• HOME
  • »
  • NEWS
  • »
  • kerala
  • »
  • ക്രമക്കേടുകൾ തടയാൻ സഹകരണ നിയമത്തിൽ സമൂല അഴിച്ചുപണിക്ക് സർക്കാർ

ക്രമക്കേടുകൾ തടയാൻ സഹകരണ നിയമത്തിൽ സമൂല അഴിച്ചുപണിക്ക് സർക്കാർ

നിലവിലെ ഓഡിറ്റ് സംവിധാനം പൂര്‍ണ്ണ സ്വതന്ത്ര സംവിധാനമായി ശക്തിപ്പെടുത്തുകയാണ് ഇതിലെ പ്രധാന തീരുമാനം

  • Last Updated :
  • Share this:
തിരുവനന്തപുരം: സഹകരണ മേഖലയിലെ ക്രമക്കേടുകള്‍ തടയാന്‍ നടപടികള്‍ ശക്തിപ്പെടുത്തി സഹകരണവകുപ്പ്. കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

നിലവിലെ ഓഡിറ്റ് സംവിധാനം പൂര്‍ണ്ണ സ്വതന്ത്ര സംവിധാനമായി ശക്തിപ്പെടുത്തുകയാണ് ഇതിലെ പ്രധാന തീരുമാനം. ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ടന്റ് സര്‍വീസില്‍നിന്ന് ഡെപ്യൂട്ടി അക്കൗണ്ട് ജനറല്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ ഓഡിറ്റ് ഡയറക്ടറായി നിയമിക്കും ഡെപ്യൂട്ടേഷനില്‍ ആകും നിയമനം. സഹകരണ സംഘത്തിന്റെ പ്രവര്‍ത്തന വ്യക്തിക്ക് അനുസരിച്ച് ടീം ഓഡിറ്റ് നടപ്പാക്കാനും തീരുമാനമുണ്ട്. ഇതിലൂടെ സുതാര്യതയും നിഷ്പക്ഷതയും ഉറപ്പുവരുത്താന്‍ ആകുമെന്നാണ് വിലയിരുത്തല്‍ ടീം ഓഡിറ്റ് ഏര്‍പ്പെടുത്താന്‍ ആയി നിയമഭേദഗതിക്ക് തീരുമാനമുണ്ട്. 250 കോടിക്കു മുകളില്‍ പ്രവര്‍ത്തന മൂലധനമോ ബിസിനസോ ഉള്ള സഹകരണ സ്ഥാപനങ്ങളെ ഒരു ഗ്രൂപ്പാക്കി മൂന്ന് ഓഡിറ്റര്‍മാരുടെ ടീം രൂപീകരിച്ച് ഓരോ ബാങ്കിന്റേയും കണക്കുകള്‍ പരിശോധിക്കാന്‍ ചുമതല നല്‍കും. അതിന്റേ മേല്‍നോട്ടം ജില്ലാതല ജോയിന്റ് ഡയറക്ടര്‍ക്കോ അസിസ്റ്റന്റ് ഡയറക്ടര്‍ക്കോ നല്‍കും.

കരുവന്നൂര്‍ സഹകരണ ബാങ്ക് വിഷയത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും കര്‍ശന നടപടിയുണ്ടാകുമെന്ന് സഹകരണമന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്കും ഇടപാടുകാര്‍ക്കുമുണ്ടായ ആശങ്കയും അരക്ഷിതാവസ്ഥയും പരിഹരിക്കാന്‍ നിക്ഷേപങ്ങളുടെ സുരക്ഷയും തിരികെ നല്‍കലും ഉറപ്പാക്കും. ഇതിനായി പുനരുദ്ധാരണ പാക്കേജ് മൂന്നാഴ്ചയ്ക്കകം തയാറാക്കി സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സാമ്പത്തിക ക്രമക്കേടുകള്‍, പണാപഹരണം,വായ്പാ തട്ടിപ്പ, സ്വര്‍ണ തട്ടിപ്പ് എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും. കുറ്റക്കാരുടെ സ്ഥാപര ജംഗമ വസ്തുക്കള്‍ മരവിപ്പിക്കാനും ശുപാര്‍ശയുണ്ട് ഇതിനായി സഹകരണ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സഹകരണ നിയമ പരിഷ്‌കരണ സമിതിയോട് ആവശ്യപ്പെടാനും സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ടുമാസത്തിനുള്ളില്‍ ഈ നിയമ ഭേദഗതിയുടെ കരട് തയാറാക്കാനാണ് നിര്‍ദ്ദേശം. സംസ്ഥാനത്തെ മുഴുവന്‍ സഹകരണ സ്ഥാപനങ്ങളിലും അടിയന്തിരമായി പരിശോധന നടത്തി ക്രമക്കേടുകള്‍ ബോധ്യപ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സഹകരണ രജിസ്ട്രാറെ മന്ത്രി ചുമതലപ്പെടുത്തി.

ക്രിമിനല്‍ സ്വഭാവമുള്ള സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ലോക്കല്‍ പൊലീസിനെയോ മറ്റ് ഏജന്‍സികളേയോ അറിയിക്കും. ഇതിനായി സഹകരണസംഘം നിയമത്തിലെ 65,66 വകുപ്പുകള്‍ ഭേദഗതി ചെയ്യാനാണ് തീരുമാനം. സഹകരണ വിജിലന്‍സ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. സഹകരണ വിജിലന്‍സിന് സഹകരണ സംഘങ്ങളില്‍ നേരിട്ട് പരിശോധന നടത്തുന്നതിനും അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ക്രിമിനല്‍ നടപടി പ്രകാരം കേസ് രജിസറ്റല്‍ ചെയ്ത് തുടര്‍ നീക്കങ്ങള്‍ക്കും നിയമാധികാരം നല്‍കും. ഇതിനായി  സഹകരണ നിയമത്തിലും സിആര്‍പിസിയിലും ആവശ്യമായ ഭേദഗതികള്‍ വരുത്തും. ക്രമക്കേടുകളില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ബോധപൂര്‍വമായ വീഴ്ചയുണ്ടായെന്നു ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രാഥമിക സംഘങ്ങള്‍ക്ക് ഇന്റഗ്രേറ്റഡ് സോഫ്റ്റ്വെയര്‍ തയാറാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കും. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. സോഫ്റ്റ്വെയറിലും അതുപയോഗപ്പെടുത്തിയുള്ള ഓഡിറ്റിലും സഹകരണ വകുപ്പിലെ സ്ഥിരം ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനുള്ള നടപടികള്‍ക്കും ഉടന്‍ തുടക്കമാകും. 1982ലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചാണ് സഹകരണ സംഘങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.
സഹകരണ സംഘങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതിനനുസരിച്ച് ജീവനക്കാരുടെ എണ്ണം കൂടിയിട്ടില്ല. അതിനാല്‍ കാലോചിതമായി വകുപ്പിനെ പുന:സംഘടിപ്പിക്കും.

സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനുള്ള മാനദണ്ഡത്തിലും പരിഷ്‌കരണം ഉണ്ടാകും. ജോലി ക്രമീകരണ വ്യവസ്ഥ റദ്ദാക്കി ഉദ്യോഗസ്ഥരെ അടിയന്തിരമായി ജില്ലകളിലേക്ക് തിരിച്ചയയ്ക്കാനാണ് തീരുമാനം. സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് ജോലി സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങള്‍ തയാറാക്കും. ഒരു തസ്തികയില്‍ ദീര്‍ഘകാലം ജോലി ചെയ്യുന്നത് നിയന്ത്രിക്കാനും ആലോചനയുണ്ട്.
Published by:Naveen
First published: