നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Burevi Cyclone | തിരുവനന്തപുരം വിമാനത്താവളം തുറന്നു

    Burevi Cyclone | തിരുവനന്തപുരം വിമാനത്താവളം തുറന്നു

    ബുറെവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് വീശാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു വിമാനത്താവളം അടച്ചിട്ടത്.

    തിരുവനന്തപുരം വിമാനത്താവളം

    തിരുവനന്തപുരം വിമാനത്താവളം

    • Share this:
      തിരുവനന്തപുരം: ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പ്രവർത്തനം നിർത്തി വച്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വൈകിട്ട് നാലിനു തുറന്നു. എയർപോർട്ട് അധികൃതർ അറിയിച്ചതാണ് ഇക്കാര്യമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. വിമാനത്താവള പ്രവർത്തനങ്ങൾ നാലു മണി മുതൽ പൂർണ തോതിൽ പുനരാരംഭിച്ചു.

      ഇന്നു രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ വിമാനത്താവളത്തിന്‍റെ പ്രവർത്തനം നിർത്തിവയ്ക്കാനാണ് കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ബുറെവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് വീശാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ഇത്. വിമാനത്താവള പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു ഈ നടപടി സ്വീകരിച്ചതെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ചുഴലിക്കാറ്റ് ദുർബലമായതോടെയാണ് നേരത്തെ പ്രഖ്യാപിച്ചതിലും നേരത്തെ വിമാനത്താവളം തുറക്കാൻ തീരുമാനിച്ചത്.

      കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം അതിതീവ്ര ന്യൂനമർദം അടുത്ത 36 മണിക്കൂറിൽ കൂടുതൽ ദുർബലമാകും. കേരളത്തിലെത്തുന്നതിന് മുന്നേ തമിഴ്‌നാട്ടിൽ വെച്ച് തന്നെ ന്യൂനമർദത്തിലെ കാറ്റിൻറെ വേഗത മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിമീ വേഗത മാത്രമായി മാറാനാണ് സാധ്യത.

      കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്. ഇന്ന് രാത്രി മുതൽ 12 മണിക്കൂർ നേരത്തേക്ക് തെക്കൻ കേരളത്തിൽ മണിക്കൂറിൽ ഏകദേശം 35 മുതൽ 45 വരെ കിമീ വേഗതയുള്ള കാറ്റ് ഉണ്ടായേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

      മൽസ്യബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം തുടരും. വിലക്ക് എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും. ന്യൂനമർദത്തിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നൽകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ അനുവദിക്കുന്നതല്ല.
      Published by:Anuraj GR
      First published:
      )}