HOME /NEWS /Kerala / Government employees | സർക്കാർ ഉദ്യോഗസ്ഥർ ജോലിക്കെത്തണം : മതിയായ സുരക്ഷ ഉറപ്പാക്കാൻ കളക്ടറുടെ നിർദേശം

Government employees | സർക്കാർ ഉദ്യോഗസ്ഥർ ജോലിക്കെത്തണം : മതിയായ സുരക്ഷ ഉറപ്പാക്കാൻ കളക്ടറുടെ നിർദേശം

trade union strike

trade union strike

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിർദേശം

 • Share this:

  സർക്കാർ ജീവനക്കാർ പണിമുടക്കിൽ (trade union strike) പങ്കെടുക്കുന്നത് തടയാനും അവരുടെ ഹാജർ ഉറപ്പുവരുത്താനും ഗതാഗത സൗകര്യങ്ങൾ ഒരുക്കാനും വേണ്ട നടപടികൾ സ്വീകരിക്കാൻ തിരുവനന്തപുരം ജില്ലാ കളക്ടർ നിർദേശം നൽകി.

  സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാർക്ക് മതിയായ സുരക്ഷ ഏർപ്പെടുത്തണം. പൊതുജനങ്ങൾക്ക് സർക്കാർ ഓഫീസുകളിലേക്കും സ്ഥാപനങ്ങളിലേക്കും തടസ്സമില്ലാതെ പ്രവേശനം സാധ്യമാക്കാനും ഓഫീസുകൾക്ക് മുന്നിൽ അനാവശ്യമായ ജനക്കൂട്ടം ഒഴിവാക്കാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നു തിരുവനന്തപുരം ആർ.ടി.ഒ, ഡി.റ്റി.ഒ. (കെ.എസ്.ആർ.ടി.സി), വിവിധ വകുപ്പുകളുടെ ജില്ലാ മേധവികൾ എന്നിവർക്ക് കളക്ടർ നിർദേശം നൽകി.

  അതേസമയം ഹൈക്കോടതി നിര്‍ദേശ പ്രകാരം ഡയസ് നോണ്‍ ബാധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് ജോലിയ്ക്ക് ഹാജരാകണം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ലീവ് എടുക്കരുതെന്നും ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ഡയസ്നോണ്‍ ബാധകമായിരിക്കുമെന്നും ഉത്തരവിലുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് വിലക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

  ദേശീയ പണിമുടക്ക് രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോള്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാനാണ് വിവിധ വ്യാപാര സംഘടനകളുടെ തീരുമാനം. സംസ്ഥാനത്തെ പണിമുടക്കിന്റെ ആദ്യദിനം ഹര്‍ത്താല്‍ പ്രതീതിയിലായിരുന്നു. തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും.

  രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ട ശേഷം പൊതുഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചിരുന്നു. സമരാനുകൂലികള്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ തടയുകയും ചെയ്തു. ഹോട്ടലുകളടക്കം വ്യാപാര സ്ഥാനങ്ങളെല്ലാം അടഞ്ഞു കിടന്നു.

  കേന്ദ്ര സർക്കാരിന്റെ വിവിധ നയങ്ങൾക്കെതിരെ ആയിരക്കണക്കിന് തൊഴിലാളികൾ രാജ്യവ്യാപകമായി നടത്തുന്ന രണ്ട് ദിവസത്തെ പണിമുടക്കിന്റെ ആദ്യ ദിവസം കേരളത്തിൽ സാധാരണ ജനജീവിതം താറുമാറായി. ഇടതുപക്ഷ പിന്തുണയുള്ള തൊഴിലാളി യൂണിയനുകൾ ശക്തമായ കേരളത്തിലും പശ്ചിമ ബംഗാളിലും ബാങ്കിംഗ്, പൊതുഗതാഗത സേവനങ്ങൾ എന്നിവയുടെ പ്രവർത്തനം നിലച്ചു. സംസ്ഥാനത്ത് ചന്തകൾ, കടകൾ, വഴിയോര കച്ചവടക്കാർ പോലും പുറത്തിറങ്ങരുതെന്നും കടകൾ തുറക്കരുതെന്നും പ്രതിഷേധ സംഘാടകർ മുന്നറിയിപ്പ് നൽകി. റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്നവരും ലക്ഷ്യസ്ഥാനത്ത് എത്താൻ ഏറെ ബുദ്ധിമുട്ടി.

  പശ്ചിമ ബംഗാളിൽ, രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിനെ അനുകൂലിക്കുന്നവർ തിങ്കളാഴ്ച വിവിധ സ്ഥലങ്ങളിൽ റെയിൽ, റോഡ് ഉപരോധം നടത്തി. ജാദവ്പൂർ, ഡം ഡം, ബരാസത്ത്, ശ്യാംനഗർ, ബെൽഗാരിയ, ജോയ്നഗർ, ദോംജൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഇടതു പ്രവർത്തകർ റെയിൽവേ ട്രാക്കുകൾ തടഞ്ഞ് പ്രതിഷേധിക്കുന്നത് കാണാമായിരുന്നു. റെയിൽ ഗതാഗതം പുനഃരാരംഭിക്കുന്നതിനായി പോലീസ് പിന്നീട് ഉപരോധം നീക്കി.

  ലേബർ കോഡുകൾ നീക്കം ചെയ്യുക, യാതൊരു തരത്തിലെയും സ്വകാര്യവത്ക്കരണം പ്രോത്സാഹിപ്പിക്കാതിരിക്കുക, നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ (എൻഎംപി) പിൻവലിക്കുക, എംഎൻആർഇജിഎ പ്രകാരമുള്ള വേതന വിഹിതം വർധിപ്പിക്കുക, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയവയാണ് ട്രേഡ് യൂണിയനുകളുടെ ആവശ്യങ്ങൾ.

  First published:

  Tags: Trade union strike, Trade union strike kerala