നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മൃതദേഹം വിട്ടുകൊടുക്കാൻ വൈകിയെന്ന ആരോപണം വസ്തുതാവിരുദ്ധം; വിശദീകരണവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ

  മൃതദേഹം വിട്ടുകൊടുക്കാൻ വൈകിയെന്ന ആരോപണം വസ്തുതാവിരുദ്ധം; വിശദീകരണവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ

  സെപ്തംബർ 25ന് രണ്ടാം വാർഡിൽ അഡ്മിറ്റ് ചെയ്ത ദേവരാജനെ കോവിഡ് പോസിറ്റീവായതിനാൽ സർജിക്കൽ ഐ സി യു വിലേയ്ക്കു മാറ്റി. ഒക്ടോബർ രണ്ടാം തീയതി മരിച്ചു

  dead body

  dead body

  • Share this:
   തിരുവനന്തപുരം: കോവിഡ് ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം വിട്ടുകൊടുക്കാൻ വൈകിയെന്ന ആരോപണം വസ്തുതാവിരുദ്ധമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ. ഒക്ടോബർ രണ്ടിന് മരിച്ച പത്തനാപുരം സ്വദേശി ദേവരാജന്‍റെ (63) മൃതദേഹം 19 ദിവസം കഴിഞ്ഞിട്ടും  വിട്ടുകൊടുത്തില്ലെന്ന മാധ്യമ വാർത്തകളാണ് വസ്തുതാവിരുദ്ധമാണെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു.

   സെപ്തംബർ 25ന് രണ്ടാം വാർഡിൽ അഡ്മിറ്റ് ചെയ്ത ദേവരാജനെ കോവിഡ് പോസിറ്റീവായതിനാൽ സർജിക്കൽ ഐ സി യു വിലേയ്ക്കു മാറ്റി. ഒക്ടോബർ രണ്ടാം തീയതി മരിച്ചു. തുടർന്ന് മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി. മൂന്നാം തീയതി തന്നെ പത്തനാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്കും കൊല്ലം ഡി എം ഒ യ്ക്കും കോവിഡ് മാനദണ്ഡപ്രകാരം മൃതദേഹം സംസ്കരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചുള്ള ഇ മെയിൽ സന്ദേശം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് നൽകിയിരുന്നു.

   ദേവരാജന്‍റെ മരണവിവരം യഥാസമയം ആശുപത്രിയിൽ അഡ്മിറ്റായ സമയം നൽകിയിരുന്ന ഫോൺ നമ്പരിൽ വിളിച്ച് അറിയിച്ചെങ്കിലും ഇത് നമ്മുടെ  ബന്ധുവല്ല എന്ന മറുപടിയാണ് ആശുപത്രി അധികൃതർക്ക്  ലഭിച്ചത്. തുടർന്ന് പത്തനാപുരം പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടു. വിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്ന് പൊലീസിൽ നിന്നും മറുപടിയും ലഭിച്ചിരുന്നു. ദേവരാജന്‍റെ മരണ വിവരം അറിഞ്ഞ് വിദേശത്തുള്ള മകൾ മഞ്ജുഷ നാട്ടിലെത്തിയ ശേഷം ഒക്ടോബർ 15 വരെ ക്വാറന്‍റൈനിലായിരുന്നു.

   അമ്മ കോവിന്ധ് പൊസിറ്റീവായി ക്വാറന്‍റൈനിൽ ആവുകയും ചെയ്തു. മറ്റു ബന്ധുക്കളോട് അച്ഛന്‍റെ മൃതദേഹം അടക്കം ചെയ്യുന്നതു സംബന്ധിച്ച് സംസാരിച്ചപ്പോൾ കോവിഡ് പൊസിറ്റീവായതിനാൽ മൃതദേഹം വിട്ടുകിട്ടില്ലെന്നും കൊല്ലത്തു കൊണ്ടുപോയി  സംസ്കരിക്കുമെന്ന മറുപടിയും ലഭിച്ചു. അതു കാരണമാണ് മൃതശരീരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണെന്ന വിവരം അറിയാതെ പോയതെന്ന് മകൾ ആശുപത്രി അധികൃതർക്ക് നൽകിയ കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.  മൃതദേഹം പ്രോട്ടോകോൾ പ്രകാരം ഏറ്റുവാങ്ങാൻ പഞ്ചായത്തിൽ നിന്നും ആരും എത്തിയിരുന്നില്ല.

   ദിവസേനയുള്ള മോർച്ചറി റിപ്പോർട്ടിൽ ദേവരാജന്‍റെ മൃതദേഹവുമായി ബന്ധപ്പെട്ട വിവരം  രേഖപ്പെടുത്തുകയും  മേൽ നടപടികൾക്കായി പൊലിസിനു കൈമാറുകയും പത്തനാപുരം പഞ്ചായത്ത് സെക്രട്ടറിയുമായി സെക്യൂരിറ്റി ഓഫീസിൽ നിന്നും  ബന്ധപ്പെടുകയും ചെയ്യാറുണ്ടായിരുന്നു.

   നിരന്തരം ബന്ധപ്പെട്ടിട്ടും ആരും എത്താത്തതിനാൽ പത്തനാപുരം പൊലീസിൽ വിവരം അറിയിച്ചു. 20-ാം തീയതിയാണ് പത്തനാപുരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മൃതദേഹം തിരുവനന്തപുരം കോർപറേഷൻ ശ്മശാനത്തിൽ സംസ്കരിക്കണമെന്ന കത്തു നൽകിയത്. ഈ കത്തിനോടൊപ്പം മൃതദേഹം മറവു ചെയ്യാൻ വീട്ടിൽ സ്ഥലമില്ലെന്നും അതിനാൽ സർക്കാർ ചെലവിൽ മറവു ചെയ്യണമെന്ന് പഞ്ചായത്ത് അധികൃതർക്ക്  ദേവരാജന്‍റെ ഭാര്യ പുഷ്പ നൽകിയ അപേക്ഷയും ചേർത്തിട്ടുണ്ട്.

   തുടർന്ന് 21 ന്  മഞ്ജുഷ ആശുപത്രിയിലെത്തി മൃതദേഹം സംസ്കരിക്കുന്നതിനുള്ള സൗകര്യം വീട്ടിലില്ലായെന്നും നാട്ടുകാർ അനുവദിക്കില്ലായെന്നും വിശദീകരിച്ച് ദേവരാജന്‍റെ മകളും കത്തു നൽകി.

   നിയമപരമായി ലഭിക്കേണ്ട പ്രസ്തുത കത്തുകളില്ലാതെ മൃതദേഹം സംസ്കരിക്കാൻ സാധിക്കില്ലെന്ന വസ്തുത നിലനിൽക്കെ മൃതദേഹം വിട്ടു നൽകാൻ വൈകിയെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
   Published by:Anuraj GR
   First published: