• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒരുമിച്ചിരുന്ന് മദ്യപിച്ച യുവാക്കള്‍ കിണറ്റില്‍ വീണു; ഒരാള്‍ മരിച്ചു; സംഭവത്തില്‍ ദുരൂഹത

ഒരുമിച്ചിരുന്ന് മദ്യപിച്ച യുവാക്കള്‍ കിണറ്റില്‍ വീണു; ഒരാള്‍ മരിച്ചു; സംഭവത്തില്‍ ദുരൂഹത

രക്ഷപ്പെട്ട രണ്ടുപേരെ ബാലരാമപുരം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    തിരുവനന്തപുരം: ഒരുമിച്ചിരുന്ന് മദ്യപിച്ച മൂന്ന് യുവാക്കള്‍ കിണറ്റില്‍ വീണു. ഒരാള്‍ മരിച്ചു. പൂവാര്‍ അരുമമാനുര്‍കട കോളനിയില്‍ സുരേഷ്(30) ആണ് മരിച്ചത്. കൂടെ കിണറ്റില്‍ വീണ രണ്ടുപേര്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയരുന്നുണ്ട്. മദ്യപിച്ച് കിണറ്റിനരികലിരിക്കുമ്പോള്‍ ആക്രമണത്തിനിടെ കിണറ്റില്‍ വീണതാണെന്നാണ് ആരോപണം.

    രക്ഷപ്പെട്ട രണ്ടുപേരെ ബാലരാമപുരം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാലരാമപുരം ഐത്തിയൂര്‍ തെങ്കറക്കോണത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിലാണ് മൂവരും വീണത്. തെങ്കറക്കോണം സ്വദേശികളായ അരുണ്‍ സിംഗ്, മഹേഷ്, സുരേഷ് എന്നിവരാണ് ഒരുമിച്ചിരുന്ന് മദ്യപിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം നടന്നത്.

    ഒരുമിച്ചിരുന്ന് മദ്യപിച്ചിരിക്കെ കിണറ്റില്‍ വീണതാണെന്നും എന്നാല്‍ ആരോ ആക്രമിച്ചതാണെന്നും പറയപ്പെടുന്നുണ്ട്. കസ്റ്റഡിയിലെടുത്ത രണ്ട് പേരും മദ്യലഹരിയിലായതിനാല്‍ സംഭവത്തിന്റെ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

    അതേസമയം മുഖത്ത് പരിക്കേറ്റ അരുണ്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്ന സ്ഥലം കഞ്ചാവ് സംഘങ്ങളുടെയും സ്ഥിരം മദ്യപാനികളുടെയും കേന്ദ്രമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നെയ്യാറ്റിന്‍കരയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സാണ് കിണറ്റില്‍ നിന്ന് മൃതദേഹം കരയ്‌ക്കെടുത്തത്.

    ഏറെ നേരം ഫോണില്‍ സംസാരിച്ചു; യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് സഹോദരന്‍

    ഏറെ നേരം മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി സഹോദരന്‍. പഴനി സ്വദേശി മുരുഗേശന്റെ മകള്‍ ഗായത്രിയാണ് കൊല്ലപ്പെട്ടത്.

    ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു എന്നു പറഞ്ഞാണ് ഗായത്രിയെ ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് ഗായത്രിയുടെ കഴുത്തിലെ പാടുകള്‍ കണ്ടത്. തുടര്‍ന്ന് സംശയം തോന്നിയ ഡോക്ടര്‍മാര്‍ വിവരം അറിയിക്കുകയായിരുന്നു.

    കൊലപാതകത്തിനു പിന്നില്‍ സഹോദരനായ ബാലമുരുകനാണെന്നു അന്വേഷണത്തില്‍ പൊലീസ് മനസ്സിലാക്കി. ചോദ്യം ചെയ്തപ്പോള്‍ ഗായത്രി ഏറെനേരം ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതു കണ്ടു പ്രകോപിതനായാണ് കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോടു സമ്മതിച്ചു. സംഭവത്തില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കും.
    Published by:Jayesh Krishnan
    First published: