• HOME
  • »
  • NEWS
  • »
  • kerala
  • »
  • സിപിഎം ഇടപെട്ടു; ഓണസദ്യ കളഞ്ഞ് പ്രതിഷേധിച്ച തൊഴിലാളികള്‍ക്കെതിരായ നടപടി കോർപറേഷൻ പിന്‍വലിച്ചു

സിപിഎം ഇടപെട്ടു; ഓണസദ്യ കളഞ്ഞ് പ്രതിഷേധിച്ച തൊഴിലാളികള്‍ക്കെതിരായ നടപടി കോർപറേഷൻ പിന്‍വലിച്ചു

മേലിൽ ഇത്തരം വൈകാരിക പ്രകടനങ്ങൾ ആവർത്തിക്കില്ല എന്ന ജീവനക്കാരുടെയും സംഘടനകളുടെയും ഉറപ്പിന്മേലാണ് ശിക്ഷാനടപടി പിൻവലിക്കാൻ തീരുമാനിച്ചത്

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറുഞ്ഞു പ്രതിഷേധിച്ച ശുചീകരണ തൊഴിലാളികള്‍ക്കെതിരായ നടപടി പിന്‍വലിച്ചു. ശുചീകരണ തൊഴിലാളികളായ എ ശ്രീകണ്ഠൻ, സന്തോഷ്, വിനോദ് കുമാർ ,രാജേഷ്, ബിനുകുമാർ , സുജാത, ജയകുമാരി , എന്നിവർക്കെതിരെയുള്ള നടപടിയാണ് പിൻവലിച്ചത്. ഇവർക്കൊപ്പം നടപടിയെടുത്ത താൽക്കാലിക ജീവനക്കാരായ നാല് പേർക്കെതിരെയുള്ള നടപടിയും പിൻവലിച്ചു.

    പ്രക്ഷോഭങ്ങളോടും സമരങ്ങളോടും അനുഭാവപൂർവ്വമായ സമീപനമാണ് ഭരണസമിതിയ്ക്ക് ഉള്ളത്. എന്നാൽ ഭക്ഷണം മാലിന്യത്തിൽ വലിച്ചെറിയുന്ന രീതിയിലുള്ള സമരരൂപങ്ങളെ അംഗീകരിക്കാൻ കഴിയില്ല. മേലിൽ ഇത്തരം വൈകാരിക പ്രകടനങ്ങൾ ആവർത്തിക്കില്ല എന്ന ജീവനക്കാരുടെയും സംഘടനകളുടെയും ഉറപ്പിന്മേലാണ് ഇപ്പോൾ ശിക്ഷാനടപടി പിൻവലിക്കാൻ തീരുമാനിച്ചത്.

    Also Read:-ജോലി ഒഴിവാക്കി ഓണാഘോഷം സമ്മതിച്ചില്ല; ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് ജീവനക്കാരുടെ പ്രതിഷേധം

    മേയർ ആര്യരാജേന്ദ്രനും സിപിഐഎം ജില്ലാ നേതൃത്വവും നടത്തിയ ചർച്ചയിലാണ് ധാരണയിലെത്തിയത്. തൊഴിലാളികൾക്കെതിരെ നടപടിപടിയെടുത്തത് അന്വേഷണത്തിൻറെ ഭാഗം മാത്രമായിരുന്നെന്ന് മേയർ പ്രതികരിച്ചു.

    തൊഴിലാളികളുടെ വിശദീകരണം കേൾക്കാതെയുള്ള നടപടിക്കെതിരെ ഇടത്കേന്ദ്രങ്ങളിൽ നിന്നടക്കം വിമർശനങ്ങൾ ഉയർന്നിരുന്നു. പ്രതിഷേധിച്ചവരെ പിരിച്ചുവിടുന്നത് പാർട്ടി നയമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പ്രതികരിച്ചതിന് പിന്നാലെയാണ് വിഷയത്തിൽ നഗരസഭ തീരുമാനം തിരുത്തിയത്..

    Also Read:-തിരുവനന്തപുരം മേയർ ഇടപെട്ടു; ഓണസദ്യ മാലിന്യത്തിൽ വലിച്ചെറിഞ്ഞ ജീവനക്കാർക്ക് എതിരെ കർശന നടപടി

    ഓണാഘോഷം മുടക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചുവെന്നാരോപിച്ചാണ് കഴിഞ്ഞ ശനിയാഴ്ച്ച ചാല സർക്കിളിൽ തൊഴിലാളികൾ ഭക്ഷണം മാലിന്യത്തിലിട്ട് പ്രതിഷേധിച്ചത്. സംഭവത്തില്‍ 7 സ്ഥിരം തൊഴിലാളികളെ സസ്പെൻഡ് ചെയ്യുകയും 4 താത്കാലികക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
    Published by:Arun krishna
    First published: