തിരുവനന്തപുരം: പീഡനക്കേസിൽ അറസ്റ്റിലായ പൂഞ്ഞാർ മുൻ എംഎൽഎ പി.സി ജോർജിന് ജാമ്യം ലഭിച്ചു. അറസ്റ്റിലായി മണിക്കൂറുകൾക്കകമാണ് പി.സി ജോർജിന് ജാമ്യം ലഭിച്ചത്. കർശന ഉപാധികളോടെയാണ് പി. സി ജോർജിന് ജാമ്യം ലഭിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സോളാർ പീഡനക്കേസിലെ പരാതിക്കാരി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പി സി ജോർജിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പി. സി ജോർജിന് ജാമ്യം നൽകിയത്.
ശക്തമായ വാദപ്രതിവാദത്തിനൊടുവിലാണ് പി.സി ജോർജിന് ജാമ്യം ലഭിച്ചത്. ഫെബ്രുവരി പത്തിന് നടന്നതെന്ന് പറയുന്ന സംഭവം ഇപ്പോൾ ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് പി സി ജോർജിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ശക്തമായ വകുപ്പുകളാണ് കേസിൽ ചുമത്തിയിട്ടുള്ളതെന്നും ജാമ്യം നൽകരുതെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി തള്ളുകയായിരുന്നു.
'മുറിയിൽ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു'; പി.സി ജോർജിനെതിരായ എഫ്ഐആർ പുറത്ത്
തിരുവനന്തപുരം: പി.സി ജോർജിനെതിരായ ലൈംഗിക പീഡന കേസിലെ എഫ്ഐആറും പരാതിയുടെ വിശദാംശങ്ങളും പുറത്ത്. സർക്കാർ ഗസ്റ്റ് ഹൗസിലെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിക്കാരി മൊഴി നൽകിയിരിക്കുന്നത്. തൈക്കാട് ഗസ്റ്റ് ഹൗസിൽ വെച്ചാണ് സംഭവം. ഫെബ്രുവരി പത്തിന് പി.സി ജോർജ് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതി, മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിയാണ് യുവതി നൽകിയത്.
പി.സി ജോർജ് പ്രതിയായ സ്വർണക്കടത്ത് ഗൂഢാലോചന കേസിലെ സാക്ഷിയായ പരാതിക്കാരി, കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. ഈ മൊഴിയിലാണ് പി.സി ജോർജ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന വിവരമുള്ളത്. തുടർന്ന് യുവതിയുടെ മൊഴിയെടുത്ത ഉദ്യോഗസ്ഥർ നേരിട്ടെത്തി പരാതി നൽകാൻ നിർദേശിക്കുകയായിരുന്നു.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയെക്കുറിച്ച് അറിയാൻ വേണ്ടി പി.സി ജോർജ് തന്നെ ഫോണിൽ വിളിച്ചു. സ്വപ്നയെക്കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോൾ, ഫോണിൽ പറയേണ്ടെന്നും നേരിട്ട് സംസാരിക്കാമെന്നും പി.സി ജോർജ് പറഞ്ഞു. തൈയ്ക്കാട് ഗസ്റ്റ് ഹൗസിലെ 404-ാം നമ്പർ മുറിയിൽ താൻ ഉണ്ടെന്നും, അവിടേക്ക് വരാനും പി.സി ജോർജ് നിർദേശിച്ചു. ഓട്ടോറിക്ഷയിൽ മകനൊപ്പമാണ് യുവതി ഗസ്റ്റ് ഹൗസിൽ എത്തിയത്. മുറിയിൽ എത്തിയപ്പോൾ മകനോട് പുറത്ത് ഗൺമാനോടൊപ്പം ഇരിക്കാൻ പി. സി ജോർജ് ആവശ്യപ്പെട്ടു. ഈ സമയം മുറിയിൽ ഉണ്ടായിരുന്ന തൊടുപുഴ സ്വദേശി അനിലിനെ തനിക്ക് പരിചയപ്പെടുത്തിയതായും യുവതി പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
അൽപ്പസമയത്തിനകം അനിൽ പുറത്തേക്കുപോകുകയും അതിനുശേഷം പി.സി ജോർജ് മുറി അകത്തുനിന്ന് അടയ്ക്കുകയും ചെയ്തു. തുടർന്ന് അശ്ലീലച്ചുവയോട് സംസാരിക്കുകയും ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഒഴിഞ്ഞുമാറിയ തന്നെ ശരീരത്തിൽ കടന്നുപിടിക്കുകയും ചുംബിക്കാൻ ശ്രമിച്ചതായും യുവതി പരാതിയിൽ ആരോപിക്കുന്നുണ്ട്. കൂടാതെ തനിക്ക് ഫോണിൽ അശ്ലീല സന്ദേശങ്ങൾ അയക്കാറുണ്ടെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസ് പി.സി ജോർജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Pc george