തിരുവനന്തപുരം: തിരുവനന്തപുരം ഹീര ഫ്ലാറ്റിലെ സദാചാര വിലക്കിന് കോടതി സ്റ്റേ. തിരുവനന്തപുരം മുൻസിഫ് കോടതിയാണ് ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷന്റെ വിവാദ വിലക്ക് സ്റ്റേ ചെയ്തത്. ബാച്ചിലർ എന്ന പേരിൽ താമസക്കാരെ ഇറക്കി വിടരുതെന്നും ലിഫ്റ്റ് ഓഫ് ചെയ്യുന്ന നടപടി നിർത്തണമെന്നും കോടതി ഉത്തരവിൽ പറഞ്ഞു.
പരാതിക്കാരുടെ പ്രാഥമിക ആവശ്യങ്ങൾ തടയരുതെന്നും കോടതി നിർദേശിച്ചു. തിരുവനന്തപുരം പട്ടത്തെ ഹീര ട്വിന്‍സ് ഓണേഴ്സ് അസോസിയേഷനാണ് ഫ്ലാറ്റില്‍ വിവാദ നോട്ടീസ് പതിപ്പിച്ചിരുന്നത്. അവിവാഹിതര്‍ രണ്ടുമാസത്തിനുള്ളിൽ ഒഴിയണം, എതിര്‍ലിംഗക്കാരെ ഫ്ലാറ്റില്‍ പ്രവേശിപ്പിക്കരുത് തുടങ്ങിയ വിവാദ നിര്‍ദേശങ്ങളുമായായിരുന്നു ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷന്റെ നോട്ടീസ് പതിച്ചിരുന്നത്.
24 ഫ്ലാറ്റുകളാണ് ഇവിടെയുള്ളത്. അതില്‍ ആറ് ഇടത്ത് മാത്രമാണ് അവിവാഹിതരായ വാടകക്കാര്‍ താമസിക്കുന്നത്. ഇവര്‍ സിവിൽ സർവീസ് പരിക്ഷയ്ക്കും മറ്റുമായി പരിശീലനത്തിന് എത്തിയവരാണ്. ഇവരെ ഇവിടെ നിന്ന് ഒഴിപ്പിക്കുക ലക്ഷ്യമിട്ടാണ് ഇത്തരമൊരു നോട്ടീസ് പതിച്ചതെന്നാണ് വാടകയ്ക്ക് താമസിക്കുന്നവര്‍ ആരോപിച്ചിരുന്നു.
വാടകക്കാര്‍ മാതാപിതാക്കളുടെ ഫോണ്‍ നമ്പറും ആധാറും ഫോണ്‍ നമ്പറും നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഈ ഫ്ലാറ്റ് കുടുംബങ്ങള്‍ക്ക് മാത്രം താമസിക്കാന്‍ വേണ്ടിയുള്ളതാണ്. അല്ലാത്ത താമസക്കാര്‍ രണ്ടുമാസത്തിനുള്ളില്‍ ഒഴിയണമെന്നും സര്‍ക്കുലറില്‍ പറയുന്നു. സെക്യൂരിറ്റി ജീവനക്കാരുമായി വഴക്കിട്ടാല്‍ വിവരം പൊലീസിനെയും രക്ഷിതാക്കളെയും അറിയിക്കുമെന്നും ഫ്ലാറ്റിൽ പതിച്ച നോട്ടീസിൽ പറയുന്നുണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.