമീള അനന്തൻ എന്നിവരാണ് സ്ഥാനാർഥികൾ.

മലപ്പുറം
ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ അഞ്ച് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്. ഇതില്‍ മൂന്നെണ്ണം യുഡി എഫ് വാര്‍ഡുകളും രണ്ടെണ്ണം എല്‍ഡിഎഫ് വിജയിച്ച വാര്‍ഡുമാണ്.

ആനക്കയം പഞ്ചായത്ത് നരിയാട്ടുപ്പാറ വാര്‍ഡംഗം മുസ്ലിം ലീഗിലെ സി പി അബ്ദുറഹിമാന്‍ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. യുഡിഎഫ് സ്ഥാനാര്‍ഥി മുസ്ലിം ലീഗിലെ വി പി ഹനീഫയും എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പുഴക്കല്‍ ഇസ്മായിലുമാണ് മത്സര രംഗത്തുള്ളത്.

മംഗലം പഞ്ചായത്ത് കൂട്ടായി വാര്‍ഡ് അംഗമായിരുന്ന മുസ്ലീം ലീഗിലെ അല്‍ത്താഫ് ഹുസൈന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. യുഡിഎഫിലെ സി എം ടി സീതി, എല്‍ഡിഎഫിലെ നാസര്‍ കല്ലിങ്ങലകത്ത്എന്നിവരാണ് മത്സര രംഗത്ത്. 20 അംഗ പഞ്ചായത്തില്‍ യുഡിഎഫ് -10, എല്‍ഡിഎഫ് -9 ആണ് കക്ഷിനില. ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകും.

ഊര്‍ങ്ങാട്ടീരി പഞ്ചായത്ത്, കളപ്പാറ വാര്‍ഡ് അംഗം എല്‍ഡിഎഫിലെ റുഖിയ കോഴിശ്ശേരി സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന്- രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. എല്‍ഡിഎഫിലെ പി ഷഹര്‍ബാന്‍ യുഡിഎഫിലെ കെ ടി സുബൈദ എന്നിവരാണ് മത്സര രംഗത്ത്.

Also Read തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ജൂൺ 27ന്; 13 ജില്ലകളിലെ 44 വാർഡുകളിൽ വോട്ടെടുപ്പ്

എല്‍ഡിഎഫ് -ജനകീയ വികസന മുന്നണി കൗണ്‍സിലര്‍ ഷീബ പോതൂക്കരയുടെ നിര്യാണത്തെ തുടര്‍ന്നാണ് പരപ്പനങ്ങാടി നഗരസഭയിലെ കീഴ്ച്ചിറയില്‍ ഉപ തെരഞ്ഞെടുപ്പ്. എല്‍ഡിഎഫ് -വികസന മുന്നണി സ്ഥാനാര്‍ഥിയായി ശ്യാമള വേപ്പല്ലൂര്‍, യുഡിഎഫിലെ മണ്ണാരക്കല്‍ വനജ, ബിജെപിയിലെ എം ശൈലജ എന്നിവരാണ് മത്സര രംഗത്ത്.

ആലിപ്പറമ്പ് പഞ്ചായത്ത് വട്ടപ്പറമ്പില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലീഗ് വിമതനായി മത്സരിച്ച് വിജയിച്ച അബ്ദുല്‍ ലത്തീഫ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. ഇദ്ദേഹം വീണ്ടും മുസ്ലിം ലീഗില്‍ ചേക്കേറിയതോടെയാണ് അംഗത്വം രാജിവച്ചത്. യുഡിഎഫിലെ ടി ഹൈദരലി, എല്‍ഡിഎഫിലെ പി വി മജീദ് എന്നിവരാണ് മത്സര രംഗത്ത്.

കോഴിക്കോട്
കൊടുവള്ളി നഗരസഭയിലെ വാരിക്കുഴിത്താഴം 14ാം ഡിവിഷനില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് സിപിഎം കൗണ്‍സിലര്‍ പി കെ ഷീബ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരെഞ്ഞെടുപ്പ് .

സിപിഐ എം ലെ അരിക്കോട്ടില്‍ അനിതയാണ് എല്‍ഡിഎഫ് സ്ഥാനാത്ഥി.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സരോജിനിയും ബിജെപിസ്ഥാനാര്‍ത്ഥിയായി രമ കുണ്ടത്തിലും മത്സരംഗത്തുണ്ട്.

വയനാട്
മുട്ടില്‍ പഞ്ചായത്ത് 13-ാം വാര്‍ഡിൽ (മാണ്ടാട് ) ആണ്  ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കെ മൊയ്തീന്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. അബ്ദുള്ള പുല്‍പ്പാടി ( സിപിഎം )ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിക്കും സ്ഥാനാര്‍ഥിയുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് റിബലായി സ്വതന്ത്രനായി മത്സരിച്ച എ എം നജീം തെരഞ്ഞെടുക്കപ്പെട്ടു. ആദ്യം എല്‍ഡിഎഫുമായി ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റായി.തെരഞ്ഞെടുക്കുപ്പെട്ടു. പിന്നീട് യുഡിഎഫിനൊപ്പമായി.
നജീമിന്റെ അംഗത്വം പിന്നീട്‌തെരഞ്ഞെടുപ്പ് കമീഷന്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 19 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 9 അംഗങ്ങള്‍ വീതമാണു ഇപ്പോള്‍ ഉള്ളത്.ഉപതെരെഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്.

കണ്ണൂര്‍
ധര്‍മടം പഞ്ചായത്തിലെ കോളനി കിഴക്കേ പാലയാട് വാര്‍ഡിലാണ്(9ാം വാര്‍ഡ്) ഉപതെരഞ്ഞെടുപ്പ്. നിലവില്‍ ബിജെപി വാര്‍ഡ്.  211 വോട്ടിന് വിജയിച്ച കെ ഗോപാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. ബിന്ധ്യ ചെള്ളത്ത് ആണ് ബി.ജെ.പി സ്ഥാനാർഥി.  ലോക് താന്ത്രിക് ജനതാദളിലെ കൊക്കോടന്‍ ലക്ഷ്മണനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് പി കെ ശശിധരനെ മത്സരിപ്പിയ്ക്കുന്നു.

Related Stories ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമാകുന്നത് ഈ തദ്ദേശ സ്ഥാപനങ്ങളില്‍

First published: June 24, 2019, 12:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading