തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ശുദ്ധജല വിതരണം കാര്യക്ഷമമാക്കാനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമായി. ജല അതോറിറ്റിയുടെ അരുവിക്കരയിലെ
86 എം എൽ ഡി ജല ശുദ്ധീകരണശാലയിലെ പഴയ 4
പമ്പുകൾ മാറ്റി അത്യാധുനിക സംവിധാനമുള്ള 2 വലിയ
പമ്പുകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. പഴയ പമ്പുകൾക്ക് 20 വർഷത്തിലേറെ പഴക്കമുള്ളതിനാൽ നിലവിൽ കാര്യക്ഷമതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നവീകരണ പ്രവർത്തനം നടക്കുന്നത്.
നാല് ഘട്ടമായാണ് പ്രവർത്തനങ്ങൾ പൂർത്തിയാക്കുക. ആദ്യ ഘട്ടമെന്ന നിലയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പമ്പുകൾ മാറ്റുന്നതിന് മുന്നോടിയായുള്ള പണികൾ ആരംഭിച്ചു. ഇത് ശനിയാഴ്ച ഉച്ചക്ക് മാത്രമേ അവസാനിക്കു. ഇതിന് ശേഷമാകും കുടിവെള്ള വിതരണം പുനസ്ഥാപിക്കുക. അടുത്ത മാസം നാലാം തീയതി നടക്കുന്ന രണ്ടാം ഘട്ടത്തിന് ശേഷം പതിനൊന്നാം തീയതി നടക്കുന്ന മൂന്നാം ഘട്ടത്തിൽ വച്ചാണ് പമ്പുകൾ മാറ്റി സ്ഥാപിക്കുക.
ഫെബ്രുവരി 2, 3 തീയതികളിൽ നടക്കുന്ന അന്തിമ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ദിവസേന 10 ദശലക്ഷം ലിറ്റർ വെള്ളം അധികമായി നഗര പ്രദേശങ്ങളിലേക്ക് എത്തിക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ആറ് കോടി രൂപയാണ് നവീകരണ പ്രവർത്തനങ്ങൾക്കായി മുടക്കുന്നത്.
അതേ സമയം അരുവിക്കരയിൽ നിന്നുള്ള കുടിവെളള വിതരണം നിർത്തിവച്ചതോടെ നഗര പ്രദേശങ്ങൾ കുടിവെള്ള ക്ഷാമം നേരിടുകയാണ്. വിവിധ പ്രദേശങ്ങളിൽ ടാങ്കുകൾ സ്ഥാപിച്ചും ടാങ്കർ ലോറികളിൽ വെളളമെത്തിച്ചുമാണ് കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ ശ്രമിക്കുന്നത്. മെഡിക്കൽ കോളേജ്, ആർ സി സി എന്നിടവങ്ങളിലേക്ക് പ്രത്യേക ടാങ്കർ സർവീസും ഒരുക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.