തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് ടിക്കറ്റ് ബുക്കിങ് തിരക്കിൽ രാജ്യത്ത് ഒന്നാമത് എന്ന് കണക്കുകൾ. ഇതോടെ രാജ്യത്തെ ഏറ്റവും തിരക്കേറിയ വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരം–കാസർകോട് റൂട്ടിലോടുന്നെതെന്ന് വ്യക്തമായി. കേരളത്തിലോടുന്ന വന്ദേഭാരതിന്റെ ഒക്യുപൻസി റേറ്റ് 215 ശതമാനമാണ്.അതായത്, ട്രെയിനിന് ഉൾക്കൊള്ളാൻ സാധിക്കുന്നതിന്റെ ഇരട്ടിയിലധികം പേർ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നു. കാസർകോട്ടു നിന്നു തിരുവനന്തപുരത്തേക്ക് 203 ശതമാനമാണ് ഒക്യുപൻസി റേറ്റ്. 150നു മുകളില്‍ ഒക്യുപൻസി റേറ്റോടെ കോയമ്പത്തൂർ – ചെന്നൈ വന്ദേഭാരതും സെക്കന്ദരാബാദ് – തിരുപ്പതി വന്ദേഭാരത് എക്സ്പ്രസും തൊട്ടു പിന്നിലുണ്ട്.
കേരളത്തില്‍ ആവശ്യത്തിനു യാത്രക്കാരില്ലെങ്കിൽ കോച്ചുകളുടെ എണ്ണം പതിനാറിൽ നിന്ന് പകുതിയായി കുറയ്ക്കാനുളള തയാറെടുപ്പോടെയാണു ആരംഭിച്ചതെങ്കിലും അതിന്റെ ആവശ്യമില്ലെന്നാണ് കിട്ടുന്ന സൂചന. തുടക്കത്തിലുള്ള കൗതുകം കുറഞ്ഞാലും 100% ബുക്കിങ് ലഭിക്കുമെന്നാണു കണക്കുകൂട്ടൽ. അതേസമയം, രാജ്യത്തെ മറ്റു പല വന്ദേഭാരത് ട്രെയിനുകളുടെയും അവസ്ഥ മോശമാണ്. ബിലാസ്പുർ – നാഗ്പുർ റൂട്ടിൽ 52 ശതമാനവും അജ്മീർ – ഡൽഹി റൂട്ടിൽ 48 ശതമാനവും യാത്രക്കാർ മാത്രമാണുള്ളത്. ഇത് റെയിൽവേക്കു കനത്ത നഷ്ടമുണ്ടാക്കുന്നതിനാൽ കോച്ചുകളുടെ എണ്ണം പതിനാറിൽ നിന്ന് എട്ടായി കുറയ്ക്കാൻ നിർദേശമുണ്ട്.
തിരഞ്ഞെടുപ്പിനു മുമ്പായി രാജസ്ഥാന് ഉടൻ നാലു വന്ദേഭാരത് എക്സ്പ്രസുകൾ അനുവദിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഇവയുടെ റൂട്ടുകൾ പരിഗണിച്ചു വരുന്നതേയുള്ളൂ. രാജ്യത്തിപ്പോൾ 15 വന്ദേഭാരത് ട്രെയിനുകളാണു സർവീസ് നടത്തുന്നത്. ഇവയിൽ നഷ്ടത്തിലോടുന്നവയുടെ റൂട്ട് പുനഃക്രമീകരിക്കാനും സമയം മാറ്റാനും റെയിൽവേ തുടക്കം കുറിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Vande Bharat Express