• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇവിടെ സമരം ചെയ്ത ബിജെപിക്കാർ അടി വാങ്ങുന്നു; അവിടെ ബിജെപി സർക്കാരിന്റെ പോസ്റ്ററിൽ മേയർ ആര്യാ രാജേന്ദ്രൻ

ഇവിടെ സമരം ചെയ്ത ബിജെപിക്കാർ അടി വാങ്ങുന്നു; അവിടെ ബിജെപി സർക്കാരിന്റെ പോസ്റ്ററിൽ മേയർ ആര്യാ രാജേന്ദ്രൻ

ഗുജറാത്തിലെ ബിജെപി സർക്കാരിന്റെ പോസ്റ്ററിൽ മുഷ്ടി ചുരുട്ടി നിൽക്കുന്ന മേയർ ആര്യാ രാജേന്ദ്രന്റെ ചിത്രമാണ് വലിയ തോതിൽ പ്രചരിക്കുന്നത്. രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ എന്ന പദ്ധതിയുടേതാണ് പോസ്റ്റർ

  • Share this:
    തിരുവനന്തപുരം: ഏതാനും ദിവസങ്ങൾക്ക് മുൻപുവരെ തിരുവനന്തപുരം കോർപറേഷനില്‍ സിപിഎമ്മും ബിജെപിയും തമ്മിൽ ശക്തമായ വാദപ്രതിവാദങ്ങളാണ് നടന്നത്. ഇടയ്ക്ക് ഇത് കൈയാങ്കളിയിലേക്കും നീങ്ങിയിരുന്നു. നിയമന ശുപാർശ കത്തുവിവാദത്തിന്റെ പേരിലാണ് മേയർ ആര്യാ രാജേന്ദ്രനെതിരെ ബിജെപി അംഗങ്ങൾ ശക്തമായ പ്രതിഷേധമുയർത്തിയത്. എന്നാൽ ഇപ്പോൾ, സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്.

    ഗുജറാത്തിലെ ബിജെപി സർക്കാരിന്റെ പോസ്റ്ററിൽ മുഷ്ടി ചുരുട്ടി നിൽക്കുന്ന മേയർ ആര്യാ രാജേന്ദ്രന്റെ ചിത്രമാണ് വലിയ തോതിൽ പ്രചരിക്കുന്നത്. രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ എന്ന പദ്ധതിയുടേതാണ് പോസ്റ്റർ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കുള്ള പരിശീലന പരിപാടിയാണിത്. സാമൂഹികമായി സുരക്ഷിതമായ ഗ്രാമം, സ്വയംപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളുള്ള ഗ്രാമം, വൃത്തിയുള്ളതും ഹരിതാഭ നിറഞ്ഞതുമായ ഗ്രാമം, ഗ്രാമത്തിൽ ആവശ്യത്തിന് വെള്ളം തുടങ്ങിയ കാര്യങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

    മേയര്‍ മാത്രമല്ല ചിത്രത്തിലുള്ളത്, അന്നത്തെ തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്നു ഡോ. നവജോത് ഖോസെയുമുണ്ട്. മേയറായി തിരഞ്ഞെടുത്തതിന് ശേഷം എടുത്ത ചിത്രമാണ് പോസ്റ്ററില്‍ കൊടുത്തിരിക്കുന്നത്. പോസ്റ്ററിന്റെ തലപ്പത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റേയും ചിത്രങ്ങളുണ്ട്. എന്നാല്‍ പോസ്റ്റര്‍ ഗുജറാത്തില്‍ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. റീന അജിത്ത് എന്ന ട്വിറ്റർ ഉപയോക്താവാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആധികാരികത സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല.

    മേയര്‍ പദവിയിലെത്തിയതു മുതല്‍ രാജ്യാന്തര ശ്രദ്ധ നേടിയ വ്യക്തിയാണ് ആര്യ രാജേന്ദ്രന്‍. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന നിലയിലായിരുന്നു ഇത്. മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭയിലെ പ്രധാന പ്രതിപക്ഷമായ ബിജെപിയുടെ പ്രതിഷേധങ്ങള്‍ ഇപ്പോഴും തണുത്തിട്ടില്ല. കേരളത്തിലെ നേതാക്കള്‍ തലങ്ങും വിലങ്ങും വിമര്‍ശിക്കുമ്പോള്‍ അങ്ങ് ഗുജറാത്തില്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത്, സര്‍ക്കാരിന്റെ പോസ്റ്ററില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ആര്യയുടെ ചിത്രം വന്നത് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ആഘോഷമാക്കുകയാണ്.

    Published by:Rajesh V
    First published: